സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ചൂട്. പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച 40.1 ഡിഗ്രിയാണ്. തൃശൂര്‍ വെള്ളാനിക്കരയില്‍ 37.8, പുനലൂരില്‍ 37.4, കോട്ടയത്ത് 37 ഡിഗ്രി താപനില രേഖപ്പെടുത്തി.
അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് മാപിനികളില്‍ പാലക്കാട് മലമ്ബുഴ ഡാമിലും മംഗലം ഡാമിലും 42 ഡിഗ്രി രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 10 സ്റ്റേഷനില്‍ 40നു മുകളിലാണ്. ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അടുത്ത ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നും വേനല്‍ മഴ മാറിനില്‍ക്കുന്നതിനാലാണ് ഇതെന്നും കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ മൂന്നുവരെ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി വെള്ളം കുടിക്കണം. ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും 40 കിലോ മീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.