Type Here to Get Search Results !

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പരീക്ഷ ഫലം ജൂണിലെത്തിയേക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച്‌ 30 ന് ആരംഭിക്കുന്ന (SSLC and Plus Two Examinations) ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷകളുടെയും മാര്‍ച്ച്‌ 31 ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി തിയറി പരീക്ഷകളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളുടെ അവലോകനം നടത്തി. മന്ത്രിയോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ എന്നിവര്‍ എറണാകുളം ഡി ഡി ഓഫീസില്‍ നേരിട്ട് എത്തിയാണ് ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തത്. ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തില്‍ റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, എ.ഡി. മാര്‍, ഡി ഡി ഇ മാര്‍ എന്നിവര്‍ പങ്കെടുത്തു.


പരീക്ഷകള്‍ കുറ്റമറ്റതായി തന്നെ നടത്തണമെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാണ്. പരാതികളില്ലാതെ പരീക്ഷ നടത്താന്‍ ശ്രമിക്കണം. സ്കൂളുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി സജ്ജീകരണം ഏര്‍പ്പെടുത്തണം. ഇവയുടെ വിതരണവും കുറ്റമറ്റതാകണം


പൊതു പരീക്ഷകള്‍ ആരംഭിക്കാന്‍ ഇനി 4 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ക്രമീകരണങ്ങളും 26 നു തന്നെ പൂര്‍ത്തിയാക്കും. ഹയര്‍സെക്കന്ററി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഡി.ഡി.ഇ. ഡി.ഇ.ഒമാര്‍, മറ്റ് അദ്ധ്യാപകരെ ഇതിലേയ്ക്കായി നിയമിച്ച്‌ നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും.


കനത്ത വേനല്‍ ചൂട് ഉള്ളതിനാലും കോവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാന്‍ ശ്രമിക്കണം. പരീക്ഷയോടനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് പദ്ധതികള്‍ നടപ്പിലാക്കണം . വി.എച്ച്‌.എസ്.ഇ. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗണ്‍സിലിംഗിനായി നിശ്ചിത ടെലഫോണ്‍ നമ്ബര്‍ നല്‍കി കൊണ്ട് പരീക്ഷകള്‍ അവസാനിക്കുന്നതുവരെ 'ഹൗ ആര്‍ യു ' എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്. ഇതുപോലെ ഹയര്‍സെക്കന്ററി വിഭാഗത്തിന് നിശ്ചിത ടോള്‍ഫ്രീ നമ്ബര്‍ നല്‍കി കൊണ്ട് 'ഹെല്‍പ് ' എന്ന പ്രോഗ്രാം നടപ്പിലാക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ ഓരോ ഡി.ഡി.ഇ.തലത്തിലും ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കി കൊണ്ട് പരീക്ഷാ ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങള്‍ കുട്ടികളെ പരീക്ഷയ്ക്ക് ഒരുക്കുന്നതിനുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ ആര്‍.ഡി.ഡി. എ.ഡി. ഡി.ഇ.മാരും അവരുടേതായ തനത് പദ്ധതികള്‍ ഇതിനായി നടപ്പിലാക്കിയിട്ടുണ്ട്.


2022 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. തിയറി പരീക്ഷ മാര്‍ച്ച്‌ 31 ന് ആരംഭിച്ച്‌ ഏപ്രില്‍ 29 ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച്‌ 30 ന് ആരംഭിച്ച്‌ ഏപ്രില്‍ 26 ന് അവസാനിക്കുന്നു. എസ്.എസ്.എല്‍.സി. പരീക്ഷയോടനുബന്ധിച്ചുളള ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ മേയ് 3ന് ആരംഭിച്ച്‌ മേയ് 10 ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ അവസാനത്തോടെ അല്ലെങ്കില്‍ മേയ് ആദ്യം ആരംഭിക്കുന്നതാണ്. എസ്.എസ്.എല്‍.സി. പരീക്ഷയുടെ മൂല്യനിര്‍ണ്ണയം മേയ് 11 ആരംഭിച്ച്‌ പരീക്ഷഫലം ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കുന്നതാണ്. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തീകരിച്ച്‌ ഫലം ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കുന്നതാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad