Type Here to Get Search Results !

ലോകത്ത് ആണവ ശക്തി ഉയരുന്നു



ലോകത്ത് പ്രവര്‍ത്തനക്ഷമമായ ആണവായുധങ്ങളുടെ എണ്ണം 2022ല്‍ കൂടിയതായി റിപ്പോര്‍ട്ട്. റഷ്യയുടെയും ചൈനയുടെയും ഭാഗത്ത് നിന്നാണ് കൂടുതല്‍ വര്‍ദ്ധനവുണ്ടായതെന്നും നോര്‍വീജിയന്‍ പീപ്പിള്‍സ് എയ്‌ഡ് സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.


യുക്രെയിന്‍ - റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആണവ ഭീതി ഉയരുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്തുവരുന്നത്.


2023ല്‍ ഒമ്ബത് ഔദ്യോഗിക, അനൗദ്യോഗിക ആണവ ശക്തികള്‍ക്കായി പ്രവര്‍ത്തനക്ഷമമായ 9,576 ആണവായുധങ്ങളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 9,440 ആയിരുന്നെന്നും റിപ്പോര്‍ട്ടില്‍ കാണാം. 135,000 ഹിരോഷിമാ ബോംബുകളേക്കാള്‍ ശക്തിയുള്ള വിനാശകാരികളാണ് ഈ ആയുധ ശേഖരം. ബെലറൂസില്‍ തങ്ങളുടെ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ശനിയാഴ്ച അറിയിച്ചിരുന്നു. 


മുന്‍ വര്‍ഷത്തെ കണക്കിലുണ്ടായ 136 ആണവായുധങ്ങളുടെ വര്‍ദ്ധനവ് റഷ്യ, ചൈന, ഇന്ത്യ, ഉത്തര കൊറിയ, പാകിസ്ഥാന്‍ എന്നിവരുടെ ഭാഗത്ത് നിന്നാണെന്നാണ് കണ്ടെത്തല്‍.


ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യം റഷ്യയാണ്. 5,889 എണ്ണം. സോവിയറ്റ് യൂണിയന്‍ നിലവിലുണ്ടായിരുന്നപ്പോള്‍ 40,000ത്തിലേറ ആണവായുധങ്ങള്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. 


ആണവോര്‍ജ്ജം ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. 38 ന്യൂക്ലിയര്‍ പവര്‍ റിയാക്ടറുകള്‍ റഷ്യയിലുണ്ട്. 2017 മുതല്‍ ആണവായുധങ്ങളുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണെന്നും നിരീക്ഷപ്പെടുന്നു. അതിനിടെ, ഡിക്കമ്മിഷന്‍ ചെയ്യപ്പെടുന്ന ആണവായുധങ്ങളുടെ എണ്ണം കുറയുന്നുമുണ്ട്. 


അതേ സമയം, 2035ഓടെ തങ്ങളുടെ ആണവായുധ ശേഖരം മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ചൈനയുടെ പദ്ധതി. നിലവില്‍ 350 ഓളം ആണവായുധങ്ങള്‍ ചൈനയ്ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് 900ത്തിലെത്തിക്കാനാണ് ചൈനയുടെ ലക്ഷ്യം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad