ഇത് കൂടാതെ എസ്പ്രസോയുടെയും ബേസ് വേരിയന്‍റും മാരുതി പിൻവലിച്ചിട്ടുണ്ട്.
ഇന്ത്യൻ കാർ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും തീർച്ചയായും ആൾട്ടോയായിരിക്കും. ഇറങ്ങിയ കാലം മുതൽ ചില മാസങ്ങൾ ഒഴിച്ചുനിർത്തിയാൽ വിൽപ്പന ചാർട്ടുകളിൽ ആദ്യ പത്തിൽ നിൽക്കുന്ന മോഡലുമാണ് ഈ കുഞ്ഞൻ കാർ. ആൾട്ടോയായി അരങ്ങേറിയപ്പോഴും പിന്നീട് ആൾട്ടോ 800 ആയപ്പോഴും അവസാനം വീണ്ടും ആൾട്ടോയായി മാറിയപ്പോഴും കഥ അത് തന്നെയാണ്.
ആൾട്ടോ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ബേസ് മോഡലായ എൽഎക്‌ഐയാണ് (LXI) . തൊട്ടുതാഴെ സ്റ്റാൻഡേർഡ് എന്നൊരു മോഡലുണ്ടെങ്കിലും അതിന് കാര്യമായ വിൽപ്പനയൊന്നും കിട്ടാറില്ല. പക്ഷേ നിലവിൽ എൽഎക്‌സ്‌ഐ വേരിയന്റും എസ്ടിഡി വേരിയന്റും നിർത്തലാക്കിയിരിക്കുകയാണ് മാരുതി.
കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി എൽഎക്‌ഐ വേരിയന്റും എസ്ടിഡി വേരിയന്റും നിർത്തലാക്കിയത്.
എല്ലാ കാറുകൾക്കും മുന്നിൽ രണ്ട് എയർ ബാഗുകൾ വേണമെന്നുള്ള സർക്കാർ നയമനുസരിച്ചാണ് തീരുമാനം. ഈ രണ്ട് വേരിയന്റുകൾക്കും ഒരു എയർ ബാഗ് മാത്രമേ ഘടിപ്പിച്ചിരുന്നുള്ളൂ.
ഈ തീരുമാനത്തോട് കൂടി ആൾട്ടോയുടെ ബേസ് വേരിയന്റായി എൽഎക്‌സ്‌ഐ (ഒ- ഓപ്ഷണൽ) മാറി (LXI (O)). ഇതോടു കൂടി ബേസ് വേരിയന്റിന്റെ വിലയിൽ 83,000 രൂപ കൂടി. പുതിയ ആൾട്ടോയുടെ പുതിയ എക്‌സ് ഷോറൂം വില 4.08 ലക്ഷമായിരിക്കും. ടോപ് വേരിയന്റായ വിഎക്‌സ്‌ഐ പ്ലസിന്റെ വില 4.41 ലക്ഷമായിരിക്കും.
ഇത് കൂടാതെ എസ്പ്രസോയുടെയും ബേസ് വേരിയന്‍റും (STD) മാരുതി പിൻവലിച്ചിട്ടുണ്ട്. STD (O) ആയിരിക്കും ഇനി എസ്പ്രസോയുടെ ബേസ് വേരിയന്റ്. 3.99 ലക്ഷത്തിൽ ആരംഭിച്ച് 5.29 ലക്ഷത്തിലാണ് ഇനി എസ്പ്രസോയുടെ വില അവസാനിക്കുക. നിലവിലെ ഉപഭോക്തക്കൾക്ക് 7,000 രൂപ നൽകി കോ-ഡ്രൈവർ സൈഡിൽ എയർ ബാഗ് ഘടിപ്പിക്കാനുള്ള അവസരവും മാരുതി നൽകിയിട്ടുണ്ട്.
അതേസമയം 2022 മോഡൽ ആൾട്ടോയും എസ്പ്രസോയും ഈ വർഷം പകുതിക്കുള്ളിൽ മാരുതി പുറത്തിറക്കും.