മലപ്പുറം:നിലമ്പൂർ കരുളായിയിൽ കാട്ടുപന്നി മുന്നിൽച്ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുത്തശ്ശി ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു. കരുളായി വാസുപ്പടി കൊയലമുണ്ട കുരുന്നപ്പിള്ളിൽ ജോജിയുടെയും പ്രിയയുടെയും മകൻ ആദിൽ ജോജി (കണ്ണൻ - 22) ആണ് മരിച്ചത്. പ്രിയയുടെ മാതാവ് ഏലിയാമ്മ (80), ജോലിക്കാരി ലിസി (സുശീല - 50) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുളായി വാരിക്കൽ പാണ്ടിലംപാടത്ത് പുലർച്ചെ 2ന് ആണ് അപകടം. ആദിൽ ബെഗംളൂരുവിൽ ബിബിഎ വിദ്യാർഥിയാണ്. കോഴിക്കോട്ട് ആദിലിന്റെ അമ്മാവൻ പ്രിജുവിന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മൂവരും.
ആദിലാണ് കാർ ഓടിച്ചത്. വീടിന് ഒരു കിലോമീറ്റർ അകലെവച്ചാണ് അപകടം. കാറിനു മുന്നിലേക്ക് ചാടിയ കാട്ടുപന്നിയെക്കണ്ട് ആദിൽ കാർ വെട്ടിച്ചപ്പോൾ 8 അടി താഴ്ചയിൽ വയലിലേക്ക് മറിയുകയായിരുന്നു. ആദിൽ തൽക്ഷണം മരിച്ചു.
കീഴ്മേൽ മറിഞ്ഞ കാറിൽനിന്ന് ഓടിക്കൂടിയ നാട്ടുകാർ എല്ലാവരെയും പാടുപെട്ടാണ് പുറത്തെടുത്തത്. ഏലിയാമ്മയെ ശസ്ത്രക്രിയക്ക് വിധേയയാക്കി.