ന്യൂഡൽഹി: 'എം പാസ്പോര്‍ട്ട് പൊലീസ് ആപ്പ് ' നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. പാസ്പോര്‍ട്ട് പുറപ്പെടുവിക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷന്‍ വേഗത്തിലാക്കുകയാണ് 'എം പൊലീസ് ആപ്പി'ലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എംപാസ്പോര്‍ട്ട് ആപ്പ് പുറത്തിറക്കുന്നത്. ഡെല്‍ഹി പൊലീസിന്റെ 76-ാമത് റെയിസിങ്ങ് ഡെ പരേഡില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ആപ്പ് പുറത്തിറക്കിയത്. പൊലീസ് വെരിഫിക്കേഷന്‍ വേഗത്തിലും സുതാര്യവുമാക്കി തീര്‍ക്കാന്‍ എം പൊലീസ് ആപ്പ് സഹായകരമാകുമെന്നാണ് ചടങ്ങില്‍ അമിത്ഷാ അഭിപ്രായപ്പെട്ടത്.
എം പൊലീസ് വെരിഫിക്കേഷന്‍ ആപ്പ്' നിലവില്‍ വരുന്നതോടെ അഞ്ചുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാനാകും. നിലവില്‍ 15 ദിവസമാണ് പാസ്പോര്‍ട്ട് വെരിഫിക്കേഷന് ആവശ്യമായി വരുന്നത്. ഒമാന്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ പ്രാദേശികതലത്തിലെ പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ആവശ്യമാണ്. പ്രസ്തുത റിപ്പോര്‍ട്ട് ലഭ്യമായാല്‍ മാത്രമാണ് പുതിയ പാസ്പോര്‍ട്ട് അനുവദിക്കുക. വെരിഫിക്കേഷന് പൂര്‍ത്തിയാകാന്‍ വൈകുന്നതോടെ പുതിയ പാസ്പോര്‍ട്ട് ലഭ്യമാകുന്നതില്‍ കാലതാമസം നേരിടും. ഇത് പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്
ഒമാനില്‍ വിസ പുതുക്കുന്നതിന് പാസ്പോര്‍ട്ടിന് ആറുമാസ കാലാവധി വേണമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ട്. ഉംറ വിസ, യുഎഇ വിസ എന്നിവയുള്‍പ്പടെയുള്ള വിസകള്‍ പുതുക്കുന്നതിന് ഈ നിബന്ധനയുണ്ട്. ഇന്ത്യയില്‍ നിന്നും പ്രാദേശിക പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാന്‍ പലപ്പോഴും രണ്ട് മാസംവരെ സമയമെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആപ്പ് നിലവില്‍ വരുന്നതോടെ വെരിഫിക്കേഷന്‍ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനാകും.