ന്യൂഡൽഹി: നിലമ്പൂർ- നഞ്ചൻകോട് റെയിൽപ്പാതയിൽ കേരളത്തിന് വീണ്ടും പ്രതീക്ഷനൽകി കേന്ദ്രത്തിന്റെ പ്രഖ്യാപനം. നിലമ്പൂർ-സുൽത്താൻ ബത്തേരി-നഞ്ചൻകോട് പാതയുടെ അന്തിമ സർവേ നേരിട്ട് നടത്താൻ കേന്ദ്രം നീക്കം തുടങ്ങി.
മുൻപ് നടന്ന സർവേകളെത്തുടർന്ന് കർണ്ണാടകയുടെ നേതൃത്ത്വത്തിൽ പാതയുടെ നിർമാണത്തിന് സഹകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുമായി നടന്ന ചർച്ചയിൽ പിണറായി വിജയൻ വിഷയം ഉന്നയിച്ചെങ്കിലും പാരിസ്ഥിതികപ്രശ്നം ഉന്നയിച്ച് കർണാടക തള്ളുകയായിരുന്നു. പാതയുടെ അനുമതി വാങ്ങുന്ന കാര്യത്തിൽ കേരള മുഖ്യമന്ത്രി വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും തലശ്ശേരി-മൈസൂരു പാതയ്ക്കുവേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മെട്രോമാൻ ഡോ. ഇ. ശ്രീധരൻ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ നിരാശപ്പെട്ട് കഴിയുമ്പോഴാണ് പുതിയ പ്രഖ്യാപനം. നിലമ്പൂർ-നഞ്ചൻകോട് പാത നടപ്പായാൽ കൊച്ചിയിൽനിന്ന് മൈസൂരുവിലേക്കുള്ള ദൂരം 348 കിലോമീറ്ററായി കുറയും. ബെംഗളൂരുവിലേക്കുള്ള ദൂരത്തിലും കാര്യമായ കുറവുണ്ടാകും. മാത്രമല്ല കർണാടകയ്ക്ക് കൊച്ചിയുമായും വിഴിഞ്ഞം തുറമുഖവുമായും പുതിയ ഒരു റെയിൽവേ ലൈൻകൂടി ലഭ്യമാകുകയും ചെയ്യും. കേരളത്തിൽ നിന്നുള്ള വലിയൊരു വിഭാഗം വിദ്യാർഥികൾക്ക് വേഗത്തിൽ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെത്താനും പറ്റും. ബെംഗളൂരുവിലെ ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്കും പ്രയോജനമുണ്ടാകും.
കേരളത്തിലെ നിലവിലുള്ള എല്ലാ റെയിൽപ്പാളങ്ങളും പരമാവധി ഉപയോഗക്ഷമതയിലെത്തിയിരിക്കുന്നതിനാൽ പുതിയ തീവണ്ടികൾ സർവീസ് നടത്താൻ പറ്റാത്ത അവസ്ഥയുണ്ട്. എന്നാൽ നിലമ്പൂരിനും നഞ്ചൻകോടിനും ഇടയിൽ പുതിയ പാത വരുന്നതോടെ കേരളത്തിന്റെ മധ്യഭാഗത്തേക്ക് ബെംഗളൂരുവിൽനിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാം.
ദേശീയ തലസ്ഥാനമായ ഡൽഹിയെ ഹൈദരാബാദ്, ബെംഗളൂരു, മൈസൂരു വഴി കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളുമായി ഇന്ത്യയുടെ മധ്യഭാഗത്തെക്കൂടി ബന്ധിപ്പിക്കുന്ന സുപ്രധാനമായ പാതയാകും ഇത്. കൊങ്കൺ പാതയിൽ തടസ്സം നേരിട്ടാൽ ബൈപ്പാസ് ആയും ഉപയോഗിക്കാം.
വയനാട് ജില്ലയെ കേരളത്തിലെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന നാലു ചുരങ്ങളിലെ ഗതാഗത തടസ്സം പലപ്പോഴും ആളുകളുടെ മരണത്തിന് വരെ കാരണമാകാറുണ്ട്. റെയിൽപ്പാത വരുന്നതോടെ ഇതിനെല്ലാം മാറ്റംവരും. വാഹനാപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാനാകും. അന്തരീഷ മലിനീകരണവും കുറയ്ക്കാം