Type Here to Get Search Results !

ഓപറേഷൻ മൽസ്യ; പിടികൂടിയത് 2000 കിലോ പഴകിയ മീൻ



മീനിലെ മായം കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി ആരോഗ്യ വകുപ്പ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ രണ്ടായിരം കിലോയോളം പഴകിയ മത്സ്യം പിടിച്ചു. പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ നമ്പറുകളും പ്രസിദ്ധപ്പെടുത്തി. മീനില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുളള പരാതികള്‍ വ്യാപകമായതോടെയാണ് റെയ്ഡ് ശക്തമാക്കിയത്. മൂന്നു ദിവസത്തിനിടെ 1925 കിലോ പഴകിയ മത്സ്യം നശിപ്പിച്ചു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.


മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ജില്ലകളിലെ മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകളും പ്രസിദ്ധപ്പെടുത്തി. ഓപ്പറേഷന്‍ മത്സ്യ എന്നു പേരിട്ടിരിക്കുന്ന റെയ്ഡ് വരും ദിവസങ്ങളിലും തുടരും.

Top Post Ad

Below Post Ad