Type Here to Get Search Results !

അടിമുടി മാറി വാട്‌സ്ആപ്പ്; ഇനി ആരും അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റാകാം



വാട്‌സ്ആപ്പ് തങ്ങളുടെ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി അടുത്തിടെ മെസേജ് റിയാക്ഷന്‍ ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. എല്ലാ അപ്പ്‌ഡേറ്റിലും മികച്ച ഫീച്ചേഴ്‌സാണ് വാട്‌സ് ആപ്പ് ഇപ്പോള്‍ നല്‍കുന്നത്. ഇപ്പോഴിതാ ഏറെ ഉപയോഗപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ് ആപ്പ്. എല്ലാവരും അറിയുമല്ലോയെന്നോര്‍ത്താണ് പലപ്പോഴും താല്പര്യമില്ലെങ്കിലും നമ്മളില്‍ പലരും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തുടരുന്നത്. എന്നാല്‍, ആരും അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റാകാനുള്ള ഫീച്ചറാണ് വാട്‌സ്ആപ്പ് തയ്യാറാക്കുന്നത്.


നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ആളുകള്‍ ലെഫ്റ്റാകുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരും കാണുന്ന രീതിയില്‍ ഒരു സിസ്റ്റം മെസേജ് വരും. എന്നാല്‍ പുതിയ ഫീച്ചറിലൂടെ നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഇത്തരമൊരു മെസേജ് ആരും കാണില്ല. പുതിയ ഫീച്ചര്‍ വരുന്നതോടെ നിങ്ങള്‍ക്ക് താല്പര്യമില്ലാത്ത ഗ്രൂപ്പുകളില്‍നിന്നെല്ലാം ആരും അറിയാതെ ലെഫ്റ്റാകാം. മെറ്റാ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ വൈകാതെ തന്നെ അവതരിപ്പിച്ചേക്കും. ഇത്തരമൊരു ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിന് മാത്രമേ നിങ്ങള്‍ ലെഫ്റ്റ് ചെയ്‌തെന്ന് അറിയാന്‍ കഴിയുവെന്നും സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നു. നിലവില്‍ വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലും ഈ ഫീച്ചര്‍ ഉടന്‍തന്നെ കിട്ടുമെന്നാണ് പ്രതീക്ഷ.


ഒരു മെസേജിനോട് എളുപ്പം പ്രതികരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന മെസേജ് റിയാക്ഷന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അടുത്തിടെ കൊണ്ടുവന്നിരുന്നു. ആറ് ഇമോജികള്‍ ഉപയോഗിച്ച് മെസേജുകള്‍ക്ക് ക്വിക്ക് റിയാക്ഷന്‍ നല്‍കുന്ന ഫീച്ചറാണ് വാട്‌സ് ആപ്പ് കൊണ്ടുവന്നത്. ഇതിനുപുറമെ മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം എല്ലാ ഗ്രൂപ്പുകളും ഒരുമിച്ച് കൊണ്ടുവരുന്നതിനായി വാട്‌സ് ആപ്പ് കമ്മ്യണിറ്റികള്‍ ടാബ് അവതരിപ്പിച്ചിരുന്നു. നിങ്ങള്‍ ക്രിയേറ്റ് ചെയ്തതോ അംഗമായതോ ആയ എല്ലാ കമ്മ്യൂണിറ്റികളും പ്രത്യേക ടാബില്‍ കാണിക്കുന്നതാണ് ഈ ഫീച്ചര്‍. വാട്‌സ്ആപ്പ് കമ്മ്യൂണിറ്റി ടാബ് വന്നതുകൊണ്ട് ചാറ്റുകളുടെ ലിസ്റ്റില്‍ ഗ്രൂപ്പ് സെര്‍ച്ച് ചെയ്ത് കഷ്ടപ്പെടേണ്ടതില്ല.


ഇത് കൂടാതെ വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ എട്ട് ആളുകളില്‍ നിന്നും 32 പേരെ വരെ ഉള്‍പ്പെടുത്താനാവുന്ന ഫീച്ചറാണ് പുതുതായി വന്നിരിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ ഫീച്ചര്‍ ആപ്പിലൂടെ അയക്കാവുന്ന ഫയലുകളുടെ സൈസ് വര്‍ധിപ്പിച്ചതാണ്. രണ്ട് ജിബി വരെയുള്ള വലിയ ഫയലുകള്‍ അയക്കാന്‍ ഇനി മുതല്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം. ഈ ഫീച്ചര്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ലഭ്യമാണ്, വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad