Type Here to Get Search Results !

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍!



സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബിനെ കീഴ്പ്പെടുത്തി കൊണ്ട് കേരളം സെമി ഫൈനല്‍ ഉറപ്പിച്ചു.


ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ 2-1 എന്ന സ്കോറിനാണ് കേരളം വിജയിച്ചത്.


ഇന്ന് പഞ്ചാബിനെതിരെ മെല്ലെ തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. ആദ്യ പത്തു മിനുട്ടില്‍ തന്നെ നല്ല രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ച പഞ്ചാബ് 12ആം മിനുട്ടില്‍ മന്വീര്‍ സിങ്ങിലൂടെ കേരളത്തെ ഞെട്ടിച്ച്‌ കൊണ്ട് ലീഡ് നേടി. മന്‍വീറിന്റെ ഷോട്ട് മിഥുന്റെ ദേഹത്ത് തട്ടി എങ്കിലും അവസാനം വലയിലേക്ക് തന്നെ എത്തി. ഈ ഗോളിന് ശേഷമാണ് കേരളം ഉണര്‍ന്നത്. കേരളം തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. ഇതോടെ കാണികളും ഉണര്‍ന്നു.


14ആം മിനുട്ടില്‍ സല്‍മാന്റെ ഷോട്ട് പഞ്ചാബ് ഗോള്‍ കീപ്പര്‍ തടഞ്ഞ് കോര്‍ണറാക്കി. പിന്നാലെ അര്‍ജുന്‍ ജയരാജിന്റെ ഒരു ഷോട്ടും പഞ്ചാബ് പ്രതിരോധത്തിന് ഭീഷണിയായി. അധികം വൈകാതെ കേരളം സമനില ഗോള്‍ നേടി. ഒരു ഷോര്‍ട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുന്‍ ജയരാജ് നല്‍കിയ ക്രോസ് ഒരു നല്ല ലീപിലൂടെ ഉയര്‍ന്ന് കേരള ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡ് ചെയ്ത് വലയില്‍ ഇട്ടു. സ്കോര്‍ 1-1. ജിജോ ജോസഫിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോള്‍.


22ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് മന്‍വീറിലൂടെ പഞ്ചാബ് രണ്ടാം ഗോളും കണ്ടെത്തി‌. പക്ഷെ റഫറി ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. 24ആം മിനുട്ടില്‍ ജിജോയ്ക്ക് ഒരു അവസരം ലഭിച്ചു. പക്ഷെ ജിജോയുടെ ഫ്ലിക്ക് ടാര്‍ഗറ്റിലേക്ക് എത്തിയില്ല.


ആദ്യ പകുതിയുടെ മധ്യത്തില്‍ വെച്ച്‌ ഗോള്‍ കീപ്പര്‍ മിഥുന്‍ പരിക്കേറ്റ് പുറത്ത് പോയത് കേരളത്തിന് തിരിച്ചടിയായി. പകരം ഹജ്മല്‍ സബ്ബായി എത്തി. 34ആം മിനുട്ടില്‍ അര്‍ജുന്റെ ഒരു ഫ്രീകിക്ക് രക്ഷപ്പെടുത്താന്‍ ഹര്‍പീതിന്റെ സേവ് വേണ്ടി വന്നു. അര്‍ജുന്‍ ജയരാജിന്റെ സെറ്റ് പീസുകള്‍ പഞ്ചാബിന് ഭീഷണി ആയി തുടര്‍ന്നു. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിയും മടങ്ങി.


രണ്ടാം പകുതിയില്‍ വിജയം നേടാന്‍ ആണ് രണ്ട് ടീമുകളും ശ്രമിച്ചത്. തുടര്‍ ആക്രമണങ്ങള്‍ വന്നെങ്കിലും ഗോള്‍ വന്നില്ല. ഷിഗിലിന്റെയും നൗഫലിന്റെ ഗോള്‍ ശ്രമങ്ങള്‍ ഹര്‍പീത് തട്ടിയകറ്റി. അവസാനം ജിജോ തന്നെ വേണ്ടി വന്നു കേരളത്തെ രക്ഷിക്കാന്‍. 86ആം മിനുട്ടില്‍ ബോക്സില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു ജിജോയിലേക്ക് പന്തെത്തി. അനായാസം ജിജോ പന്ത് വലയിലേക്കും എത്തിച്ചു. സ്കോര്‍ 2-1. ജിജോയുടെ അഞ്ചാം ഗോള്‍. പിന്നീട് കേരളം വിജയം ഉറപ്പിക്കുകയും ചെയ്തു.


ഈ വിജയത്തോടെ കേരളത്തിന് 4 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റായി. കേരളം ആണ് ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാമത് ഉള്ളത്. 3 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള ബംഗാള്‍ രണ്ടാമത് നില്‍ക്കുന്നു. പഞ്ചാബിന് 3 പോയിന്റും മേഘാലയക്ക് 4 പോയിന്റുമാണ് ഉള്ളത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad