Type Here to Get Search Results !

എറണാകുളത്ത് അവധി പ്രഖ്യാപനം വൈകി, അടിമുടി ആശയക്കുഴപ്പം; തുറന്ന സ്കൂളുകള്‍ അടയ്ക്കേണ്ടെന്ന് കളക്ടര്‍



കൊച്ചി: കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പം.


രാവിലെ 8.25 നാണ് ജില്ലാ കളക്റ്റര്‍ എണറാകുള ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനകം നിരവധി കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. പിന്നാലെ കളക്ടര്‍റുടെ വിശദീകരണമെത്തി.


രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത് എന്നാണ് കളക്ടറുടെ വിശദീകരണം. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടതില്ലെന്നും കളക്ടര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി. സ്കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ക്ക് വൈകീട് വരെ പ്രവര്‍ത്തനം തുടരാമെന്നും കളക്ടര്‍ അറിയിച്ചു.


സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ഉള്‍പ്പടെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഇടുക്കി-പത്തനംതിട്ട കളക്ടര്‍മാര്‍ അറിയിച്ചു. തൃശൂരില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ലെന്നും പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.


കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad