Type Here to Get Search Results !

വാഴക്കുളം പൈനാപ്പിൾ



ഗള്‍ഫിലോ അമേരിക്കയിലോ ലോകത്തിന്റെ മറ്റേതെങ്കിലും കോണിലോ നിന്ന് പൈനാപ്പിളിന്റെ മധുരം നുകരുമ്പോള്‍ ഓര്‍ക്കുക. ഇത് ഒരു പക്ഷെ എറണാകുളം ജില്ലയിലെ കൊച്ചുഗ്രാമമായ വാഴക്കുളത്തെ ഏതെങ്കിലും കൃഷിയിടത്തില്‍ വിളഞ്ഞതാകാം. പൈനാപ്പിള്‍ അഥവാ കൈതച്ചക്കയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രമാണ് മഞ്ഞളളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം. പൈനാപ്പിളിന്റെ ആഗോള വില നിര്‍ണയിക്കുന്നതും ഈ കൊച്ചുപട്ടണമാണ്


55വര്‍ഷം മുമ്പാണ് വാഴക്കുളം ഗ്രാമത്തില്‍ കൈതച്ചക്ക കൃഷി ആരംഭിച്ചത്. കൊച്ചുകുടി, കക്കുഴി, പേരിക്കോട്ടില്‍ എന്നീ കുടുംബങ്ങളാണ് കൃഷിക്ക് തുടക്കമിട്ടത്. പിന്നീട് കലൂര്‍ക്കാട് പഞ്ചായത്തിലേക്കും തൊടുപുഴ താലൂക്കിലെ കോടിക്കുളം, ഉടുമ്പന്നൂര്‍ ഭാഗത്തേക്കും കൃഷി വ്യാപിച്ചു. ഇപ്പോള്‍ പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും വാഴക്കുളം പൈനാപ്പിള്‍ വിളയുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 13000 ഹെക്ടറിലായി വിളഞ്ഞ മൂന്നേകാല്‍ ലക്ഷം ടണ്‍ പൈനാപ്പിളില്‍ മൂന്നു ലക്ഷം ടണ്ണും വിളഞ്ഞത് വാഴക്കുളത്തെ മണ്ണില്‍.ചെറുകിട കര്‍ഷകര്‍ ഇടവിളയായും പാട്ടത്തിന് സ്ഥലമെടുത്ത് വിപുലമായും കൃഷി ചെയ്യുന്നുണ്ട്. 10000 രൂപ വരെയാണ് പ്രതിവര്‍ഷ പാട്ടത്തുക. വാഴക്കുളത്ത് അമ്പതോളം പൈനാപ്പിള്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സീസണ്‍ സമയത്ത് ദിവസവും 500 ലോറികളാണ് കൈതച്ചക്ക നിറച്ച് വാഴക്കുളത്ത് നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിക്കുന്നത്. ദല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങി മിക്ക സംസ്ഥാനങ്ങളിലേക്കും വാഴക്കുളം പൈനാപ്പിള്‍ എത്തുന്നു. ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുമുണ്ട്


കാഞ്ചീപുരം പട്ടുപോലെ, ഡാര്‍ജിലിംഗ് തേയില പോലെ, ആറന്‍മുള കണ്ണാടി പോലെയാണ് ഇപ്പോള്‍ വാഴക്കുഴം പൈനാപ്പിളും. 2009ല്‍ ഭൂസൂചികാ പദവി ലഭിച്ചതോടെ വാഴക്കുളത്തെ പൈനാപ്പിള്‍ ലോക കമ്പോളത്തില്‍ വാഴക്കുളം പൈനാപ്പിള്‍ എന്നറിയപ്പെടുന്നു. ഭൂപ്രദേശ സൂചികാ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതോടെയാണ് വാഴക്കുളം പൈനാപ്പിള്‍ ബ്രാന്റ് നാമമായി മാറിയത്

  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad