Type Here to Get Search Results !

ആദ്യപ്രസവത്തിന് മാത്രമല്ല, രണ്ടാമത്തെ കുഞ്ഞ് പെൺകുഞ്ഞായാൽ 5000 രൂപ ധനസഹായം നൽകാൻ കേന്ദ്രസർക്കാർ



രണ്ടാമത്ത് പെൺകുഞ്ഞ് ഉണ്ടായാൽ അമ്മമാർക്ക് ധനസഹായം ലഭിക്കും. ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’യിൽ നിന്നാണ് ധനസഹായം. നിലവിൽ ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിൽ മാതാവിന് ധനസഹായം ലഭിച്ചിരുന്നത്.


2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെയാണ് ധനസഹായം നൽകുന്നത്. ഇതിനായി എത്രഫണ്ട് മാറ്റിവെക്കണമെന്ന് നിശ്ചയിക്കാനായുള്ള കണക്കെടുപ്പ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങി. സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്.


ഇതുവരെ ആദ്യപ്രസവത്തിനാണ് മാതാവിന് 5,000 രൂപ ധനസഹായം നൽകിയിരുന്നത്. 5,000 രൂപയാണ് രണ്ടാംപ്രസവത്തിനും ലഭിക്കുക. മൂന്ന് ഗഡുക്കളായി മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണംലഭിക്കുക. ബി.പി.എൽ., എ.പി.എൽ. വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി.


എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക്‌ സഹായം ലഭിക്കില്ല. ഇതുവരെ അങ്കണവാടികൾ വഴിയായിരുന്നു അപേക്ഷ സ്വീകരിച്ചിരുന്നത്. എന്നാൽ, അപേക്ഷ സ്വീകരിക്കൽ ഓൺലൈനായി നടപ്പാക്കാനുള്ള സാധ്യത ഇത്തവണയുണ്ട്. പദ്ധതിയുടെ സോഫ്റ്റ്‌വെയർ പുതുക്കുന്ന നടപടി മാർച്ച് 27-നകം പൂർത്തിയാകുമെന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പ് അധികൃതർ പറയുന്നത്. ഇതിന് ശേഷമാകും അപേക്ഷ സ്വീകരിക്കൽ തുടങ്ങുക.

Top Post Ad

Below Post Ad