Type Here to Get Search Results !

മാര്‍ച്ച് 1 മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലും*



മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്.


താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളജുകളിലെ സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതോടെ ആ ആശുപത്രികള്‍ക്ക് സഹായകരമാകും. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറല്‍, ബാക്ക് റഫറല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.


ജില്ലാ റെസിഡന്‍സി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിസംബര്‍ രണ്ടിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനതല നോഡല്‍ ഓഫീസറായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡി.എം.ഇ. കോ-ഓര്‍ഡിനേററ്ററായി ഡോ. സി രവീന്ദ്രനെ നിയമിച്ചു. ജില്ലാ റെസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റിയും ജില്ലാതല കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ റെസിഡന്‍സി പ്രോഗ്രാം നടപ്പിലാക്കുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.


സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 854, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 430, എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ 98 എന്നിങ്ങനെ ആകെ 1382 പിജി ഡോക്ടര്‍മാരെയാണ് വിവിധ ആശുപത്രികളിലേക്ക് നിയമിക്കുന്നത്. 9 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേയും ആര്‍സിസിയിലേയും 19 സ്വകാര്യ മെഡിക്കല്‍ കോളജുകളിലേയും പിജി ഡോക്ടര്‍മാര്‍ ഇതിലുള്‍പ്പെടും. 3 മാസം വീതമുള്ള 4 ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പരമാവധി അതത് ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള പിജി ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്. മെഡിക്കല്‍ കോളജുകളില്ലാത്ത ജില്ലകളില്‍ മറ്റ് ജില്ലകളില്‍ നിന്നും വിന്യസിക്കും.


100 കിടക്കകള്‍ക്ക് മുകളില്‍ വരുന്ന താലൂക്കുതല ആശുപത്രികള്‍ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നത്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ജില്ലാ, ജനറല്‍ ആശുപത്രി, മാനസികാരോഗ്യ കേന്ദ്രം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ടി.ബി. സെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. പിജി വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതി ഏറെ ഗുണം ചെയ്യും. മികച്ച പരിശീലനം നേടാനും സംസ്ഥാനത്തെ ജില്ലാതല ആരോഗ്യ സംവിധാനങ്ങളെ അടുത്തറിയാനും സാമൂഹികമായി ഇടപെടാനുമുള്ള അവസരം ഇതിലൂടെ സാധ്യമാകുന്നു.

Top Post Ad

Below Post Ad