Type Here to Get Search Results !

ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങുന്നു




ദോഹ: ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ വെള്ളിയാഴ്ച പൂർത്തിയാകും. പ്രീക്വാർട്ടർ മത്സരങ്ങൾ ശനിയാഴ്ച തുടങ്ങും. വെള്ളിയാഴ്ച ഗ്രൂപ്പ് എച്ചിൽ അവസാനമത്സരങ്ങളിൽ പോർച്ചുഗൽ ദക്ഷിണകൊറിയയെയും യുറഗ്വായ് ഘാനയെയും നേരിടും. ഇരുമത്സരങ്ങളും രാത്രി 8.30-നാണ്. ഗ്രൂപ്പ് ജി-യിൽ രാത്രി 12.30-ന് ബ്രസീൽ കാമറൂണിനെയും സ്വിറ്റ്‌സർലൻഡ് സെർബിയയെയും നേരിടും. പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞ ബ്രസീലിന്റെയും പോർച്ചുഗലിന്റെയും ശ്രമം ജയമോ സമനിലയോ വഴി ഗ്രൂപ്പ് ജേതാക്കളായി മുന്നേറാനായിരിക്കും. ഇതിലൊരു ടീം ഒന്നാംസ്ഥാനത്തും മറ്റൊരു ടീം രണ്ടാംസ്ഥാനത്തും വരാനിടയായാൽ പ്രീക്വാർട്ടർ ഇവർ തമ്മിലായിരിക്കും. ഇതൊഴിവാക്കാനുള്ള തന്ത്രങ്ങളായിരിക്കും അവർ പുറത്തെടുക്കുക.


സാധ്യതകൾ ഇങ്ങനെ


ഗ്രൂപ്പ് ജി-യിൽ ബ്രസീലും ഗ്രൂപ്പ് എച്ച്-ൽ പോർച്ചുഗലും തോൽക്കാതിരുന്നാൽ ജേതാക്കളായി മുന്നേറും. തോറ്റാലും ഗോൾവ്യത്യാസത്തിൽ കൂടുതൽ പിന്നോട്ടുപോയില്ലെങ്കിൽ ഇതേ രീതിയിൽ മുന്നോട്ടുപോകാം.


ജയിച്ചാൽ സ്വിറ്റ്‌സർലൻഡിനും ഘാനയ്ക്കും മുന്നേറാം. സമനിലയെങ്കിൽ സ്വിറ്റ്‌സർലൻഡിനു മുന്നേറാൻ കാമറൂൺ-ബ്രസീൽ ഫലത്തെയും ഘാനയ്ക്ക് പോർച്ചുഗൽ-ദക്ഷിണകൊറിയ ഫലത്തെയും ആശ്രയിക്കണം. കാമറൂണിനും കൊറിയക്കും മുന്നേറാൻ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ഗ്രൂപ്പിലെ രണ്ടാം ഫലത്തെ ആശ്രയിക്കുകയും വേണം. സെർബിയയുടെയും യുറഗ്വായുടെയും സ്ഥിതിയും ഇതു തന്നെ.

Top Post Ad

Below Post Ad