Type Here to Get Search Results !

ആറു രൂപയ്ക്ക് സ്കൂൾ ഉച്ചഭക്ഷണം അസാദ്ധ്യമെന്ന് അദ്ധ്യാപകർ



തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാൽവില ലിറ്ററിന് ആറു രൂപ കൂട്ടിയ സസർക്കാർ, രണ്ടു ദിവസം പാലും മുട്ടയും അടക്കം സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്ക് നൽകുന്നതും ആറു രൂപ. പദ്ധതി സർക്കാർ വൻ നേട്ടമായി കൊണ്ടുനടക്കുമ്പോൾ, നട്ടംതിരിയുന്നത് ഉച്ചഭക്ഷണം നൽകാൻ ചുമതലപ്പെട്ട ഹെഡ്മാസ്റ്റർമാരാണ്. സ്വന്തം പോക്കറ്റിലെ കാശുകൊണ്ടും മറ്റ് അദ്ധ്യാപകരുടെയും നാട്ടിലെ സൻമനസ്സുള്ളവരുടെയും മുന്നിൽ കൈനീട്ടിയുമാണ് കുട്ടികൾക്ക് അന്നം കൊടുക്കുന്നത്.


സാധന വില അടിക്കടി കൂടുന്ന പശ്ചാത്തലത്തിൽ 15 രൂപയെങ്കിലും കിട്ടിയാൽ ഒരുവിധം മുന്നോട്ടുപോകാമെന്ന് അദ്ധ്യാപകർ പറയുന്നു.കുട്ടികൾ കൂടുതലുള്ളിടത്ത് ആറു രൂപയും കുറവായിടത്ത് എട്ടു രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്.ഇതിൽത്തന്നെ 60 ശതമാനം കേന്ദ്രവിഹിതമാണ്. നിയമസഭയിലും അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലും തുക വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചിട്ടില്ല. പത്തു രൂപയായി വർദ്ധിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ധനവകുപ്പിന്റെ മുന്നിലുണ്ട്. പക്ഷേ, നടപടിയില്ല. ഓണത്തിന് മുൻപ് തുക കൂട്ടുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്.


സ്കൂൾ പാചകത്തൊഴിലാളികൾക്കുള്ള വേതനം അടക്കം നിലവിലെ തുകപോലും കൃത്യമായി കിട്ടുന്നില്ല. ഇതിൽ പ്രതിഷേധിച്ച്കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെആഭിമുഖ്യത്തിൽ ഡിസംബർ ആറിന് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ജി.സുനിൽകുമാറും അറിയിച്ചു. അന്ന് സംസ്ഥാന വ്യാപകമായി സ്‌കൂളുകളിൽ പ്രഥമാദ്ധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ച് ഹാജരാകുമെന്നും നേതാക്കൾ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad