സന്തോഷ് ട്രോഫിയിൽ കേരളം – ബംഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത് 46–ാം തവണയാണ്. അതില്‍ 32 തവണയും അവർ ചാംപ്യന്മാരാവുകയും ചെയ്തു._
_മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഫൈനല്‍. കേരളവും ബംഗാളും ഫൈനലിൽ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം._
_ബംഗാള്‍ – മണിപ്പൂർ മത്സരത്തിൽ രണ്ടാം മിനിറ്റില്‍ തന്നെ ബംഗാള്‍ ലീഡ് നേടി. ബോക്‌സിന്റെ വലതു കോര്‍ണറില്‍നിന്ന് സുജിത്ത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറുകയായിരുന്നു. 7–ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ മണിപ്പൂര്‍ ഗോള്‍കീപ്പർ തട്ടി അകറ്റാന്‍ ശ്രമിക്കവെ ബോക്‌സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിക്കുകയായിരുന്നു. 74ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു._