Type Here to Get Search Results !

ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; നടയടച്ചശേഷവും പതിനെട്ടാംപടി കയറാം



പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർഥാടകർക്ക് തൃപ്തികരമായ വിധത്തില്‍ ദർശനം ഉറപ്പാക്കാൻ പ്രതിദിനം 90,000 പേർക്കായി ദർശനം പരിമിതപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. ദർശനസമയം ഒരു മണിക്കൂർ നീട്ടിയതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

 

ദർശനസമയം ഒരു മണിക്കൂർ കൂട്ടിയതോടെ ഒരു ദിവസം 19 മണിക്കൂർ ദർശനത്തിനായി നടതുറക്കാൻ സാധിക്കും. പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നാൽ പകൽ 1.30ന് നട അടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറന്ന് രാത്രി 11.30ന് നട അടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

അഷ്ടാഭിഷേകത്തിന്റേയും പുഷ്പാഭിഷേകത്തിന്റെ എണ്ണം പരിമിതപ്പെടുത്തി. അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും നടക്കുമ്പോൾ ഒന്നാമത്തെ വരിയിൽ കൂടി ആളുകളെ കയറ്റിവിടും. ഹരിവരാസന സമയത്തും എല്ലാ വരികളിൽകൂടിയും ഭക്തരെ കടത്തിവിടും. ശരംകുത്തിമുതൽ നടപ്പന്തൽ വരെ ഭക്തർക്ക് വെള്ളവും ബിസ്കറ്റും നൽകും. നിലക്കലിൽ പാർക്കിങ്ങിനായി കൂടുതൽ സൗകര്യം ഒരുക്കും. ആവശ്യമായ ക്രമീകരണങ്ങൾ നടത്തിവരുന്നു.

 

പതിനെട്ടാംപടിയിൽ പരിശീലനം ലഭിച്ച പോലീസുകാരെ നിയോഗിക്കും. രാത്രി 11.30ന് ശേഷവും പതിനെട്ടാം പടി കയറാം. നടയടച്ച ശേഷം പടി കയറുന്നവർക്ക് പുലർച്ചെ ദർശനസൗകര്യം ഒരുക്കും. 19,17,385 ആളുകൾ ഇതുവരെ വെർച്വലായി ബുക്ക് ചെയ്തു. 14,98,824 പേരാണ് ഞായറാഴ്ചവരെ ദർശനം നടത്തിയതെന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad