Type Here to Get Search Results !

പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു', കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ; കെ സുധാകരന്‍ കത്തയച്ചു



കണ്ണൂര്‍: നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാര്‍ശ.


പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും അക്ഷേപിച്ച കെ വി തോമസിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കത്തയച്ചു.


കെ വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു. അദ്ദേഹത്തിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണം. ഒരുവര്‍ഷമായി കെ വി തോമസ് സിപിഎം നേതാക്കളുമായി ആശയ

വിനിമയത്തിലെന്നും സുധാകരന്റെ കത്തില്‍ പറയുന്നു.


മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ കൊണ്ടായിരുന്നു കെ വി തോമസിന്റെ പ്രസംഗം. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന് പിണറായിയെ വിശേഷിപ്പിച്ച കെ വി തോമസ്, സ്വന്തം അനുഭവത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും വ്യക്തമാക്കി. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെ വി തോമസ് പറഞ്ഞു.


കുമ്ബളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവര്‍ത്തകരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്‌ വിഷമമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചര്‍ച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കളോട് നന്ദി പറയുന്നുവെന്നും കെ വി തോമസ് പറഞ്ഞു.


കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം കെ വി തോമസ് ഉദ്ധരിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തെ എതിര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ നടക്കുന്ന പരിപാടികളില്‍ നിങ്ങളും പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകരോട് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.


കെ റെയിലിനെ പിന്തുണയ്ക്കും. വികസന പദ്ധതികളെ താന്‍ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. വികസനത്തില്‍ രാഷ്ട്രീയമില്ല. രാജ്യത്ത് വികസനം വേണം. വികസനം വരുമ്ബോള്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും ഇവിടെ നടപ്പിലായത്. പദ്ധതികളില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം. അല്ലാതെ പിണറായി വിജയനാണ് പദ്ധതി കൊണ്ടുവരുന്നതെങ്കില്‍ എതിര്‍ക്കുമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞു.


വികസന കാര്യത്തില്‍ സംസ്ഥാനത്തിന് ഗുണകരമാണെങ്കില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എംപിമാര്‍ കേരളത്തിന്റെ വികസനകാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അല്ലെങ്കില്‍ കേന്ദ്രത്തില്‍ അടുപ്പിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad