Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ◼️കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ സംവാദത്തില്‍ അതിവേഗപാതയ്ക്ക് പകരം ബദല്‍ മാര്‍ഗം അവതരിപ്പിച്ച് പ്രൊഫ. ആര്‍വിജി മേനോന്‍. അതേസമയം, സില്‍വര്‍ ലൈന്‍ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകള്‍ വാദിച്ചു. രാവിലെ പതിനൊന്ന് മണി മുതല്‍ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്. ഈ ചര്‍ച്ച 3-4 വര്‍ഷം മുന്‍പ് നടത്തേണ്ടതായിരുന്നെന്നും എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്നു പറഞ്ഞിട്ട് ഇനി ചര്‍ച്ചയാകാം എന്നു പറയുന്നത് ശരിയല്ലെന്നും ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.


◼️ജോസഫ് സി മാത്യുവിനെ സംവാദത്തില്‍ നിന്ന് ഒഴിവാക്കുകയും അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നവരില്‍ അവശേഷിച്ചത് ആര്‍വിജി മേനോന്‍ മാത്രമാണ്. അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ ബോര്‍ഡ് എഞ്ചിനീയര്‍ സുബോധ് ജെയിന്‍, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രന്‍ നായര്‍ എന്നിവരാണുണ്ടായിരുന്നത്.


◼️സില്‍വര്‍ലൈന്‍ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ റെയില്‍ കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടല്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി കല്ലിട്ടു. കല്ല് പിഴുത് മാറ്റുമെന്ന് വീട്ടുടമ പറഞ്ഞു. പൊലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധവുമായെത്തി


◼️കെ റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരന്‍. കെ റെയില്‍ സംവാദത്തില്‍ എതിര്‍ക്കുന്നവരുടെ പാനലിലുള്ള അലോക് വര്‍മ്മ ഉള്‍പ്പടെ പിന്മാറാന്‍ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിലായാലും എതിര്‍വാദം വേദിയില്‍ ഉയര്‍ത്തണമായിരുന്നു. അതേസമയം സംവാദം കൊണ്ട് സര്‍ക്കാര്‍ തീരുമാനം മാറാന്‍ പോകുന്നില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.  


◼️സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിര്‍ദേശം നല്‍കി. ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി


◼️പാലക്കാട് പന്നിയങ്കരയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് പ്രത്യക്ഷ സമരത്തില്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. പ്രതിമാസം പതിനായിരം രൂപാ ടോള്‍ നല്‍കാനാവില്ലെന്നാണ് ബസ്സുടമകളുടെ വാദം.


◼️എഞ്ചിനീയറിംഗ് കോളേജുകളില്‍ പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ നൂതന കോഴ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രായോഗിക അറിവുകള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.


◼️കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിംഗ് റസ്റ്റോറന്റ് സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ബേപ്പൂര്‍ മണ്ഡലത്തില്‍പ്പെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിന് സമീപത്തായി 82 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്‌ളോട്ടിങ് റെസ്റ്റോറന്റ് നിര്‍മിക്കുക.  


◼️സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണവിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇത്തരം ശൈലികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു. രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേര്‍ത്തു.


◼️ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കമ്മീഷണര്‍. പരാതി സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു. ഇരയെ ഭീഷണിപ്പെടുത്തിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു. അതേസമയം, വിജയ് ബാബുവിനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.


◼️മലബാര്‍ എക്സ്പ്രസ്സ് ട്രെയിനിന്റെ ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.


◼️പൊന്നാനിയില്‍ നിന്ന് കാണാതായ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനെയും സംഘത്തെയും പൊലീസ് പിടികൂടി. പ്രണയം നടിച്ച കാമുകന്‍ കടവനാട് സ്വദേശി നിഖില്‍ കുമാറുമായാണ് ( 23 ) പെണ്‍കുട്ടി നാടുവിട്ടത്.


◼️ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കരയില്‍ വച്ച് വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.


◼️നടി മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍.


◼️രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ വാക്സീന്‍ കുത്തിവെപ്പ് ഉടന്‍ തുടങ്ങിയേക്കും.മൂന്ന് വാക്സീനുകള്‍ക്ക് കൂടി കുട്ടികളില്‍ കുത്തിവെക്കാന്‍ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്.


◼️രാജ്യത്ത് ഇന്നലെ 3303 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 39 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


◼️കര്‍ണാടക മാണ്ഡ്യയിലെ എം പിയും നടിയുമായ സുമലത അംബരീഷ് ബിജെപിയിലേക്ക്. സുമലത അടക്കം നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നും അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശത്തിനിടെ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ബിജെപി കര്‍ണാടക നേതൃത്വം പ്രതികരിച്ചു.


◼️ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷമുണ്ടായ ദില്ലി ജഹാംഗീര്‍പുരിയില്‍ ചേരികള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പിന്നാലെ ദില്ലിയില്‍ പേര് മാറ്റല്‍ വിവാദം. മുഗള്‍ഭരണക്കാലത്തെ സ്ഥലപ്പേരുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലി ബിജെപി ഘടകം രംഗത്തെത്തി. അതേസമയം തെക്കന്‍ ദില്ലിയിലെ മുഹമ്മദ്പൂര്‍, മാധവപുരമായി പേര് മാറ്റിയെന്ന് ബിജെപി ഭരിക്കുന്ന മുനസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.


◼️പുല്‍വാമയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കുണ്ടായിരുന്ന അല്‍ ബദര്‍ ഭീകരരായ ഐജാസ് ഹഫീസ്, ഷാഹിദ് അയൂബ് എന്നിവരെയാണ് വധിച്ചത്.


◼️ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും മേയ് ഒന്ന് ഞായറാഴ്ച മുതല്‍ മേയ് ഒന്‍പത് തിങ്കളാഴ്ച വരെയായിരിക്കും അവധി.


◼️കുവൈത്തില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2022 മേയ് ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.


◼️ലോകത്തിലെ ഏറ്റവും പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്ററിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക് . 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ സ്വന്തമാക്കിയ ശതകോടീശ്വരനായ മസ്‌കിന്റെ അടുത്ത ലക്ഷ്യം കൊക്കകോളയാണ് . അടുത്തതായി താന്‍ കൊക്കക്കോള വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന മസ്‌കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.


◼️റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരവും കോഴിക്കോട് കക്കട്ടില്‍ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയുടെ ആത്മഹത്യയില്‍ കോച്ച് രവി സിങ്ങിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. ലിതാരയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കോച്ച് രവി സിങില്‍ നിന്നുണ്ടായ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.


◼️സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. അയല്‍ക്കാരായ കര്‍ണാടകയാണ് എതിരാളികള്‍. രാത്രി എട്ടരയ്ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.


◼️യുവേഫ ചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് ജയം. ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം.


◼️യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഓസോണ്‍, യാന്റക്സ് മാര്‍കറ്റ്, ദന്തോത്പ്പന വിതരണക്കാരായ സിംകോഡെന്റ്, റീടെയ്ല്‍ കമ്പനി എക്സ് 5 റീടെയ്ല്‍ ഗ്രൂപ്പ്, യൂണികോണ്‍ഫ്, ഫാംസ്റ്റാന്റേര്‍ഡ് തുടങ്ങി നിരവധി കമ്പനികളാണ് ഇന്ത്യയുമായി ബിസിനസ് സന്നദ്ധത അറിയിച്ചത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ അമേരിക്കയിലെയും യൂറോപ്പിലെയും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. ഇവരുമായി സഹകരിച്ച അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികള്‍ പിന്നോട്ട് വലിഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.


◼️കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് പദ്ധതിയിലൂടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ നിര്‍മിക്കാനുള്ള അനുമതി ലഭിച്ച നാലു കമ്പനികളില്‍ ഒന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ റിഫൈനറിയായ രാജേഷ് എക്സ്പോര്‍ട്സ്. റിലയന്‍സ്, ഓല, അമര രാജ ബാറ്ററീസ്, എല്‍ ആന്റ് ടി, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്‍ കമ്പനികളെ പിന്തള്ളിയാണ് രാജേഷ് എക്സ്പോര്‍ട്സ് പദ്ധതി നടത്തിപ്പിന് അനുമതി കരസ്ഥമാക്കിയത്. ബാറ്ററി നിര്‍മാണത്തില്‍ ഉയര്‍ന്ന നിലയില്‍ പ്രാദേശികവത്കരണം നടപ്പാക്കുമെന്ന് വാഗ്ദാനമാണ് മറ്റ് പ്രമുഖരെ പിന്തള്ളി രാജേഷ് എക്സ്പോര്‍ട്സിനെ തെരഞ്ഞെടുക്കാന്‍ കാരണം.


◼️കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ ഭാഷയുടെ അതിരുകള്‍ മറികടന്ന് രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നിര്‍മ്മാണക്കമ്പനിയാണ് ഹൊംബൈളെ ഫിലിംസ്. കെജിഎഫ് ചാപ്റ്റര്‍ 2 റിലീസിനു ശേഷം മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ബാനര്‍. സന്തോഷ് അനന്ത്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായകനും അവതരിപ്പിക്കപ്പെടുകയാണ്. കന്നഡയിലെ ഇതിഹാസ താരമായിരുന്ന ഡോ. രാജ്കുമാറിന്റെ പൌത്രനും രാഘവേന്ദ്ര രാജ്കുമാറിന്റെ പുത്രനുമായ യുവ രാജ്കുമാര്‍ ആണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്. സന്തോഷ് അനന്ത്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


◼️മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കുന്ന സിനിമ മേജറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണിത്. ജൂണ്‍ 3 ആണ് പുതിയ റിലീസ് തീയതി. ഹിന്ദിക്കു പുറമെ തെലുങ്കിലും മലയാളത്തിലുമായി ലോകമെമ്പാടുമുള്ള പ്രദര്‍ശന ശാലകളില്‍ ചിത്രം ഈ ദിവസമെത്തും. ശശികിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനായി എത്തുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ്. അദിവിയുടത് തന്നെയാണ് തിരക്കഥ.


◼️ചരിത്രകാരന്റെ അറിവും സാമൂഹിക നിരീക്ഷണവും എത്ര ആഴവും പരപ്പുമേറിയതുമാണെന്ന് ഈ പുസ്തകത്തിലെ പ്രബന്ധങ്ങളിലൂടെ ഡോ. കെ. കെ.എന്‍. കുറുപ്പ് നമ്മെ ബോധ്യപ്പെടുത്തുന്നു. വിവേകാനന്ദ ദര്‍ശനം മുതല്‍ കണ്ണൂരിലെ കൈത്തറിപാരമ്പര്യംവരെ ഇതില്‍ വായിക്കാം. പരിസ്ഥിതി, ഫോക്ലോര്‍, ശ്രീനാരായണ ദര്‍ശനം, അദ്വൈത ദര്‍ശനം വേദാര്‍ത്ഥ നിരൂപണം എന്നിങ്ങനെ പോകുന്നു ഈ പുസ്തകത്തിന്റെ പ്രമേയം. 'കേരളീയ സമൂഹവും പരിവര്‍ത്തനവും'. ടെല്‍ ബ്രെയ്ന്‍ ബുക്സ്. വില 108 രൂപ.


◼️ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പരിഷ്‌കരിച്ച കൈഗര്‍ വിപണിയിലെത്തി. രൂപകല്പനയിലും ഫീച്ചറുകളിലും ഒട്ടേറെ പുതുമകളുമായി എത്തുന്ന 2022 കൈഗറിന് 5.84 ലക്ഷം രൂപയാണ് പ്രാരംഭവില. ഡ്യുവല്‍ടോണില്‍ മസ്റ്റാഡ് യെല്ലോ ബ്ളാക്ക് റൂഫ് കളര്‍ ഓപ്ഷനും പുത്തന്‍ ആകര്‍ഷണമാണ്. ക്രൂസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, റെഡ്വീല്‍ ക്യാപ്പോടുകൂടി ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 4-എയര്‍ ബാഗുകള്‍, എ.ബി.ഡി., ഇ.ബി.എസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ടര്‍ബോ ചാര്‍ജ്ഡ് 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, ലിറ്ററിന് 20.5 കിലോമീറ്റര്‍ മൈലേജ്, 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് എന്നിങ്ങനെയും മികവുകള്‍ ധാരാളം.


◼️പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്ന വഴുതന നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉയര്‍ന്ന അളവില്‍ ഈ പച്ചക്കറിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം പോലെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷണം നല്കുകയും ചെയ്യുന്നു. സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാലാണിത്. കൂടാതെ ഇത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും എല്ലുകള്‍ക്ക് ശക്തി നല്‍കും. അയണ്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാനും ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണിത്.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad