ന്യൂഡൽഹി : വടക്കുപടിഞ്ഞാറ് - മധ്യ ഇന്ത്യയിൽ ഏപ്രിലിലുണ്ടായത് 122 വർഷത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരമാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് (ഐ.എം.ഡി) 1901 മുതൽ കാലാവസ്ഥാ വിവരങ്ങൾ ശേഖരിച്ചുവരുന്നുണ്ട്.
ഏപ്രിലിൽ വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ ശരാശരി പരമാവധി താപനില 35.6 ഡിഗ്രീ സെൽഷ്യസായിരുന്നു. ഇടുക്കി ലൈവ്. ഏറെ കാലമായുള്ള ശരാശരിയേക്കാൾ 3.35 ഡിഗ്രി കൂടുതലാണ് ഈ മാസമുള്ള ശരാശരി. 2010 ഏപ്രിലിൽ രേഖപ്പെടുത്തിയ 35.4 ഡിഗ്രി സെൽഷ്യസെന്ന റെക്കോർഡ് താപനില ഈ വർഷം മറികടന്നിരിക്കുകയാണ്.
മധ്യ ഇന്ത്യയിൽ 37.78 ഡിഗ്രി സെൽഷ്യാണ് ഏപ്രിലിൽ താപനിലയുള്ളത്. 1973 ലുണ്ടായ 37.75 ഡിഗ്രി ശരാശരിയേക്കാൾ കൂടുതലാണിത്. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ താപനിലയും സാധാരണയിലും താഴെയാണ്. വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ 19.44 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ ശരാശരി താപനില. ദീർഘകാലമായുണ്ടായിരുന്ന ശരാശരിയേക്കാൾ 1.75 കൂടുതലാണിത്. ഇവിടുത്തെ ഏറ്റവും കുറഞ്ഞ താപനില മേയിലും ഇതേപടി തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.