അരിക്കൊമ്പൻ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്നാട് വിലക്കി. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പൻ കാടിനു പുറത്തിറങ്ങി ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂർ റേഞ്ച് ഓഫിസർ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നിൽപെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളർ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകർ ആനയെ കാട്ടിലേക്ക് ഓടിച്ചു.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്നാട് വനപാലകർ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാൻ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂർ റേഞ്ച് ഓഫിസർ ശിവാജി പറഞ്ഞു. ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്നാട്ടിൽ ഇപ്പോൾ ജനസംസാരം. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാർ പറയുന്നത്.
മേഘമല, ഹൈവേയ്സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്‌റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേർന്നാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല.
അരിക്കൊമ്പൻ പിൻവാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരിൽ നിന്ന് തമിഴ്നാട് വനം വകുപ്പിന്റെ ചെക്പോസ്റ്റ് കടന്നു വേണം മേഘമലയിൽ എത്താൻ. ഇന്നലെ ഈ ചെക്പോസ്റ്റിൽ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചു.