Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആര്‍എസ്എസുകാരനുമായ നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു തൊട്ടരികിലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ(38) പൂലര്‍ച്ചെ മൂന്നരയോടെയാണ് അറസ്റ്റു ചെയ്തത്. വീട് വാടകയ്ക്കു നല്‍കിയ പ്രവാസിയായ വീട്ടുടമ പ്രശാന്തിന്റെ ഭാര്യ പിഎം രേഷ്മ(42) യേയും അറസ്റ്റു ചെയ്തു. അറസ്റ്റിനു പിറകേ സിപിഎം പ്രവര്‍ത്തകര്‍ വീട് അടിച്ചു തകര്‍ത്തു. ബോംബാക്രമണവും നടത്തി. അറസ്റ്റിലായ രേഷ്മ പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ്.


◼️തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ടു മാസത്തോളമായി വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലായിരുന്നു. കാനറ ബാങ്കിലെ ഉദ്യോഗം രാജിവച്ചാണ് തിരക്കഥാകൃത്തായത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം തുടങ്ങിയ നൂറോളം സിനിമകള്‍ക്കു തിരക്കഥയെഴുതി. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് അവസാനത്തേത്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.  


◼️പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ശംഖുവാരതോട് പള്ളി ഇമാം സദ്ദാം ഹുസൈന്‍ ഉള്‍പ്പടെ മൂന്നുപേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഒരു പ്രതിയെ ഒളിപ്പിച്ചതിനാണ് ശംഖുവാരത്തോട് പള്ളി ഇമാമിനെ അറസ്റ്റു ചെയ്തത്.


◼️സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ 27 ന് ആരംഭിക്കും. 2017 - 18 മുതല്‍ 2021 - 22 വരെയുള്ള അധ്യയന വര്‍ഷങ്ങളിലായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 9,34,310 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി പറഞ്ഞു.


◼️പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടക്കും. മാതൃകാ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ ഏഴു വരെയാണ്. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.


◼️കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ അദാലത്ത് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനതല ഉദ്ഘാടനം മേയ് ഒമ്പതിനു പരീക്ഷാ ഭവനില്‍ നടക്കും. എല്ലാ ജില്ലാ ഓഫിസുകളിലും സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലും വകുപ്പിന്റെ കേന്ദ്ര ഓഫിസുകളിലും അദാലത്തുകള്‍ നടത്തും. എയ്ഡഡ് സ്‌കൂളുകളിലെ നിയമന അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമന്വയ സോഫ്‌റ്റ്വെയര്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.


◼️കേരളത്തിനുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. കെ. മുരളീധരന്‍ എംപിയെ അറിയിച്ചതാണിക്കാര്യം. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 200 ഏക്കര്‍ ഭൂമി അടക്കം നാലു സ്ഥലങ്ങള്‍ എയിംസ് സ്ഥാപിക്കുന്നതിന് കേരളം നിര്‍ദ്ദേശിച്ചിട്ടുണ്ട്.


◼️ചോദ്യപ്പേപ്പറുകള്‍ ആവര്‍ത്തിച്ച സൈക്കോളജി, ബോട്ടണി പരീക്ഷകള്‍ വീണ്ടും നടത്തുമെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി. ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അധ്യാപകരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകരെ കണ്ണൂര്‍ സര്‍വ്വകലാശാല കരിമ്പട്ടികയില്‍ പെടുത്തുമെന്നു പരീക്ഷാ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ്.


◼️കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ. സിന്‍ഡിക്കറ്റിനു ശുപാര്‍ശ നല്‍കിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ഡിഗ്രി രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ് ഫോര്‍ അക്കാദമിക്ക് ആന്റ് പ്രൊഫഷണല്‍ സക്സസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചത്.


◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും കെഎസ്ആര്‍ടിസിതന്നെ വരുമാനം കണ്ടെത്തണമെന്നും ആവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ കൂട്ടായ നയമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു. തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയത്.


◼️സാമ്പത്തിക പ്രസിസന്ധിമൂലം ശമ്പളം മുടങ്ങുന്ന കെഎസ്ആര്‍ടിസിയുടെ എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ വിദേശത്തേക്ക്. നെതര്‍ലാന്‍ഡിലേക്കുള്ള യാത്രാചെലവിനുള്ള തുക അനുവദിച്ചു. ബസ് സെമിനാറില്‍ പങ്കെടുക്കാനാണു വിദേശത്തേക്കു പോകുന്നത്.


