Type Here to Get Search Results !

ടോസിനുശേഷം കളിക്കാരെ തിരഞ്ഞെടുക്കാം; ഐ.പി.എലില്‍ പുതിയ നിയമങ്ങള്‍



ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിനുശേഷം ക്യാപ്റ്റന് ഇലവനെ പ്രഖ്യാപിക്കാനുള്ള നിയമം അനുവദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ടോസിനെത്തുമ്പോള്‍ ഇരു ക്യാപ്റ്റന്‍മാരും കളിക്കാരുടെ പട്ടിക കൈയില്‍ കരുതണം. ടോസ് ജയിച്ചാലും നഷ്ടപ്പെട്ടാലും ഉചിതമായ രീതിയില്‍ താരങ്ങളെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ അന്തിമ ഇലവന്റെ പട്ടിക ടോസിനുമുമ്പാണ് നായകര്‍ കൈമാറുന്നത്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ടോസിനുശേഷമാകും ഇലവനെ പ്രഖ്യാപിക്കുക.

ആദ്യം ബാറ്റിങ്ങാണെങ്കിലും ബൗളിങ്ങാണെങ്കിലും സാഹചര്യത്തിനനുസരിച്ച് കളിക്കാനാകുന്ന താരങ്ങളെ ക്യാപ്റ്റന് ടീമിലെത്തിക്കാനാകും. ഇത് മത്സരത്തിനും ഗുണകരമാകും. ഐ.പി.എലിന് ആവേശം വര്‍ധിപ്പിക്കാനും പുതിയ തീരുമാനത്തിനാകുമെന്നാണ് വിലയിരുത്തല്‍. നേരത്തേ ദക്ഷിണാഫ്രിക്കയിലെ എസ്.എ. 20 ക്രിക്കറ്റ് ലീഗില്‍ ഇതേരീതി പ്രയോഗിച്ചിട്ടുണ്ട്. 13 കളിക്കാരുടെ പട്ടികയുമായി ടോസിനെത്തുകയും ടോസിനുശേഷം അന്തിമ ഇലവനെ പ്രഖ്യാപിക്കുകയുമാണ് അവര്‍ ചെയ്തിരുന്നത്.

ഇതിനുപുറമെ, നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും പിഴയായി 30 വാര സര്‍ക്കിളിനുപുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. വിക്കറ്റ് കീപ്പര്‍ അനാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും നീങ്ങിയാല്‍ പന്ത് ഡെഡ് ബോളായി കണക്കാക്കുകയും പിഴയായി അഞ്ച് റണ്‍സ് എതിര്‍ ടീമിന് അനുവദിക്കുകയും ചെയ്യും. ഫീല്‍ഡര്‍ അനാവശ്യമായി ചലിച്ചാലും ഇതേ നടപടി നേരിടേണ്ടിവരും.

ഈമാസം 31-ന് അഹമ്മദാബാദിലാണ് ഐ.പി.എല്‍. തുടങ്ങുന്നത്. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടുക.


Top Post Ad

Below Post Ad