Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ

           


      

◼️പോലീസ് രാത്രി വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയ പോക്സോ കേസിലെ പ്രതി റോഡരികില്‍ മരിച്ച നിലയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) വാണ് കൊല്ലപ്പെട്ടത്. രാത്രി നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരാണ് വീട്ടില്‍നിന്നു കൊണ്ടുപോയത്. ഒന്നര മണിക്കൂറിനുശേഷം രാത്രി ഒമ്പതരയോടെ വീടിനു സമീപത്തെ വഴിയരികില്‍ ജിഷ്ണു കിടക്കുന്നതു നാട്ടുകാരാണ് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പോലീസ് വീടു കാണാന്‍ വന്നതാണെന്നുമാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.


◼️ഹൈക്കോടതി വിധി മറികടക്കാന്‍ എസ്എന്‍ഡിപിക്ക് അനുകൂലമായ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരില്‍ അണിയറയൊരുക്കം. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷയിലാണ് കമ്പനി നിയമത്തില്‍ ഇളവ് നല്‍കാനുള്ള നീക്കം. അതേസമയം, എസ്എന്‍ഡിപി യോഗത്തെ റിസീവര്‍ ഭരണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വിമതവിഭാഗം.


◼️അമ്പലപ്പുഴ ദേശീയപാതയില്‍ വാഹനാപകടത്തില്‍ നാലു മരണം. പായല്‍കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാല്‍, സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി, അഭിരാഗ് (25) എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും.


◼️സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കം കാര്യക്ഷമമാക്കാനുള്ള ഭരണ പരിഷ്‌ക്കരണ നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഫയലുകള്‍ സെക്രട്ടറി തലത്തിലുള്ള രണ്ടു തട്ടില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം. അണ്ടര്‍ സെക്രട്ടറി കാണുന്ന ഫയല്‍ പിന്നീട് അതിനു മുകളിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാത്രം കണ്ടശേഷം സെക്രട്ടറി തലത്തിലേക്കു വിടാനാണ് തീരുമാനം.  


◼️തഞ്ചാവൂരിനു സമീപം വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. 10 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേര്‍ക്കു പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്.


◼️കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 96 ശതമാനം പേരും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കുട്ടികള്‍ക്കു കൂടി വാക്സിന്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.


◼️ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വര്‍ണം കടത്തിയ സംഭവത്തിനു പിന്നില്‍ മൂന്നംഗ സംഘമെന്ന് കസ്റ്റംസ്. സിനിമാ നിര്‍മാതാവ് സിറാജുദ്ദീന്‍, എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ്, തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിന്‍ എന്നിവരാണ് സ്വര്‍ണക്കളളക്കടത്തിനു പണം മുടക്കിയത്. ഷാബിന്‍ നഗരസഭയിലെ കരാറുകാരനാണ്.


◼️സ്വര്‍ണക്കടത്തു കേസില്‍ തൃക്കാക്കര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാംഹിം കുട്ടിയെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. മകന്‍ ഷാബിനോടു ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി മകന് ഒരു ബന്ധവുമില്ലെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.


◼️താനിപ്പോഴും കോണ്‍ഗ്രസ് വീട്ടിലാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി തോമസ്. വീടില്ലാത്തവര്‍ക്കാണ് അഭയം വേണ്ടതെന്നാണ് സിപിഎമ്മില്‍ അഭയം നല്‍കുമെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു തോമസ് പ്രതികരിച്ചത്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് അപമാനം തോന്നില്ലെന്നും അച്ചടക്ക നടപടിയെക്കുറിച്ച് അറിയില്ലെന്നും തോമസ് പറഞ്ഞു.


◼️കണ്ണൂരില്‍ അതിരടയാള കല്ലിടുന്നതിനെതിരേ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സിപിഎം പ്രര്‍ത്തകര്‍ക്കെതിരേ കേസ്. ഏരിയ കമ്മറ്റി അംഗം പ്രകാശന്‍, അശ്വന്ത് എന്നിവര്‍ക്കെതിരെയാണ് കേസ്. അതിനിടെ നടാല്‍ പെട്രോള്‍ പമ്പിനു സമീപം സ്ഥാപിച്ചിരുന്ന മൂന്ന് അതിരടയാള കല്ലുകള്‍ രാത്രിയില്‍ ആരോ പിഴുതു മാറ്റിയിട്ടുണ്ട്.


◼️കോതമംഗലം കോട്ടപ്പടിയില്‍ മദ്യപിച്ചു വഴക്കിട്ട ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. മനക്കക്കുടി സാജി എന്ന അറുപതുകാരനെയാണ് കൊലപ്പെടുത്തിയത്. ഭാര്യ ഏല്യാമ്മ എന്ന തങ്ക കോട്ടപ്പടി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.


◼️സില്‍വര്‍ ലൈനില്‍ ബദല്‍ സംവാദവുമായി ജനകീയ പ്രതിരോധ സമിതി. മെയ് നാലിന് ഒരുക്കുന്ന സംവാദത്തില്‍ അലോക് വര്‍മ്മയും ജോസഫ് സി മാത്യുവും ശ്രീധര്‍ രാധാകൃഷ്ണനും ആര്‍വിജി മേനോനും പങ്കെടുക്കും. സംവാദത്തിലേക്ക് മുഖ്യമന്ത്രിയേയും കെ റെയില്‍ അധികൃതരേയും ക്ഷണിക്കും. നാളെ നടക്കുന്ന കെ റെയില്‍ സംവാദത്തില്‍ അനിശ്ചിതത്വം തുടരവേയാണ് ജനകീയ പ്രതിരോധ സമിതി മെയ് നാലിന് സംവാദം ഒരുക്കുന്നത്.


◼️ബലാത്സംഗ കേസില്‍ പ്രതിയായ നിമ്മാതാവും നടനുമായ വിജയ് ബാബു ഒളിവില്‍. സോഷ്യല്‍ മീഡിയയിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ വേറേയും കേസെടുത്തു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ളാറ്റില്‍ നിരവധി തവണ ബലാത്സംഗം ചെയ്തെന്ന യുവ നടിയുടെ പരാതിയില്‍ നേരത്തെ കേസെടുത്തിട്ടുണ്ട്.


◼️ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. കല്ലേക്കാട്ട് ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് ആയുധം കണ്ടെത്തിയത്. ചോരപുരണ്ട കൊടുവാള്‍ വെള്ളകവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.


◼️ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് 77 പേര്‍ക്ക്. മെയ് 18ന് മുഖ്യമന്ത്രി വിതരണം ചെയ്യും. മുഴുവന്‍ സമയ ഗവേഷണത്തിനായി ഒന്നാം വര്‍ഷം 50,000 രൂപയും രണ്ടാം വര്‍ഷം 1,00,000 രൂപയും ഫെലോഷിപ്പ് തുകയായി നല്‍കും.


◼️ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ പത്തനംതിട്ടയില്‍ തുടക്കം. പ്രായപരിധി കര്‍ശനമാക്കുന്നതോടെ നിലവിലുള്ള പകുതി ഭാരവാഹികള്‍ മാറും.


◼️സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു. പത്തു വര്‍ഷം കണ്ണൂര്‍ തളിപ്പറമ്പ് എംഎല്‍എ ആയിരുന്ന ജെയിംസ് മാത്യു നാലു പതിറ്റാണ്ടുനീണ്ട സജീവ രാഷ്ട്രീയമാണ് അവസാനിപ്പിക്കുന്നത്.


◼️കോഴിക്കോട് കോതിയില്‍ മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കി. മാലിന്യ പ്ലാന്റിനുള്ള സ്ഥലത്ത് അതിര് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി തുടങ്ങിയപ്പോഴാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഉളളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.


◼️വിഴിഞ്ഞത്ത് കരക്കടിഞ്ഞ കൂറ്റന്‍ തിമിംഗല സ്രാവിനെ കടലിലേക്കു തിരിച്ചുവിടാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം വിജയിച്ചില്ല. പുലര്‍ച്ചെ അടിമലത്തുറ തീരത്താണ് രണ്ടായിരത്തിലധികം കിലോ ഭാരമുള്ള ഉടുമ്പന്‍ സ്രാവ് കരക്കടിഞ്ഞത്.


◼️സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി നഷ്ടപരിഹാരം അവസാനിക്കാനിരിക്കെ കേരളത്തില്‍ ജിഎസ്ടി പിരിവ് ഇപ്പോഴും പ്രതിസന്ധിയില്‍. മാര്‍ച്ചില്‍ 2,537 കോടി രൂപയാണ് പിരിച്ചെടുത്തത്. ഫെബ്രുവരിയില്‍ 2,123 കോടി രൂപയായിരുന്നു. കേന്ദ്ര സോഫ്റ്റ് വെയറിലേക്കുള്ള മാറ്റത്തിലേക്ക് സംസ്ഥാന ഉദ്യോഗസ്ഥര്‍ പൊരുത്തപ്പെടാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


◼️ഡല്‍ഹിയില്‍ വീണ്ടും പൊളിക്കല്‍നീക്കം. തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലുള്ള ജയ്ത്ത്പൂര്‍, സരിതാ വിഹാര്‍, മദന്‍പൂര്‍ എന്നിവിടങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ കണ്ടെത്താനുള്ള പരിശോധന ഇന്ന്. മേയറിന്റെ നേതൃത്വത്തിലാണ് പരിശോധന. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ വിവാദത്തിലായിരിക്കെയാണ് തെക്കന്‍ ഡല്‍ഹി കോര്‍പറേഷന്റെ നീക്കം.


◼️ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇന്നു നടത്താനിരുന്ന മത സമ്മേളനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിദ്വേഷ പ്രസംഗങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കേയാണ് നടപടി. പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാല്‍, എല്ലാ വിലക്കുകളും ലംഘിച്ച് പരിപാടി നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.


◼️എല്‍ഐസിയുടെ പ്രഥമ ഓഹരിവില 902 മുതല്‍ 949 രൂപ വരെ. ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് 60 രൂപ ഇളവ് ലഭിക്കും. എല്‍ഐസി ജീവനക്കാര്‍ക്ക് 45 രൂപയാണ് ഇളവ്. മേയ് നാലു മുതലാണ് ഓഹരിവില്‍പന. മേയ് ഒന്‍പതിന് ക്ലോസ് ചെയ്യും. 21,000 കോടി രൂപയുടേതാണ് ഐപിഒ.


◼️യാത്രക്കാരന്റെ ലഗേജ് വൈകിയതിന് വിമാനക്കമ്പനി 4,400 ദിനാര്‍ (11 ലക്ഷം രൂപ) നഷ്ട പരിഹാരം നല്‍കണമെന്ന് കുവൈറ്റ് കോടതിയുടെ ഉത്തരവ്. തന്റെ ലഗേജ് അഞ്ചു ദിവസം വൈകിയെന്നായിരുന്നു പരാതിയിലെ ആരോപണം.


◼️എയര്‍ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പദ്ധതിയിടുന്നു. നിര്‍ദ്ദിഷ്ട കരാറിനായി കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് അനുമതി തേടുകയും ചെയ്തു. എയര്‍ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗ ഓഹരിയായ 83.67 ശതമാനം കൈവശം വച്ചിരിക്കുന്നത് ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. ബാക്കിയുള്ള ഓഹരി മലേഷ്യയിലെ എയര്‍ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിലുമാണ് (എഎഐഎല്‍). 2014 ജൂണില്‍ പറന്നു തുടങ്ങിയ എയര്‍ഏഷ്യ ഇന്ത്യ, രാജ്യത്ത് ഷെഡ്യൂള്‍ ചെയ്ത എയര്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട്, എയര്‍ കാര്‍ഗോ ട്രാന്‍സ്‌പോര്‍ട്ട്, ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതിന് അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളില്ല. ഈ വര്‍ഷം ജനുവരിയിലാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ടാറ്റ ഏറ്റെടുത്തത്.


◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം വര്‍ഷാടിസ്ഥാനത്തില്‍ 12.4 ശതമാനം ഉയര്‍ന്ന് 357.52 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 317.94 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ മൊത്തം വരുമാനം 16,054.94 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ ഇത് 19,191.32 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനവും നാലാം പാദത്തില്‍ 14,289.66 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2020-21ല്‍ ഇത് 12,868.01 കോടി രൂപയായിരുന്നു.


◼️ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് 'ജോണ്‍ ലൂതര്‍'. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'ജോണ്‍ ലൂതര്‍' ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യുക. 'ജോണ്‍ ലൂതര്‍' ചിത്രം തിയറ്ററുകളില്‍ തന്നെയാണ് എത്തുക. ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


◼️നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഡിയര്‍ ഫ്രണ്ട്'. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിനീത് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചത്. ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനൊയ്ക്ക് പുറമേ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.  


◼️ഡ്യുക്കാട്ടി ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ വി2, സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 14.65 ലക്ഷം രൂപയ്ക്കും മള്‍ട്ടിസ്ട്രാഡ വി2എസ് 16.65 ലക്ഷം രൂപയ്ക്കും പുറത്തിറക്കി. ബിഎംഡബ്ല്യു എഫ്900എക്സആര്‍, ട്രയംഫ് ടൈഗര്‍ 900, ബിഎംഡബ്ല്യു എഫ്850ജിഎസ് തുടങ്ങിയവരാണ് ഈ മോഡലിന്റെ എതിരാളികള്‍. 111 ബിഎച്ച്പി കരുത്തും 96 എന്‍എം പീക്ക് ടോര്‍ക്കും നല്‍കാന്‍ ട്യൂണ്‍ ചെയ്ത അതേ 937സിസി ടെസ്റ്റാസ്ട്രെറ്റ 11-ഡിഗ്രി വി ട്വിന്‍ യൂറോ 4 എഞ്ചിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.


◼️മലയാള നാടകവേദിയില്‍ പുതിയൊരു ഭാവുകത്വത്തിന്റെ നാന്ദിവാക്യമായിരുന്നു സി. എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍. അനശ്വരമായ നാടകത്രയത്തിലെ ആദ്യനാടകമാണ് ദശരഥനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച സാകേതം. പുരാണ പരിസരങ്ങളില്‍നിന്ന് കഥാപാത്രങ്ങളെ വീണ്ടെടുത്ത് അവരുടെ മാനസിക വ്യാപാരങ്ങളെ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന തീക്ഷ്ണമായ രചന. 'സാകേതം'. ഡിസി ബുക്സ്. വില 63 രൂപ.


◼️കോവിഡ് വന്ന് രോഗമുക്തി നേടിയ ശേഷം വാക്സീന്‍ എടുത്തവരെയും വാക്സീന്‍ എടുത്ത ശേഷം കോവിഡ് വന്നവരെയും അപേക്ഷിച്ച് ഇതേ വരെ കോവിഡ് വരാതെ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരില്‍ ആന്റിബോഡികളുടെ തോത് കുറവാണെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. രണ്ടാമത്തെ ഡോസ് വാക്സീന്‍ എടുത്ത ശേഷം ഇവരില്‍ പ്രതിരോധ പ്രതികരണം കുറഞ്ഞ് വരുന്നതിനാല്‍ ഈ വിഭാഗക്കാര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ എടുക്കണമെന്ന് ഗവേഷകര്‍ പറയുന്നു.രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ എടുത്തവരിലെ ബി.1, ഡെല്‍റ്റ, ബീറ്റ, ഒമിക്രോണ്‍ വകഭേദങ്ങളോടുള്ള ആന്റിബോഡി പ്രതികരണമാണ് ഗവേഷകര്‍ പരിശോധിച്ചത്. കോശങ്ങളെ അണുക്കളില്‍ നിന്ന് പ്രതിരോധിച്ച് നിര്‍ത്തുന്നത് ന്യൂട്രലൈസിങ് ആന്റിബോഡികളാണ്. അണുബാധ മൂലമോ വാക്സിനേഷന്‍ മൂലമോ ഇവയുടെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടാം. ശ്വേത രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്ന ഗ്ലൈകോപ്രോട്ടീന്‍ കണികകളാണ് എല്‍ജിജി എന്ന ഇമ്മ്യൂണോഗ്ലോബിന്‍. വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയുകയും അവയോട് ഒട്ടിച്ചേര്‍ന്ന് നിന്ന് അവയെ നശിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുകയുമാണ് ഇവയുടെ ദൗത്യം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വ്യാപകമായി വിതരണം ചെയ്യണമെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ജേണല്‍ ഓഫ് ഇന്‍ഫെക്ഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.  


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.68, പൗണ്ട് - 96.34, യൂറോ - 81.39, സ്വിസ് ഫ്രാങ്ക് - 79.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.78, ബഹറിന്‍ ദിനാര്‍ - 203.33, കുവൈത്ത് ദിനാര്‍ -250.44, ഒമാനി റിയാല്‍ - 199.09, സൗദി റിയാല്‍ - 20.44, യു.എ.ഇ ദിര്‍ഹം - 20.87, ഖത്തര്‍ റിയാല്‍ - 21.05, കനേഡിയന്‍ ഡോളര്‍ - 59.75.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad