Type Here to Get Search Results !

2026ൽ ലോകകപ്പിൽ 104 മത്സരങ്ങൾ, നാലു ടീമുകളടങ്ങിയ 12 ഗ്രൂപ്പുകൾ: ഫിഫ കൗൺസിൽ



കിഗാലി(റുവാണ്ട): യു.എസ്. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026ലെ ലോകകപ്പിൽ 104 മത്സരങ്ങളുണ്ടാകുമെന്നും പ്രാഥമിക റൗണ്ടിൽ നാലു ടീമുകളടങ്ങിയ 12 ഗ്രൂപ്പുകളുണ്ടാകുമെന്നും ഫിഫ. റുവാണ്ടയിലെ കിഗാലിയിൽ നടന്ന ഫിഫ കൗൺസിലാണ് ഇക്കാര്യം അംഗീകരിച്ചത്. മുമ്പ് 64 മത്സരങ്ങളാണ് ലോകകപ്പിലുണ്ടായിരുന്നത്. 48 ടീമുകളെ ലോകഫുട്‌ബോൾ പോരാട്ടത്തിൽ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ആദ്യമായാണ് 48 രാജ്യങ്ങൾ ലോകകപ്പിൽ കളിക്കുന്നത്. മുമ്പ് 32 രാജ്യങ്ങളാണ് കളിച്ചിരുന്നത്. ജൂലൈ 19നാണ് ടൂർണമെൻറിന്റെ ഫൈനൽ നടക്കുക. പ്രാഥമിക റൗണ്ടിൽ ഓരോ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരും എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32 ലേക്ക് കടക്കും. തുടർന്ന് നോക്കൗട്ട് മത്സരങ്ങളാണ് നടക്കുക. 2026ലെ ലോകകപ്പിൽ 80 മത്സരങ്ങളുണ്ടാകുമെന്നായിരുന്നു മുൻ തീരുമാനം. എന്നാൽ ചൊവ്വാഴ്ച നടന്ന യോഗം ഇത് ഭേദഗതി ചെയ്യുകയായിരുന്നു. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ 32 ടീമുകളും 64 മത്സരങ്ങളുമാണുണ്ടായിരുന്നത്. 29 ദിവസങ്ങൾ കൊണ്ടാണ് മത്സരങ്ങൾ നടത്തിയത്. മെക്‌സികോയും(1986), യുണൈറ്റഡ് സ്‌റ്റേറ്റ്‌സും(1994) ആതിഥേയരായ ലോകകപ്പുകളിൽ 24 ടീമുകളാണുണ്ടായിരുന്നത്. 1998 മുതലാണ് ലോകകപ്പിൽ 32 ടീമുകൾ കളിക്കാൻ തുടങ്ങിയത്. നാലു ടീമുകളടങ്ങിയ എട്ട് ഗ്രൂപ്പുകളുമുണ്ടായി. ഇവയിൽ ഫൈനലിലെത്തുന്ന ടീമുകൾ ഏഴ് മത്സരങ്ങളാണ് കളിച്ചിരുന്നത്. എന്നാൽ 2026 അന്തിമ പോരാട്ടത്തിലെത്തുന്ന സംഘങ്ങൾ എട്ട് മത്സരങ്ങൾ കളിക്കും..

Top Post Ad

Below Post Ad