ലോകത്തിലേറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മികവ് കാണിക്കാറുള്ള വാട്‌സാപ്പിന്റെ സമീപനം മിക്കപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത. പുതിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ് എന്നും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകും എന്നുമാണ് വിവരങ്ങള്‍.
വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.