Type Here to Get Search Results !

ഓപ്പറേഷന്‍ റേസ് ': കൗമാരക്കാരുടെ ഡ്രൈവിംഗ് കന്പത്തിന് ഇനി പിടിവീഴും



 വിദ്യാലയങ്ങളടച്ചതോടെ കൗമാര പ്രായക്കാരുടെ ഡ്രൈവിംഗ് കന്പം നിരത്തുകളില്‍ അപകട ഭീഷണിയുയര്‍ത്തുന്നു. പൊതുനിരത്തുകളില്‍ കുട്ടികള്‍ ഡ്രൈവിംഗ് പഠിക്കുന്നതും ഇരുചക്ര വാഹനങ്ങളടക്കം ഓടിക്കുന്നതും ദിനംപ്രതി കൂടി വരുന്ന സാഹചര്യമാണുള്ളത്. സ്കൂളുകള്‍ അടച്ചശേഷമാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനവുമായി റോഡിലിറങ്ങുന്ന പ്രവണത കൂടിയത്. 

ഒരു ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ വരെ സവാരി നടത്തുന്നുണ്ട്. ഡ്രൈവിംഗ് പഠനമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഒഴിഞ്ഞ പ്രദേശങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കാതെ റോഡിലേക്ക് ഇറങ്ങുന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയ്ക്കും നടപടികള്‍ക്കുമൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം. 

"ഓപ്പറേഷന്‍ റേസ്' പദ്ധതിയുടെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കുന്നത്. മുന്പുതന്നെ സ്കൂളിലേക്കും ട്യൂഷന്‍ ക്ലാസിനും ഇരുചക്രവാഹനങ്ങളിലാണ് പലരും പോയിരുന്നത്. അധികൃതര്‍ കൈകാണിക്കുന്പോള്‍ നിര്‍ത്താതെ പോകുന്നവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോള്‍ ഒരു ഭയവുമില്ലാതെയാണ് നിരത്തുകളില്‍ വിലസുന്നത്. 

അതേ സമയം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അമിതവേഗത്തില്‍ പോകുന്ന കുട്ടികളെ പിന്തുടരാതെ വിടേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. പലയിടങ്ങളിലും രക്ഷിതാക്കള്‍ തന്നെ വാഹനം നല്കി കുട്ടികളെ പറഞ്ഞയക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

നേരത്തെ സ്കൂള്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ശക്തമാക്കിയിരുന്നെന്നും പിടികൂടിയവരില്‍ നിന്ന് പിഴയുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയുണ്ടായെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ പറയുന്നത്.

അതേ സമയം പ്രായപൂര്‍ത്തിയാകാത്തവരെ വാഹനം ഓടിച്ച്‌ പിടിച്ചാല്‍ പണിവരുന്നത് രക്ഷിതാവിനും വാഹന ഉടമയ്ക്കുമാണ്. 

25,000 രൂപ പിഴയ്ക്കൊപ്പം മൂന്നുവര്‍ഷം തടവും ശിക്ഷ കിട്ടും. ഒപ്പം വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷംവരെ റദ്ദാക്കും. വാഹനമോടിച്ച കുട്ടിക്ക് 25 വയസുവരെ ലൈസന്‍സും നല്കില്ല. പുറമെ, ജുവനൈല്‍ കോടതി മുഖാന്തരമുള്ള കേസും നേരിടേണ്ടിവരും. 

ഇപ്പോള്‍ ജില്ലയില്‍ നടക്കുന്ന പരിശോധനയില്‍ പിഴ നടപടികള്‍ ഒഴിവാക്കി ലൈസന്‍സ് റദ്ദാക്കല്‍ നടപടികളിലേക്ക് അധികൃതര്‍ കടക്കാനിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ യാത്ര, കൈകാണിച്ചാല്‍ നിര്‍ത്താതിരിക്കുക, അനുവദനീയമായവരില്‍ കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റുക, മദ്യപിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും മുന്പ് അധികൃതര്‍ നടപടികള്‍ എടുത്തിരുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad