Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഭരണഘടന വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിന് നിയമവുമായി മുന്നോട്ട് പോകാം. ഇതിനായുള്ള ചട്ടങ്ങളും രൂപീകരിക്കാം. ട്രൈബ്യൂണല്‍ ഉത്തരവുകളെ നേരിട്ട് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനുള്ള വകുപ്പും ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് അംഗീകരിച്ചു.


◼️പേരറിവാളന്റെ അമ്മ അര്‍പുതമ്മാളിന്റെ ഏറെനാള്‍നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഫലപ്രാപ്തി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി.


◼️സംസ്ഥാനത്തെ 42 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കം. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍12 വാര്‍ഡുകള്‍ യുഡിഎഫ് നേടി. ആറിടത്ത് ബിജെപിക്കും വിജയിക്കാനായി. അതേസമയം തൃപ്പൂണിത്തുറയിലും വെളിനെല്ലൂര്‍ പഞ്ചായത്തിലും ഇടത് മുന്നണിക്ക് കേവല ഭൂരിക്ഷം നഷ്ടമായി. തൃപ്പുണിത്തുറ നഗരസഭയില്‍ രണ്ട് സീറ്റുകള്‍ എന്‍ഡിഎ പിടിച്ചെടുത്തതോടെയാണ് എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായത്. വെളിനെല്ലൂരില്‍ യുഡിഎഫും ഇടതിന്റെ സീറ്റ് പിടിച്ചെടുത്തു.


◼️കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി.  


◼️മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വിവാദ പരാമര്‍ശം തൃക്കാക്കര പ്രചാരണത്തില്‍ മുഖ്യ വിഷയമായി ഉയര്‍ത്താന്‍ ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷനെതിരെ സിപിഎം ഇന്ന് പരാതി നല്‍കിയേക്കും. ബൂത്ത് തലത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സുധാകരനെതിരെ നടപടിയെടുക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. സുധാകരന്‍ നടത്തിയത് പദവിക്ക് നിരക്കാത്ത പ്രയോഗമെന്ന് എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. പന്തീരാണ്ട് കാലം കുഴലിലിട്ടാലും സുധാകരനെ നേരെയാക്കാന്‍ കോണ്‍ഗ്രസിന് ആവില്ലെന്ന് എം വി ജയരാജനും വിമര്‍ശിച്ചു.


◼️കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുഖ്യമന്ത്രിതിരായി നടത്തിയ വിവാദ പരാമര്‍ശം ഇടത് മുന്നണി തൃക്കാക്കരയില്‍ ആയുധമാക്കുന്നതിനെ പ്രതിരോധിച്ച് യുഡിഎഫ്. ''അത്തരം വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണെന്നും തൃക്കാക്കരയില്‍ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.


◼️കിഫ്ബി സഹായത്തോടെ 700 cng ബസ്സുകള്‍ വാങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം കെഎസ്ആര്‍ടിസിക്ക് 455 കോടി രൂപ അനുവദിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ 30 കോടി രൂപ സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. ശമ്പളത്തിനായി പ്രതിമാസം 30 കോടി രൂപയില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.


◼️കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിന് സിഐടിയു. മറ്റന്നാള്‍ ട്രാന്‍സ്പോര്‍ട്ട് ഭവന്‍ ഉപരോധിച്ചിച്ച് സമരം പ്രഖ്യാപനം നടത്തും. സമരത്തിന്റെ പേരില്‍ ജീവനക്കാരോട് ഗതാഗത വകുപ്പ് മന്ത്രി ശത്രുതാ നിലപാട് സ്വീകരിക്കുന്നുവെന്നും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന മന്ത്രിയുടെ നിലപാട് അപക്വമാണെന്നും സിഐടിയു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നാളെ ഗതാഗതി മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു.


◼️'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.


◼️വാഗമണ്‍ ഓഫ് റോഡ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഇന്ന് ഇടുക്കി ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല. ഓഫ് റോഡ് റെയ്സില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആര്‍ടിഒ നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് ഹാജരാകുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നത്. കളക്ടര്‍ നിരോധിച്ച റേസില്‍ പങ്കെടുത്തതിനാണ് ജോജു ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരായ കേസ്.


◼️പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ് (38)നെയാണ് പെരിന്തല്‍മണ്ണ പോലിസ് ഇന്നലെ അറസ്റ്റുചെയ്തത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണ്.


◼️മെട്രോ സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി. സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് കേരളത്തില്‍ ട്രെന്റിംഗ് ആയ സാഹചര്യത്തില്‍ കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും. സഞ്ചരിക്കുന്ന ട്രെയിനില്‍ ഷൂട്ട് ചെയ്യണമെങ്കില്‍ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. ഒരു കോച്ചിന് 10000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നല്‍കണം. ഷൂട്ട് കഴിയുമ്പോള്‍ ഈ തുക തിരിച്ച് നല്‍കും.


◼️പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ കൊന്നു.പാപ്പാന്‍ വിനോദ് ആണ് മരിച്ചത്. വരിക്കാശേരി മനയിലാണ് സംഭവം. ചികിത്സയില്‍ ഉള്ള ആനയാണ് ആക്രമിച്ചത്.


◼️സംസ്ഥാനത്ത് അതീതീവ്ര മഴ മുന്നറിയിപ്പ് . നാല് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് , വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയുടെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.


◼️അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചലിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം. അസ്സമില്‍ മണ്ണിടിച്ചലിലും മഴയിലും പെട്ട് ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആറ് പേരെ കാണാതായി. അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ത്രിപുര, മിസോറാം, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. പല സ്ഥലങ്ങളിലും റോഡും റെയില്‍ പാളവും ഒഴുകിപ്പോയി.


◼️ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, ഫാക്കല്‍റ്റിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സ്ഥാപന സംവിധാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് അവലോകനം ചെയ്തു. അധ്യാപക വിദ്യാഭ്യാസത്തിനും അദ്ധ്യയനവിഭാഗത്തിന്റെ വികസനത്തിനുമായി രാജ്യവ്യാപകമായി ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ''മാളവ്യ മിഷന്‍'' എന്ന ആശയവും മന്ത്രി പ്രധാന്‍ മുന്നോട്ടുവച്ചു.


◼️ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് വിമര്‍ശിച്ചും മോദി സര്‍ക്കാരിനെ പ്രശംസിച്ചുമാണ് ഹാര്‍ദിക് രാജിക്കത്ത് സമര്‍പ്പിച്ചത്.


◼️കന്നഡ സീരിയല്‍ നടി ചേതന രാജിന്റെ മരണത്തില്‍ ബെംഗ്ലൂരുവിലെ കോസ്മെറ്റിക് ക്ലിനിക്കിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.


◼️ഷീന ബോറ കൊലപാതകക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം. ആറര വര്‍ഷത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം ലഭിച്ചത്. 2021 ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.


◼️ബോഡിഷെയ്മിംഗിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠിയെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ 'പെണ്‍കുട്ടി' എന്ന് വിളിച്ച് അപമാനിച്ചതായി തമിഴ്‌നാട് പൊലീസ് പറഞ്ഞു. നിരന്തരമായ അപമാനം സഹിച്ച കുട്ടി സഹപാഠിയെ അരിവാളും കത്തിയും ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്.


◼️ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ജീവന്മരണ പോരാട്ടം. പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ലഖ്നൗവിന് ഒരു ജയം മാത്രം മതി. എന്നാല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് വമ്പന്‍ ജയം കൂടിയേതീരു.


◼️ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 2,008 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 759 കോടി രൂപയായിരുന്നു അറ്റാദായം. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ എയര്‍ടെല്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 22.3 ശതമാനം ഉയര്‍ന്ന് 31,500 കോടി രൂപയായി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 25,747 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15,084 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 4,255 കോടി രൂപയുടെ അറ്റാദായം 2022 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തി. ഭാരതി എയര്‍ടെല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100,616 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 116,547 കോടി രൂപ വരുമാനം നേടി.


◼️റിയല്‍ എസ്റ്റേറ്റ് സേവന കമ്പനിയായ സനാഡു റിയല്‍റ്റിയില്‍ നിക്ഷേപവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്സിയും അതിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും. ഏതാനും ഓഹരികള്‍ സ്വന്താക്കി ഏകദേശം ആയിരം കോടിയുടെ നിക്ഷേപമാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, എച്ച്ഡിഎഫ്‌സിയുടെ അനുബന്ധ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ക്യാപിറ്റല്‍ അഡൈ്വസേഴ്‌സും റിയല്‍ എസ്റ്റേറ്റ് ഇക്കോസിസ്റ്റത്തിന്റെ നേട്ടത്തിനായി റിയല്‍ എസ്റ്റേറ്റ് ഡിജിറ്റല്‍ സൗകര്യ ദാതാക്കളായ ലോയലി ഐടി സൊല്യൂഷനിലും നിക്ഷേപം നടത്തിയിരുന്നു.


◼️ജയസൂര്യയുടെ ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് റിലീസ് ചെയ്യുകയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് ചുമതലയേല്‍ക്കും എന്ന് ബ്രേക്കിംഗ് ന്യൂസിനോട് സാദൃശ്യമുള്ള പ്രമോയാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ നിഗൂഢത നിറഞ്ഞ ട്രെയിലറില്‍ അപ്രതീക്ഷിതമായി നടക്കുന്ന അപകടവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് കാണിക്കുന്നത്. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്‌മാനാണ്.


◼️ടൊവിനോ- ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങി ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നല്‍ മുരളി. ഇന്ത്യയൊട്ടാകെ ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിവിധ മേഖലകളില്‍ ഉള്ള താരങ്ങള്‍ മിന്നല്‍ മുരളിയെ അനുകരിച്ചു കൊണ്ട് രംഗത്തെത്തി. ഇപ്പോഴിതാ പുതിയ പുരസ്‌കാര തിളക്കത്തില്‍ നില്‍ക്കുകയാണ് ബേസില്‍ ചിത്രം. നാലാമത് ഐ ഡബ്ല്യൂ എം ഡിജിറ്റല്‍ അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡാണ് ഐഡബ്ല്യൂഎം ഡിജിറ്റല്‍ അവാര്‍ഡ്.


◼️ചെക്ക് റിപ്പബ്ളിക്കന്‍ വാഹന നിര്‍മ്മാണക്കമ്പനിയായ സ്‌കോഡയ്ക്ക് ഇന്ത്യയില്‍ വന്‍ ജനപ്രീതി സമ്മാനിച്ച പുത്തന്‍താരങ്ങളിലൊന്നായ കുഷാക്കിന്റെ 'മോണ്ടികാര്‍ലോ' എഡിഷന്‍ വിപണിയിലെത്തി. ഇടത്തരം എസ്.യു.വിയായ കുഷാക്കിന്റെ ഈ ടോപ്-എന്‍ഡ് പതിപ്പിന് 15.99 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. മോണ്ടി കാര്‍ലോയുടെ ടോപ് മോഡലിന് എക്‌സ്ഷോറൂം വില 19.49 ലക്ഷം രൂപ. ഇന്ത്യയില്‍ സ്‌കോഡയ്ക്ക് ഏറ്റവുമധികം വില്പനയുള്ള മോഡലുകളിലൊന്നാണ് കുഷാക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad