കോട്ടയം: ജില്ലയിലെ തലയാഴം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി ആദ്യം കണ്ടെത്തിയത്. പ്രദേശത്തെ അയ്യായിരത്തോളം പക്ഷികളെ ഇന്ന് കൊന്നൊടുക്കും.
പക്ഷിപ്പനിയുണ്ടെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം സാമ്പിളുകൾ ശേഖരിക്കുകയും ഭോപ്പാലിലെ ലാബിലേക്ക് അയക്കുകയും ചെയ്തു. ഫലം ലഭിച്ചപ്പോൾ പക്ഷിപ്പനിയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ കൊന്നൊടുക്കുന്നത്. കൊന്ന പക്ഷികളെ സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.