◼️കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ടു കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയില്‍നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞതോടെ കുഴിയിലേക്കു വീഴുകയായിരുന്നു. രണ്ടു കണങ്കാലുകളും ഒടിഞ്ഞു. തയ്യല്‍ക്കാരിയായ പ്രമീള ജോലിക്കു പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ്.


◼️ബാഗിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച ഇന്ത്യന്‍ യുവതി കുവൈറ്റില്‍ പിടിയില്‍. മുപ്പതുകാരിയുടെ ബാഗിനുള്ളില്‍നിന്ന് എട്ടു കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.


◼️കെ റെയില്‍ കല്ലു പറിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ ഉടന്‍ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സുധാകരനും യൂത്ത് കോണ്‍ഗ്രസ് ചാവേറുകളുമാണ് കല്ലു പറിക്കാന്‍ നടക്കുന്നത്. ഉദ്യോഗസ്ഥരെ കൊല്ലുമെന്നു സുധാകരന്റെ ചാവേറുകള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നിര്‍ത്തിയതെന്നും ജയരാജന്‍ പറഞ്ഞു.


◼️സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നു 15 ചന്ദനമരങ്ങള്‍ മുറിച്ച് കടത്തി. രാമക്കല്‍മേട് സ്വദേശി പല്ലാട്ട് രാഹുല്‍, സഹോദരി രാഹി എന്നിവരുടെ ഒന്നരയേക്കര്‍ ഏലത്തോട്ടത്തില്‍നിന്നാണു മോഷണം പോയത്.


◼️സിപിഎം നേതാവ് ജി. സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എ.വിജയരാഘവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സുധാകരനു പ്രവര്‍ത്തിക്കാനുള്ള ഘടകം പാര്‍ട്ടി നിശ്ചയിച്ചത്.


◼️മൂന്നാറില്‍ കൈയ്യേറ്റ ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി നാല്‍പതു ലക്ഷം രൂപ വഞ്ചിച്ചെന്ന കേസില്‍ നടന്‍ ബാബുരാജിനെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. അടിമാലി പോലീസ് എടുത്ത വഞ്ചന കേസില്‍ ബാബുരാജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


◼️യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറും പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി.


◼️റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗ്ലൂരു പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. വൈറ്റ്ഫീല്‍ഡ് മഹാദേവപുര എസിപിക്കാണ് അന്വേഷണ ചുമതല.


◼️കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ വേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം. പല പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ വിശ്വസിക്കാനാകുമോയെന്ന് മുതിര്‍ന്ന നേതാവ് ദ്വിഗ്വിജയ് സിംഗ് ചോദിച്ചു.


◼️നിതി ആയോഗ് ഉപാധ്യക്ഷനായി സുമന്‍ കെ ബെറിയെ നിയമിച്ചു. ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ രാജിവച്ച ഒഴിവിലാണ് നിയമനം. മേയ് ഒന്നിന് ചുമതലയേറ്റെടുക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാര്‍ രാജി വെച്ചത്. കാരണം വ്യക്തമല്ല.


◼️യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രി സെര്‍ജി ലാവ്റോവുമായും ചര്‍ച്ച നടത്തും. അതേസമയം മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ യുക്രൈന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി. റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്‌ക്വാ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.


◼️കേന്ദ്ര പൊതുമേഖലാ സ്ഥാപനവും ഹെലികോപ്റ്റര്‍ സേവന ദാതാവുമായ പവന്‍ ഹന്‍സ് ലിമിറ്റഡിനെ സ്വകാര്യവത്കരിക്കാന്‍ നീക്കം. കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച തീരുമാനമെടുക്കും. ഏറ്റെടുക്കാന്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ജിന്റല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നാളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമുണ്ടാകും.


◼️തന്നെ നീക്കംചെയ്യാന്‍ വിദേശ ഗൂഢാലോചന നടന്നെന്ന മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോപണം തള്ളി പാകിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി. വാഷിംഗ്ടണില്‍നിന്നു വന്നെന്നു പറയപ്പെടുന്ന ടെലിഗ്രാം വിശകലനംചെയ്ത ശേഷമാണ് സമിതി ഇക്കാര്യം സ്ഥിരീകരിച്ചത്.


◼️രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് മാച്ച് ഫീയുടെ നൂറ് ശതമാനം പിഴ. അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ആംറേയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്കുമുണ്ട്. . ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപിറ്റല്‍സിന്റെ പേസര്‍ ശാര്‍ദുല്‍ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിന്റെ അവസാന ഓവറില്‍ രാജസ്ഥാന്‍ പേസര്‍ ഓബദ് മക്കോയുടെ ബോളുകള്‍ അംപയര്‍ നോബാള്‍ വിളിക്കാത്തതില്‍ ഡല്‍ഹി താരങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് വിവാദത്തിലേക്ക് നയിച്ചത്.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 240 രൂപയുടെ വലിയ ഇടിവ് ഉണ്ടായതോടുകൂടി സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4900 രൂപയാണ് വില.


◼️ഓഹരി വില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഇടംനേടി അദാനി പവര്‍. ഒരു മാസത്തിനിടെ 99 ശതമാനത്തിന്റെ വര്‍ധനവാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഇലക്ട്രിക് യൂട്ടിലിറ്റീസ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി പവര്‍ വെള്ളിയാഴ്ച 5 ശതമാനം നേട്ടമുണ്ടാക്കി 259.20 രൂപ എന്ന പുതിയ ഉയരത്തിലെത്തി. അതേസമയം, ഓഹരി വില ഇനിയും ഉയരുമെങ്കില്‍ അദാനി പവറും ഒരു ട്രില്യണ്‍ രൂപ വിപണി മൂല്യമുള്ള കമ്പനികളുടെ എലൈറ്റ് ക്ലബ്ബില്‍ പ്രവേശിക്കും.


◼️ദുരൂഹത നിറഞ്ഞ മരണങ്ങളുടെ പിന്നിലുള്ള സത്യത്തെ തുറന്നുകാട്ടാന്‍ വീണ്ടും സേതുരാമയ്യരെത്തുന്നു. വരാനിരിക്കുന്നത് ഒരു വമ്പന്‍ ചിത്രം തന്നെയാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറില്‍ കാണാനാകും. ബാസ്‌കറ്റ് കില്ലിംഗിലൂടെയാണ് കഥാവികാസം. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് സംവിധാനം. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. മെയ് ഒന്നിന് സിബിഐ 5 തിയറ്ററുകളിലെത്തും.


◼️നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജന്‍ സിനിമയിലെ ആദ്യ ഗാനം 'കുപ്പി പാട്ട്' പുറത്തിറങ്ങി. ശബരീഷ് വര്‍മ്മ തന്നെ രചന നിര്‍വഹിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോണ്‍ ആണ്. സംവിധായകന്‍ ജിസ് തോമസ് തന്നെ കഥയും, തിരക്കഥയും, സംഭാഷണവും നിര്‍വ്വഹിക്കുന്നു. ശബരീഷ് വര്‍മ്മക്ക് പുറമെ ഷീലു എബ്രഹാം, ദേവന്‍, ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശര്‍മ്മ, കെ.ടി.എസ് പടന്നയില്‍, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.


◼️മൂന്ന് പുതിയ ഷേഡുകളില്‍ കൂടി മെറ്റിയര്‍ 350 വാഗ്ദാനം ചെയ്തുകൊണ്ട് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. ഈ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം, ക്രൂയിസര്‍ ഇപ്പോള്‍ ആകെ പത്ത് നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി-ലെവല്‍ വേരിയന്റായ ഫയര്‍ബോള്‍ ബ്ലൂ, മാറ്റ് ഗ്രീന്‍ എന്നിങ്ങനെ രണ്ട് പുതിയ ഷേഡുകള്‍ വാഗ്ദാനം ചെയ്യുന്നതായും അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ സൂപ്പര്‍നോവ ഇപ്പോള്‍ ചുവപ്പ് നിറത്തിലാണ്. 2020 നവംബറില്‍ മെറ്റിയോര്‍ 350 പുറത്തിറക്കിയതിന് ശേഷം, ക്രൂയിസര്‍ ശ്രേണിയിലെ ആദ്യത്തെ അധിക അപ്‌ഡേറ്റാണിത്.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad