Type Here to Get Search Results !

ബോറിസ് ജോൺസണെ കാണിക്കാതെ ഗുജറാത്തിലെ ചേരികൾ തുണികെട്ടി മറച്ചു.



ഇന്ത്യൻ സന്ദർശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris johnson) സഞ്ചരിച്ച വഴികളിൽ ചേരികൾ തുണികെട്ടി മറച്ചതായി ആരോപണം. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ബോറിസ് അഹമ്മദാബാദിൽ സബർമതിയിലേക്ക് പോകുന്ന വഴികളിലെ ചേരികളാണ് മറച്ചുകെട്ടിയതെന്ന് ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ട്വിറ്ററിൽ ആരോപണം ഉന്നയിക്കുന്നു. സബർമതി ആശ്രമത്തിനു സമീപത്തെ ചേരികൾ തുണികെട്ടി മറച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ ചർച്ചയായിട്ടുണ്ട്. 


എക്കണോമിക് ടൈംസ് മാധ്യമപ്രവർത്തകനായ ഡി പി ഭട്ട സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വെള്ളത്തുണി ഉപയോഗിച്ച് റോഡിന് ഇരുവശങ്ങളിലുമുള്ള ചേരിക്കാഴ്ചകൾ മറച്ചിരിക്കുകയാണ്. യുഎസ് മുൻ പ്രസിഡന്റ് ട്രംപ് സന്ദർശനത്തിന് എത്തിയപ്പോഴും ചേരികൾ മതിൽകെട്ടി മറച്ചത് വിവാദമായിരുന്നു. 


രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ആദ്യദിനം ഗുജറാത്തിലാണ് സന്ദർശനം. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. ഇടുക്കി ലൈവ്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ അണിനിരന്നു. 10 മണിയോടെ സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി. ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത 'ഗൈഡ് ടു ലണ്ടൻ' എന്ന പുസ്തകവും, മീരാബെന്നിന്റെ ആത്മകഥയായ 'ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്' എന്ന പുസ്തകവും സമ്മാനിച്ചു.


ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും അദ്ദേഹം സന്ദർശിച്ചു. നാളെ ദില്ലിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. 

Top Post Ad

Below Post Ad