സ്വർണവിലയിൽ ഇന്നും വൻ കുതിച്ചുചാട്ടം. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി.
ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഒറ്റയടിക്ക് കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്. ഇതായിരുന്നു നിലവിലെ റെക്കോഡ് വില. മാർച്ച് 18നാണ് സ്വർണം ആദ്യമായി ഈ വില തൊട്ടത്.
അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് ഇന്ന് 2021 ഡോളറിലെത്തിയിരുന്നു. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 60 ലക്ഷം രൂപ കടന്നു. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാർത്തകളാണ് സ്വർണ വില വർധനവിന് വഴിയൊരുക്കുന്നത്.
മാർച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വർണത്തിന് 25 ദിവസം കൊണ്ടാണ് 4,280 രൂപ വർധിച്ചത്. ഏപ്രിൽ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. രണ്ടാം തീയതി ഈ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച പവൻ വില 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയായിരുന്നു വില.