Type Here to Get Search Results !

അന്തരീക്ഷത്തില്‍ എതിര്‍ചുഴി; ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത, ആറിടങ്ങളില്‍ 40 ഡിഗ്രി കടന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ചൂട് അനുഭവപ്പെട്ടേക്കാം.


ഇന്നലെ പകല്‍ആറ് സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ഉയര്‍ന്നിരുന്നു. കണ്ണൂരിലും കാസര്‍കോടും പാലക്കാടുമാണ് ഇന്നലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നത്. 


അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന എതിര്‍ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. അടുത്ത ദിവസങ്ങളിലും താപനില കൂടുതലാവാന്‍ തന്നെയാണ് സാധ്യതയെന്നാണ് അറിയിപ്പ്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂര്‍ ചെമ്ബേരിയില്‍ 41.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. പാലക്കാട് എരിമയൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യസും കാസര്‍കോട് പാണത്തൂരില്‍ 40.3 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ ആറളത്ത് 40.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 


ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പ് സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.


പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യും.

Top Post Ad

Below Post Ad