Type Here to Get Search Results !

കോഴിക്കോട്- പാലക്കാട് നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ 45 മീറ്റർ വീതിയിൽ പണിയുമെന്ന് അധികൃതർ



  ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നിർദിഷ്ട കോഴിക്കോട്- പാലക്കാട് ഹരിതപാതയുടെ നിർമാണം പൂർത്തീകരിക്കുക 45 മീറ്റർ വീതിയിലായിരിക്കും. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ എച്ച് എ ഐ)യാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാത നിർമാണത്തിന് ബഫർസോൺ നിർദേശമില്ല. എന്നാൽ പാതയോരത്തെ നിർമ്മാണങ്ങൾക്ക് എൽ.എസ്.ജി.ഡി നിയമങ്ങളും മാർഗ നിർദേശങ്ങളും ബാധകമായിരിക്കുമെന്നും എൻ എച്ച് എ ഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വികസന സമിതി യോഗത്തിലാണ് എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ കാര്യങ്ങൾ വ്യക്തമാക്കിയത്. 


പാത വരുന്നതോടെ ദീർഘദൂര യാത്രക്കാർക്ക് സഞ്ചാരം എളുപ്പമാക്കും. എന്നാൽ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കണക്റ്റിവിറ്റി നൽകാൻ ആലോചനയില്ലെന്നും പ്രൊജക്ട് ഡയറക്ടർ അറിയിച്ചു. നിലവിൽ പദ്ധതി പ്രദേശത്തെ സ്ഥലം, കെട്ടിടം എന്നിവക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ട പരിഹാരം നൽകാനാണ് അധികൃതരുടെ തീരുമാനം. ഭൂമികൾക്ക് നഷ്ടപരിപാരം നൽകുന്നതിന് എല്ലാ രേഖകളും ഹാജരാക്കാൻ ഉടമകൾക്ക് സമയം അനുവദിക്കുമെന്നും രേഖകളില്ലാത്ത ഭൂമിയിലെ മരങ്ങൾ, കൃഷി എന്നിവക്ക് ദേശീയപാതാ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ നഷ്ടപരിഹാരം നൽകാൻ സാധിക്കൂവെന്നും എൻ എച്ച് എ ഐ വ്യക്തമാക്കിയിട്ടുണ്ട്. 


കഴിഞ്ഞ ജൂൺ മാസത്തിലാണ് പദ്ധതിക്കുള്ള ത്രീ.എ വിജ്ഞാപനമിറക്കിയത്. തുടർന്ന് 21 വരെ (മൂന്ന് ആഴ്ച) പരാതികൾ സ്വീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നും 2500ഓളം പരാതികൾ ലഭിച്ചിരുന്നു. പരാതികളിന്മേലുള്ള ഹിയറിംഗ് ജൂലൈ നാല് മുതൽ 15 വരെ രണ്ട് ഘട്ടമായി മഞ്ചേരി ടൗൺ ഹാളിൽ നടന്നിരുന്നു. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ താലൂക്കുകളിലെ 15 വില്ലേജുകളിൽ നിന്നുള്ള ഭൂവുടമകളാണ് അദാലത്തിൽ പങ്കെടുത്തത്. ആകെ 2,190 പേരാണ് അന്ന് നടന്ന അദാലത്തിൽ പങ്കെടുത്തത്. 


പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അവസാനിക്കുന്ന നാലുവരി പാതക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പാതയുടെ 52.96 കിലോ മീറ്റർ ഭാഗം കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad