തൃശൂര്‍ കണ്ണാറ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണ് വിദ്യാർഥി മരിച്ചു. കൊല്ലങ്കോട് സ്വദേശി കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിത്തിനൊപ്പം കാൽ വഴുതി കയത്തിൽ വീണ സുഹൃത്ത് അമിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കൾ ഉച്ചയോടെയാണ് സംഭവം. ആറു പേരടങ്ങുന്ന സുഹൃത്തുക്കൾ സംഘമായി ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് രോഹിത്തും അമിലും കയത്തിലേക്ക് വീണത്. രണ്ടു പേരെയും സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. അമിലിനെ കരയ്‌ക്കു കയറ്റി. എന്നാല്‍ രോഹിത്തിനെ കരയിലേക്ക് കയറ്റാൻ കഴിഞ്ഞില്ല. യുവാക്കൾ അപകടത്തിൽപ്പെട്ട വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രോഹിതിനെ കയത്തിൽ നിന്നും പുറത്തെടുത്തത്. ഉടനെ ആംബുലൻസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അങ്കമാലി ഫിസാറ്റിലെ വിദ്യാര്‍ഥികളാണ് ഇവർ. തൃശൂർ പൂരത്തിനായി തൃശൂർ ജൂബിലി മിഷന് സമീപമുള്ള സഹപാഠി അമിലിന്റെ വീട്ടിൽ എത്തിയതായിരുന്നു എല്ലാവരും. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം ഉണ്ടായത്.