Type Here to Get Search Results !

ചട്ടം ലംഘിച്ചുള്ള നിർമാണം പിടിക്കും; വീടുവീടാന്തരം പരിശോധന



തിരുവനന്തപുരം ∙ കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുള്ള നിർമിതികളും കൂട്ടിച്ചേർക്കലുകളും കണ്ടെത്താൻ വീടുവീടാന്തരം കയറിയുള്ള പരിശോധന ഉടൻ‌ തുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ എല്ലാ നിർമാണങ്ങളും പരിശോധനയിൽ കണ്ടെത്തും. മേയ് 15നു മുൻപ് കെട്ടിട ഉടമ സ്വമേധയാ തദ്ദേശ സ്ഥാപന സെക്രട്ടറിയെ രേഖാമൂലം വിവരം അറിയിച്ചാൽ പിഴയിൽ നിന്നു രക്ഷപ്പെടാം. പരിശോധന ജൂൺ 30നു പൂർത്തിയാക്കി അധിക കെട്ടിടനികുതിയും പിഴയും ചുമത്താൻ നിർദേശിച്ചു തദ്ദേശ വകുപ്പ് ഉത്തരവിറക്കി.


ഉടമ അറിയിച്ചാലും ഇല്ലെങ്കിലും കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീൽഡ് ഓഫിസർമാർ പരിശോധിച്ചു സോഫ്റ്റ്‌വെയറിൽ ചേർക്കുകയും മാറ്റം വന്ന കാലം മുതലുള്ള അധിക നികുതി നിർണയിക്കുകയും ചെയ്യും. വിവര ശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയോഗിക്കും. 



ഒരു തദ്ദേശസ്ഥാപനത്തിനു കീഴിൽ പരിശോധിക്കുന്ന കെട്ടിടങ്ങളിൽ 10% കെട്ടിടങ്ങൾ തദ്ദേശ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ വീണ്ടും പരിശോധിക്കും. ആദ്യ പരിശോധനയിൽ 25 ശതമാനത്തിലേറെ പാളിച്ചകണ്ടെത്തിയാൽ മുഴുവൻ കെട്ടിടങ്ങളും വീണ്ടും പരിശോധിക്കും.


പരിശോധന കഴിഞ്ഞ് 30 ദിവസത്തിനകം‌ ഉടമയ്ക്കു ഡിമാൻഡ് നോട്ടിസ് നൽകും. ആക്ഷേപമുണ്ടെങ്കിൽ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കണം. സിറ്റിസൻ പോർട്ടലിലെ 9ഡി ഫോമിൽ ഓൺലൈനായാണ് ആക്ഷേപം സമർപ്പിക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്ക് സൗകര്യം ഒരുക്കും. പഞ്ചായത്തുകളിൽ പ്രസിഡന്റ്, സെക്രട്ടറി, എൻജിനീയർ എന്നിവരും നഗരസഭകളിൽ ഡപ്യൂട്ടി മേയർ/ വൈസ് ചെയർപഴ്സൻ, സെക്രട്ടറി, എൻജിനീയർ എന്നിവരും ഉൾപ്പെട്ട സമിതി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.


കുറഞ്ഞ പിഴ 1000 രൂപ; കെട്ടിടം വിറ്റത് അറിയിച്ചില്ലെങ്കിലും പിഴ


കെട്ടിട നികുതി (പ്രോപ്പർട്ടി ടാക്സ്) നിർണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നാണു ചട്ടം. ഇല്ലെങ്കിൽ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയിൽ കൂടുതലുള്ള തുക, പിഴയായി ചുമത്താം. കെട്ടിടം വിറ്റാൽ ഉടമ 15 ദിവസത്തിനകം തദ്ദേശ സെക്രട്ടറിയെ അറിയിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ 500 രൂപയാണു പിഴ. ഇതൊഴിവാകാൻ മേയ് 15ന് മുൻപ് സിറ്റിസൻ പോർട്ടൽ‌ വഴി ഓൺലൈനായോ നേരിട്ടോ തദ്ദേശ സെക്രട്ടറിയെ അറിയിക്കാം.


ഇവയ്ക്ക് ഇളവ്


വീടുകളിൽ കൂട്ടിച്ചേർത്ത ഭാഗം ഭിത്തിയോ ഗ്രില്ലോ സ്ഥാപിച്ചു തിരിക്കാത്ത വരാന്തയോ ഷെഡോ ആണെങ്കിൽ നികുതിയില്ല. ഷീറ്റോ ഓടോ മേഞ്ഞ ടെറസ് മേൽക്കൂരയ്ക്കും നികുതിയില്ല. കെട്ടിടത്തിനു മാറ്റം വരുത്തിയത് ഇൗ മാസം 31നു ശേഷമാണെങ്കിൽ 2022–23 വർഷത്തെ നികുതിയിൽ ഉൾപ്പെടുത്തില്ല. 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്കു കെട്ടിട നികുതിയില്ല. ഒരാൾക്ക് ഒരു വീടിനു മാത്രമേ ഇൗ ഇളവു ലഭിക്കൂ. വില്ലകൾക്ക് ഇളവില്ല. ബഹുനില കെട്ടിടങ്ങളിൽ ലൈഫ്, പുനർഗേഹം തുടങ്ങിയ പദ്ധതികൾക്കു കീഴിലുള്ളവയ്ക്കു മാത്രമാണ് ഇളവ്. 9എച്ച് ഫോമിൽ ഓൺലൈനായാണ് ഇളവിന് അപേക്ഷിക്കേണ്ടത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad