Type Here to Get Search Results !

കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തിയേക്കാന്‍ സാധ്യത; അതി ജാ​ഗ്രത വേണമെന്ന് വിദ​ഗ്ധര്‍



തിരുവനന്തപുരം: സമീപകാല കാലാവസ്ഥാ മാറ്റങ്ങളുടെ (climate chnages)സാഹചര്യത്തില്‍ ഏറെ ജാഗ്രത (alert)വേണ്ട കാലവര്‍ഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നത്.


ഇത്തവണ കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും മുന്‍വര്‍ഷങ്ങളേക്കാള്‍ കടലാക്രമണം രൂക്ഷമായേക്കും.


മഹാപ്രളയം മുതലിങ്ങോട്ട് മലയാളിക്ക് മഴയെന്നാല്‍ ഭയത്തിന്റെ കാലം. ജൂണ്‍ ഒന്നിന് തുടങ്ങി സെപ്തംബര്‍ 30 വരെ നീളും സാധാരണ കാലവര്‍ഷം. കഴിഞ്ഞ കാലവര്‍ഷത്തില്‍ കിട്ടിയത് ശരാശരിയേക്കാള്‍ 16% കുറവ് മഴ. 2020ല്‍ സാധാരണ മഴ. മഹാപ്രളയമുണ്ടായ 2018ല്‍ 20 ശതമാനം. അധികം മഴയാണ് കാലവര്‍ഷക്കാലത്ത് കേരളത്തിന് കിട്ടിയത്. ഇത്തവണ ഐഎംഡി പ്രവചിക്കുന്നത് ശരാശരി മഴയാണ്.


സാധാരണയില്‍ കുറവ് മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില കാലാവസ്ഥ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. മഴയുടെ അളവ് എങ്ങനെ ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങള്‍ കൂടുതലാകുന്നതാണ് സമീപകാലത്തെ അനുഭവങ്ങള്‍. ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന പ്രളയങ്ങളെ കാലവര്‍ഷക്കാലത്തും കരുതിയിരിക്കണം.

തുടരെ തുടരെയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ ഉയരമേറിയ തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യത കൂട്ടും. പസഫിക് സമുദ്രത്തില്‍ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ അനുകൂലമാണ്.


ഉത്തരേന്ത്യയിലെ കടുത്ത ചൂട് , ബംഗാള്‍ ഉള്‍ക്കടല്‍ ,പസഫിക് സമുദ്രം എന്നിവിടങ്ങളിലെ മാറ്റങ്ങള്‍, ഭൂമധ്യരേഖ കടന്ന് വരുന്ന തെക്ക് പടിഞ്ഞാറന്‍ കാറ്റിന്‍്റെ തിരിവ് എല്ലാം സൂചിപ്പിക്കുന്നത് മെയ് അവസാന വാരം തന്നെ മഴ കേരളത്തില്‍ സജീവമായേക്കും എന്നാണ്.

മണ്‍സൂണ്‍ തുടങ്ങിയതായി ഔദ്യോഗികമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും മഴ നേരത്തേ

തുടങ്ങാനാണ് സാധ്യത. പ്രവചനാതീതമായ കേരളത്തിന്റെ സമീപകാല കാലാവസ്ഥ നോക്കിയാല്‍ കാലവര്‍ഷത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങണമെന്ന് ചുരുക്കം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad