Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️കെ റെയിലിന് അതിരടയാള കല്ലിടുന്നത് റവന്യൂ വകുപ്പല്ലെന്ന് മന്ത്രി കെ രാജന്‍. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണെന്നും സിപിഐ നേതാവുകൂടിയായ മന്ത്രി രാജന്‍ പറഞ്ഞു.


◼️കല്ലിട്ടുള്ള സര്‍വെ നടത്താന്‍ റവന്യൂ വകുപ്പു നിര്‍ദ്ദേശിച്ചിട്ടില്ലെന്ന റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതയില്ല. ഒറ്റക്കെട്ടായ തീരുമാനമാണ്. പ്രകടന പത്രികയിലുള്ള കെ റെയില്‍ പദ്ധതിയെക്കൂടി പരിഗണിച്ചാണ് ജനങ്ങള്‍ വോട്ടുചെയ്ത് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.


◼️കെ റെയില്‍ പദ്ധതിയില്‍ സര്‍വ്വത്ര ആശയക്കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്ലിട്ടുള്ള സര്‍വെ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയതോടെ ആരാണ് കല്ലിടുന്നതെന്നുപോലും സര്‍ക്കാരിന് അറിയില്ല. സാമൂഹികാഘാത പഠനത്തിന് കല്ലെന്തിനാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


◼️കെ റെയില്‍ സമരത്തിന്റെ ഭാഗമായി കോട്ടയം നട്ടാശ്ശേരിയില്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കുഴികുത്തി നാട്ടുകാര്‍ കല്ലു സ്ഥാപിച്ചു. ഈ പ്രദേശത്തു പത്തിടത്ത് അധികൃതര്‍ കല്ലിട്ടു. കല്ലിടലിനെതിരേ എറണാകുളം മാമലയിലും സംഘര്‍ഷം. കല്ലിടാനെത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു.


◼️ശ്രീലങ്കയെ കടക്കെണിയിലാക്കിയതുപോലെ കെ റെയില്‍ കേരളത്തെ കടക്കെണിയിലാക്കുമോ? മൂന്നേകാല്‍ കോടി ജനങ്ങളുള്ള കേരളത്തിന്റെ കടബാധ്യത മൂന്നു ലക്ഷം കോടി രൂപയാണ്. ആളോഹരി കടം 90,000രൂപ. ഇങ്ങനെയിരിക്കേയാണ് കെ റെയിലിനായി ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് ഒരുങ്ങുന്നത്. 55,000 കോടി വായ്പയെടുത്താല്‍ മതിയെന്നാണു സര്‍ക്കാര്‍ പറയുന്നതെങ്കിലും 85,000 കോടി രൂപയെങ്കിലും വിദേശ വായ്പയെടുക്കേണ്ടിവരും. ശമ്പളവും പെന്‍ഷനും നല്‍കാന്‍പോലും പണമില്ലാത്ത കേരളത്തിന് ഇതു വന്‍ ബാധ്യതയാകുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.


◼️കെ റെയില്‍ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. സര്‍ക്കാര്‍ പറയുന്ന തുകയല്ല പദ്ധതിയുടെ യഥാര്‍ഥ ചിലവ്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി കേരളത്തിലുമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു.


◼️പ്രതിഷേധം കണക്കിലെടുത്ത് കെ റെയില്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് ഉമ്മന്‍ ചാണ്ടി. പദ്ധതി കേരളത്തിനു ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടി പറഞ്ഞു.


◼️ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 30 നും എസ്.എസ്.എല്‍.സി പരീക്ഷ 31 നും ആരംഭിക്കും. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളില്‍ പങ്കാളികളാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഒരുക്കങ്ങളുടെ അവലോകനത്തില്‍ പറഞ്ഞു.  


◼️പഞ്ചാബില്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ രീതി മാറ്റുന്നു. ഓരോ തവണയും എംഎല്‍എയായതിന് ഓരോ പെന്‍ഷന്‍ എന്ന രീതി മാറ്റി എല്ലാ തണവത്തേക്കുമായി ഒറ്റ പെന്‍ഷന്‍ എന്ന പുതിയ രീതിയിലേക്ക് മാറ്റി പണം ലാഭിക്കാനാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം. എംഎല്‍എമാര്‍ക്ക് ഒരു ടേമിന്റെ പെന്‍ഷന്‍ മാത്രമാണ് ഇനി നല്‍കുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പറഞ്ഞു. മുന്‍ എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ആയിരത്തിലേറെ കോടി രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്.


◼️തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കുന്ന ദേശീയ പണിമുടക്കില്‍ ഭാരത് പെട്രോളിയം തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള അഞ്ചു തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്.


◼️ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടുക്കരുതെന്ന ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നും പണിമുടക്കുമെന്നും ഭാരത് പെട്രോളിയത്തിലെ തൊഴിലാളികള്‍. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാനേജ്‌മെന്റ് പണിമുടക്കിനെതിരായ ഉത്തരവ് നേടിയതെന്ന് സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ അറിയിച്ചു.


◼️രണ്ടു ദിവസം പൊതുപണിമുടക്കായതിനാല്‍ സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സഹകരണ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ന് ശനിയാഴ്ച്ച പൂര്‍ണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവുമാണു സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കേണ്ടത്.


◼️തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണു വര്‍ദ്ധിപ്പിച്ചത്.  


◼️മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനു നല്‍കിയ സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണു സ്വത്ത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കെ റെയില്‍ വിവാദത്തിനിടെ തനിക്ക് അഞ്ച് കോടി സ്വത്തുണ്ടെന്ന് മാധ്യമങ്ങളിലൂടെ മന്ത്രി പറഞ്ഞിരുന്നു. ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് പരാതി നല്‍കി.


◼️ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ വിനായകന്‍ ക്ഷമാപണം നടത്തി. 'ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.' വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


◼️തൃശൂര്‍ ജില്ലയിലെ കോലഴിയിലും പുലിപ്പേടി. തിരൂര്‍ പുത്തന്‍മഠംകുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡില്‍ പുലിയെന്നു തോന്നുന്ന ജീവി നടന്നു പോകുന്നതു കണ്ടതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. പ്രദേശവാസി ചിറ്റിലപിള്ളി ജോര്‍ജ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. നാട്ടുകാര്‍ സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചു.


◼️സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. 31 തവണകളായി വ്യാജ സ്വര്‍ണം പണയം വച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അഹമ്മദ് കോയ മകന്‍ നസീര്‍ അഹമ്മദ് (45), ഭാര്യ അസ്മ (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


◼️മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമര സമിതി. തീരദേശവാസികളുടെ ആശങ്ക മനസിലാക്കുന്നവര്‍ മേല്‍നോട്ട സമിതിയില്‍ വേണം. സമിതി ആവശ്യപ്പെട്ടു.  


◼️സമൂഹ മാധ്യമം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ നാലു യുവാക്കള്‍ ഒറ്റപ്പാലത്ത് അറസ്റ്റിലായി. ഒറ്റപ്പാലം സ്വദേശികളായ ഫര്‍ഹത്തുള്ള, ഇബ്രാഹിം ബാദുഷ, ഷിനാസ്, കല്ലമ്പലം സ്വദേശി അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്.


◼️കൊല്ലം പരവൂരില്‍ പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ കോട്ടപ്പുറം സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്.


◼️പിഞ്ചു കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുല്‍പറ്റ മംഗലന്‍ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തില്‍ ഫൈസല്‍ റഹ്‌മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാള്‍ നഗര്‍ ഗ്രാമത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.


◼️പത്തു ലക്ഷം രൂപ വിലവരുന്ന പന്ത്രണ്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ ചേര്‍ത്തലയില്‍ പിടിയിലായി. വള്ളികുന്നം ഇലപ്പിക്കുളം സുനില്‍ഭവനത്തില്‍ അനന്തു(19), പുതിയേടത്ത് വീട്ടില്‍ ഫയാസ്(20)എന്നിവരെയാണ് പിടികൂടിയത്. കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണു രാത്രി പത്തിനു പിടികൂടിയത്.


◼️കോഴിക്കോട് രണ്ടു കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ പറവണ്ണ സ്വദേശി അബ്ദുല്‍ നാസറിനെയാണ് പിടികൂടിയത്.


◼️സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ.പി. വത്സനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും 1500 രൂപ പിഴയും ശിക്ഷ. മാഹി അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. 2007 നവംബര്‍ അഞ്ചിനാണ് എട്ടംഗ ആര്‍എസ്എസ് സംഘം വല്‍സനെ കടയില്‍ കയറി ആക്രമിച്ചത്.


◼️സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശന്‍. കെ റെയിലിനെതിരായ പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.


◼️ഇന്ത്യയില്‍ എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുമതി നല്‍കിയില്ല. മോദിയുടെ ഉത്തര്‍പ്രദേശ് യാത്ര ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അതേസമയം, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈന സന്ദര്‍ശനം ഉഭയകക്ഷി ചര്‍ച്ചയിലെ ധാരണകള്‍ നടപ്പാക്കുന്നതിനനുസരിച്ചായിരിക്കുമെന്ന് ഇന്ത്യ അറിയിച്ചു.


◼️ഒരുവയസുള്ള മകന്റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഊട്ടിയില്‍ അമ്മ ഗീതയാണ് പിടിയിലായത്. ശ്വാസംമുട്ടി ഛര്‍ദിച്ച കുട്ടിയെ അമ്മ ഗീത ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പരിശോധിച്ച ഡോക്ടര്‍ക്കു തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമെന്നു മനസിലായത്. നീലഗിരിയിലെ ഉദഗയ് വാഷര്‍മാന്‍പേട്ട് സ്വദേശിനിയാണ് 38 കാരിയായ ഗീത. രണ്ടു തവണ വിവാഹം ചെയ്തിട്ടുണ്ട്.


◼️തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത 26 വയസുകാരിയായ അധ്യാപിക അറസ്റ്റിലായി. തുറയൂര്‍ സ്വദേശിനിയായ അധ്യാപിക ഷര്‍മിളയാണ് അറസ്റ്റിലായത്. പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയെയാണ് വിവാഹം ചെയ്തത്. പതിനേഴുകാരനെ കാണാനില്ലെന്ന രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.


◼️ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണം റഷ്യ- യുക്രൈന്‍ സംഘര്‍ഷമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യുദ്ധംമൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. വിലക്കയറ്റം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.


◼️ബംഗാളില്‍ എട്ടു പേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം അരംഭിച്ചു. അക്രമം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘമെത്തി. ഇതുവരെ 21 പേരാണ് അറസ്റ്റിലായത്. കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിനുസരിച്ചാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.


◼️ഇസ്രയേലില്‍ മൂന്ന് അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടി. അമേരിക്കക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞര്‍ പങ്കെടുക്കുന്ന ഉച്ചകോടി നാളേയും തിങ്കളാഴ്ചയുമാണ്.


◼️സൗദി അറേബ്യയിലെ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗത്തിനു നിയന്ത്രണം. ബാങ്കിനും ഇഖാമത്തിനും മാത്രമേ മസ്ജിദുകള്‍ക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികള്‍ ഉപയോഗിക്കാവൂ. ഉച്ചഭാഷിണികളുടെ ആംപ്ലിഫയറുകളില്‍ മൂന്നിലൊന്നില്‍ കൂടുതലായി ശബ്ദം കൂട്ടിവക്കരുതെന്നും നിര്‍ദേശമുണ്ട്.


◼️സൗദിക്കുനേരെ ഹൂതികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒമ്പത് ഡ്രോണുകള്‍ തൊടുത്തു. എല്ലാം അറബ് സഖ്യ സേന തകര്‍ത്തു. ഇതേസമയം, യെമന്‍ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഹുദൈദയിലും സൗദി പ്രത്യാക്രമണം നടത്തി. ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധനസംഭരണശാലയും തകര്‍ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു.


◼️ഒരു മാസം പിന്നിട്ട യുക്രെയിനിലെ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്റെ വ്യോമസേനയേയും വ്യോമപ്രതിരോധ സേനയെയും തകര്‍ത്തുവെന്നും നാവിക സേനയെ ഇല്ലാതാക്കിയെന്നുമാണ് റഷ്യയുടെ അവകാശവാദം.


◼️ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമട്ടും. രാത്രി 7.30 നാണ് മത്സരം ആരംഭിക്കുക.


◼️ലിഥിയം-അയണ്‍ ബാറ്ററി നിര്‍മ്മാതാക്കളായ സിഗ്‌നി എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഹൈദരാബാദിന് സമീപം പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നു. പ്രതിവര്‍ഷം 40,000 ബാറ്ററികള്‍ ഒരുമിച്ച് സ്ഥാപിക്കാന്‍ ശേഷിയുള്ള ഒരു ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഏകദേശം 40 മില്യണ്‍ ഡോളര്‍ (300 കോടിയിലധികം) നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 1 ജിഗാവാട്ട് മണിക്കൂര്‍ വാര്‍ഷിക ശേഷിയുള്ള പുതിയ പ്ലാന്റ് ബാറ്ററി പാക്ക് നിര്‍മ്മാതാക്കളുടെ നിര്‍മ്മാണ ശേഷിയെ നാലിരട്ടിയാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കും (ഇവികള്‍) ടെലികോം ടവറുകള്‍ പോലുള്ള സ്റ്റേഷനറി ആപ്ലിക്കേഷനുകള്‍ക്കും ബാറ്ററികള്‍ ഉപയോഗിക്കുന്നു. നിലവില്‍ 250 മെഗാവാട്ട്-മണിക്കൂര്‍ വാര്‍ഷിക ശേഷിയാണ് സിഗ്‌നിക്കുള്ളത്. 2017 മുതല്‍ കമ്പനി ഇതുവരെ 125 മെഗാവാട്ട് മണിക്കൂര്‍ ബാറ്ററികള്‍ വിറ്റഴിച്ചിട്ടുണ്ട്.


◼️സൂപ്പര്‍ടെക്ക് ഗ്രൂപ്പ് കമ്പനികളിലൊന്നായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം സൂപ്പര്‍ ടെക്ക് ലിമിറ്റഡിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിച്ചു. നോയിഡ ആസ്ഥാനമായുള്ള കമ്പനിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ തിരിച്ചടിയാണിത്. കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സൂപ്പര്‍ടെക് ലിമിറ്റഡിന്റെ നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമായ 40 നിലകളുള്ള ഇരട്ട ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള 150 കോടി രൂപയടക്കം സൂപ്പര്‍ടെക് ലിമിറ്റഡിന്റെ കടം ഏകദേശം 1,200 കോടി രൂപയാണ്. സൂപ്പര്‍ടെക് ലിമിറ്റഡില്‍ ഏകദേശം 12 ഭവന പദ്ധതികള്‍ ഉണ്ട്. അവയ്‌ക്കെതിരെയും പാപ്പരത്ത നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതികളില്‍ 90 ശതമാനവും പൂര്‍ത്തിയായതായാണ് കമ്പനി നല്‍കുന്ന വിശദീകരണം.


◼️നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. മാത്യു തോമസ്, നസ്ലെന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. 'പുഴയരികത്ത് ദമ്മ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്ത. ആലാപനം മിലന്‍ വി എസ്. ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു.


◼️ഒരിടവേളയ്ക്കു ശേഷം മാസ് കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ മോഹന്‍ലാലിന്റേതായി എത്തിയ ചിത്രമായിരുന്നു ആറാട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 18ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയും ചിത്രം പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. തലയുടെ വിളയാട്ട് എന്ന വീഡിയോ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഫെജോ (റാപ്പ്)യും ഹരിനാരായണന്‍ ബി കെയും ചേര്‍ന്നാണ്. രാഹുല്‍ രാജ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോയും ചേര്‍ന്ന്.


◼️ഗുരുഗ്രാം ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒകിനാവ ഓട്ടോടെക് ഒകിനാവ ഓട്ടോടെക് തങ്ങളുടെ 2022-ലെ ആദ്യ മോഡല്‍ ആയ ഓഖി 90 ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,21,866 രൂപയാണ് വാഹനത്തിന്റെ വില. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ലഭിക്കും. സ്പോര്‍ടിനസിനൊപ്പം യാഥാസ്ഥിതിക ഡിസൈന്‍ സമീപനത്തിന്റെ മിശ്രിതമാണ് വാഹനത്തിന്റെ മുന്നിലെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രികാലങ്ങളില്‍ റോഡുകള്‍ വ്യക്തമായി കാണുന്നതിനായി കൂടുതല്‍ സൗകര്യത്തിനായി ലൈറ്റ് സെന്‍സറുകളുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റും വാഹനത്തിന് ലഭിക്കുന്നു.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad