Type Here to Get Search Results !

വിഴിഞ്ഞം ആക്രമണം; സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം, അവധിയിലുള്ള പൊലീസുകാരെ തിരികെ വിളിച്ചു



തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.


എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.


അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുഴുവന്‍ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിര്‍ദ്ദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.


അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ ഇ ബൈജു, മധുസൂദനന്‍ എന്നിവര്‍ സംഘത്തിലുണ്ട്. 


അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുകയാണ്. ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും.

മുല്ലൂരിലെ ഉപരോധ സമരപ്പന്തലില്‍ പൊതു സമ്മേളനവും ഉണ്ടാകും.


Top Post Ad

Below Post Ad