ജമ്മു കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വാർത്തകൾക്കു പിന്നാലെ ഇന്ത്യയുടെ കൈയിൽ മറ്റൊരു ജാക്ക്പോട്ട് കൂടി എത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ. ഒഡീഷയിലെ മൂന്നു ജില്ലകളിൽ സ്വർണ നിക്ഷേപമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഒഡീഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒഡീഷയിലെ മൂന്നു ജില്ലകളിൽ സ്വർണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ദിയോഗർ, കിയോഞ്ജർ, മയൂർഭഞ്ച് എന്നിവിടങ്ങളിൽ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
കിയോഞ്ജർ ജില്ലയിലെ ഗോപൂർ, മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, ദിയോഗർ ജില്ലയിലെ അഡാസ് എന്നിവിടങ്ങളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 1970കളിലും 80കളിലും ഡയറക്‌ടറേറ്റ് ഓഫ് മൈൻസ് ആൻഡ് ജിയോളജിയും ജിഎസ്‌ഐയും ചേർന്നാണ് ഈ മേഖലകളിൽ ആദ്യ സർവേ നടത്തിയിരുന്നു. അതേസമയം അന്ന് നടത്തിയ സർവ്വേയുടെ ഫലങ്ങൾ അധികൃതർ പുറത്തു വിട്ടിരുന്നില്ല.
ഈ മൂന്ന് ജില്ലകളിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജിഎസ്ഐ ഒരു സർവേ കൂടി നടത്തിയതായി സംസ്ഥാന ഖനന മന്ത്രി പ്രഫുല്ലകുമാർ മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. ധെങ്കനാലിൽ നിന്നുള്ള എംഎൽഎ സുധീർ കുമാർ സമൽ നിയമസഭയിൽ സ്വർണശേഖരവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മൂന്ന് ജില്ലകളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതും അതിൻ്റെ സാധ്യതകളും പ്രഫുല് കുമാർ വ്യക്തമാക്കിയത്. അതേസമയം മൂന്ന് ജില്ലകളിലായി കണ്ടെത്തിയ സ്വർണ നിക്ഷേപത്തിലെ സ്വർണത്തിൻ്റെ അളവ് എത്രയാണെന്നുളള വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ല.
നേരത്തെ, ജമ്മു കശ്മീരിൽ അവൻ തോതിലുള്ള ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന വിവരങ്ങളാണ് പുറത്തു വന്നത്. ചിലിക്കും ഓസ്‌ട്രേലിയയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപമാണ് ജമ്മുവിൽ കണ്ടെത്തിയത്. ഈ കണ്ടെത്തലിന് ശേഷം ലിഥിയം ശേഷിയുടെ കാര്യത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മൊബൈൽ, ലാപ്‌ടോപ്പ്, ഇലക്ട്രിക്-വാഹനം എന്നിവയുൾപ്പെടെ നിരവധി ഉപകരണങ്ങൾക്കായി ചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹമാണ് ലിഥിയം. ഈ അപൂർവ ലോഹത്തിനായി ഇന്ത്യ നിലവിൽ മറ്റ് രാജ്യങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ലിഥിയം കരുതൽ ശേഖരത്തിന്റെ സ്ഥിതി പരിശോധിച്ചാൽ ഒന്നാം സ്ഥാനത്ത് ചിലിയാണ്. 9.3 ദശലക്ഷം ടണ്ണുമായാണ് ചില ഒന്നാം സ്ഥാനം കെെവശംവയ്ക്കുന്നത്. 63 ലക്ഷം ടണ്ണുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്തും. കശ്മീരിൽ 59 ലക്ഷം ടൺ ലിഥയം നിക്ഷേപമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ പിൻബലത്തിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 27 ദശലക്ഷം ടൺ ലിഥിയം നിക്ഷേപവുമായി അർജൻ്റീന നാലാം സ്ഥാനത്തും രണ്ട് ദശലക്ഷം ടൺ നിക്ഷേപവുമായി ചൈന അഞ്ചാം സ്ഥാനത്തും ഒരു ദശലക്ഷം ടൺ നിക്ഷേപവുമായി അമേരിക്ക ആറാം സ്ഥാനത്തും തുടരുന്നു.
കശ്മീരിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത് ഇന്ത്യയെ സംബന്ധിച്ച് ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന സംഭവമാണ്. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ ലിഥിയത്തിൻ്റെ 96 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്. ഇതിനായി രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം ചെലവഴിക്കേണ്ടിവരുന്നുണ്ട്. 2020-21 സാമ്പത്തിക വർഷത്തിൽ 8,984 കോടി രൂപയാണ് ലിഥിയം അയൺ ബാറ്ററികളുടെ ഇറക്കുമതിക്കായി ഇന്ത്യ ചെലവഴിച്ചത്. അടുത്ത വർഷം, അതായത് 2021-22 ൽ, ഇന്ത്യ 13,838 കോടി രൂപയുടെ ലിഥിയം അയൺ ബാറ്ററികൾ ഇറക്കുമതി ചെയ്തിരുന്നു.