Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ



◼️ദേശീയ പണിമുടക്ക് കേരളത്തില്‍ രണ്ടാം ദിവസവും ശക്തമായി തുടരുന്നു. ഗതാഗതം സ്തംഭിച്ചു. കടകള്‍ തുറക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും മിക്കയിടത്തും കടകള്‍ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകള്‍ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും കടകള്‍ അടപ്പിച്ചു. കോഴിക്കോട് തുറന്ന കടകള്‍ അക്രമിസംഘം അടപ്പിക്കുകയും വ്യാപാരികളെ മര്‍ദിക്കുകയും ചെയ്തു. രാമനാട്ടുകരയിലും വ്യാപാരികളുമായി സംഘര്‍ഷമുണ്ടായി. കൂടുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയെങ്കിലും പലയിടത്തും തടഞ്ഞു. കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് തകര്‍ത്തു. കൊല്ലം ചിതറയില്‍ സ്‌കൂളിലെത്തിയ അധ്യാപകരെ സമരക്കാര്‍ പൂട്ടിയിട്ടു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ തൊഴിലാളികളെ തടഞ്ഞു.


◼️പണിമുടക്കിനെതിരേ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും ജോലിക്ക് എത്തിയത് വളരെക്കുറച്ചു ജീവനക്കാര്‍. സെക്രട്ടറിയേറ്റില്‍ 4821 സ്ഥിരം ജീവനക്കാരില്‍ 174 പേരാണ് ജോലിക്കെത്തിയത്. പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 32 പേരായിരുന്നു സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തിയത്.


◼️പണിമുടക്കിനിടെ മൂന്നാറില്‍ സിപിഎം നേതാവ് എ രാജ എംഎല്‍എക്കു പോലീസ് മര്‍ദനം. വാഹനങ്ങള്‍ തടയുകയും അക്രമങ്ങള്‍ക്കു മുതിരുകയും ചെയ്ത പണിമുടക്ക് അനുകൂലികളും പോലീസുമായി സംഘര്‍ഷമുണ്ടായി. ഉന്തുംതള്ളുമായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എയെ പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. എ രാജ എംഎല്‍എയേയും സിപിഐ നേതാവ് ടിഎം മുരുകനേയും മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാരുടെ മര്‍ദനമേറ്റ മൂന്നാര്‍ എസ്ഐ സാഗറിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്‍സേഡ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൊഴിലാളികളുടെ സമരമാണിത്. ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശമുണ്ട്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്. കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.


◼️തിരുവനന്തപുരത്തെ ലുലുമാളിനു മുന്നില്‍ പണിമുടക്ക് അനുകൂലികളുടെ കുത്തിയിരിപ്പുസമരം. അടച്ചിട്ട മാളിന്റെ ഗേറ്റിനു മുന്നിലാണ് സമരാനുകൂലികള്‍ കുത്തിയിരുന്നത്. ജോലിക്കെത്തിയ ജീവനക്കാരും അകത്ത് കയറാനാകാതെ പുറത്ത് നില്‍ക്കേണ്ടിവന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമെത്തി സമരക്കാരെ നീക്കം ചെയ്തു.


◼️വ്യാപാരി വ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. കടകള്‍ അടപ്പിക്കില്ല. എന്നാല്‍ കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ. ഓലപ്പാമ്പ് കാണിച്ചാല്‍ തൊഴിലാളികള്‍ പേടിക്കില്ല. അദ്ദേഹം പറഞ്ഞു.


◼️കോടതി ഉത്തരവ് മാനിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായതിനാലാണ് ഡയസ്നോണ്‍ പ്രഖ്യാപിച്ചതെന്ന് തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാകില്ല. ഡയസ്നോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഒരു ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ശിവന്‍കുട്ടി പറഞ്ഞു.


◼️സിപിഎം ഭരിക്കുന്ന തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തുറന്നു പ്രവര്‍ത്തിച്ചു. ബാങ്കിന്റെ തകരാറിലായ സെര്‍വര്‍ ശരിയാക്കാന്‍ വന്നവര്‍ മാത്രമാണെന്നാണ് ബാങ്കിന്റെ വിശദീകരണം.


◼️കോഴിക്കോട് ഇന്നലെ വ്യാപാരിയുടെ ദേഹത്തേക്ക് നായ്ക്കര്‍ണപൊടി വിതറിയ പണിമുടക്ക് അനുകൂലിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യാപാരിയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


◼️ഉച്ചയ്ക്കുശേഷം എറണാകുളത്തുനിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷേ, യാത്രക്കാര്‍ കുറവാണ്.


◼️കേരളത്തിലെ ട്രേഡ് യൂണിയന്‍ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശമ്പളം എഴുതി വാങ്ങിയാണ് ഇവര്‍ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്ത നേതാക്കള്‍ ഗോവയിലും മറ്റും സുഖവാസത്തിനു പോയിരിക്കുകയാണ്. സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.


◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കുമൂലം സംസ്ഥാനത്തിനു നഷ്ടം 4380 കോടി രൂപ. സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 7,99,591 കോടി രൂപയാണ്. പ്രതിദിനം 2190 കോടിരൂപ. ഈ കണക്കുവച്ചു നോക്കിയാല്‍ രണ്ടു ദിവസംകൊണ്ടു കേരളത്തിനുള്ള നഷ്ടം 4380 കോടിയുടേതാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


◼️കോഴിക്കോട് വളയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി നാല്‍പത്തൊന്നു വയസുള്ള ജഗനേഷ് ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ആക്രമണത്തിനിടെ പെണ്‍കുട്ടിക്കും പെണ്‍കുട്ടിയുടെ സഹോദരനും പരിക്കേറ്റു. യുവതിയുടെ വിവാഹം തീരുമാനിച്ചിരിക്കേയാണ് അതിക്രമം.


◼️കെ റെയില്‍ സര്‍വേക്ക് നോട്ടീസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. ജനങ്ങളെ ഭയപ്പെടുത്താനാണോ കല്ലിടുന്നത്. ഇട്ട കല്ലുകള്‍ സ്ഥിരമാണോ? കല്ലിട്ട ഭൂമി ബാങ്കില്‍ പണയംവയ്ക്കാനാകുമോ? ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയ സര്‍ക്കാര്‍ അഭിഭാഷകന്‍ ജഡ്ജിക്കെതിരേ കയര്‍ക്കാന്‍ ശ്രമിച്ചു. കോടതി ഉത്തരവുകള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് മറികടക്കാന്‍ ശ്രമിക്കരുത്. ഇത്രയും വലിയ പദ്ധതി ആളുകളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്നും കോടതി പറഞ്ഞു.


◼️സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് റിട്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സില്‍വര്‍ ലൈന്‍ സ്പെഷ്യല്‍ പദ്ധതി അല്ലെന്നും സര്‍വേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ റെയില്‍ റെയില്‍വെയുടെ പദ്ധതിയല്ലെന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.


◼️സില്‍വര്‍ ലൈനിനായി കെ റെയില്‍ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാന്‍ തടസമില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ലോണ്‍ നല്‍കാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ധനമന്ത്രി പറഞ്ഞു. ബാങ്കുകള്‍ ഓവര്‍ സ്മാര്‍ട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചര്‍ച്ചചെയ്യുമെന്നും ബാലഗോപാല്‍ പറഞ്ഞു.


◼️ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി വീടുകയറി പ്രചാരണം നടത്തി മന്ത്രി സജി ചെറിയാന്‍. കുഴുവല്ലൂരില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ല് മന്ത്രി പുനസ്ഥാപിച്ചു. മാധ്യമങ്ങളെ ഒഴിവാക്കി ഇരുചക്രവാഹനത്തിലെത്തിയാണ് മന്ത്രി ആളുകളുമായി സംസാരിച്ചത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചെന്നും നഷ്ടപരിഹാരത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.


◼️സഹോദരിമാരെ പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങള്‍ക്കെതിരെ പോക്സോ കേസെടുത്ത സംഭവം വ്യാജമെന്ന് കണ്ടെത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്. കോടതി വെറുതെ വിട്ട സഹോദരന്മാരെ റെസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വീട്ടില്‍ കയറാനനുവദിക്കാത്ത സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി. കേസന്വേഷണത്തിനായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ദില്ലിയില്‍ പോകാന്‍ യുപി സ്വദേശികളായ മാതാപിതാക്കളില്‍നിന്ന് വിമാന ടിക്കറ്റിനുള്ള പണം വാങ്ങിയത് വിവാദമായിരുന്നു.


◼️ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വര്‍ണം ഒളിച്ചുകടത്തിയയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. സൗദിയില്‍ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് 962 ഗ്രാം സ്വര്‍ണവുമായി പിടികൂടിയത്.


◼️നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജയിലില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.


◼️നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്നും ചോദ്യം ചെയ്യുന്നു. ആലുവാ പോലീസ് ക്ലബിലാണു തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത്. ഇതേസമയം ദിലീപിന്റെ സുഹൃത്ത് ശരതിനെ കളമശേരിയിലും ചോദ്യം ചെയ്യുന്നുണ്ട്.


◼️ജനം ടിവി എഡിറ്റര്‍ ജികെ പിള്ള അന്തരിച്ചു. 71 വയസായിരുന്നു. കോയമ്പത്തൂരില്‍ ചികില്‍സയിലായിരുന്നു.


◼️മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. മേല്‍നോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു.


◼️ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളെ ശിശുക്ഷേമ സമിതി സെക്രട്ടറി മര്‍ദിച്ചെന്നു പരാതി. പാലക്കാട് അയ്യപുരം ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ശിശുക്ഷേമസമിതി സെക്രട്ടറി സ്ഥാനം കെ വിജയകുമാര്‍ രാജിവച്ചു.


◼️ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി. കോടാലിപ്പാറക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനും ഇടയ്ക്കാണ് തലയോട്ടി കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ പോയി തിരികെ വന്നവരാണ് തലയോട്ടി കണ്ടത്. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണ്. മഴക്കാലത്ത് ഒഴുകി ജലശായത്തില്‍ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.


◼️സിനിമയില്‍ അഭിനയിച്ചതിന് വാഗ്ദാനം ചെയ്ത പ്രതിഫലം തന്നില്ലെന്ന് ആരോപിച്ച് നിര്‍മ്മാതാവിനെതിരെ തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ ഹൈക്കോടതിയെ സമീപിച്ചു. കോളിവുഡിലെ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്ക്കെതിരെയാണ് കേസ്. 2019ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയക്കാന്‍ 15 കോടിയായിരുന്നു വാഗ്ദാനം. എന്നാല്‍ 11 കോടി മാത്രമാണു തന്നതെന്ന് ശിവകാര്‍ത്തികേയന്‍ ആരോപിച്ചു.


◼️ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ 3500 കോടി രൂപയുടെ നിക്ഷേപത്തിന്. ഷോപ്പിങ് മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് ലോജിസ്റ്റിക്സ് പാര്‍ക്ക് എന്നിവ തുറക്കും. ധാരണാപത്രത്തില്‍ ലുലു ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ എം അഷ്റഫ് അലിയും തമിഴ്നാട് സര്‍ക്കാരിന്റെ ഇന്റസ്ട്രിയല്‍ ഗൈഡന്‍സ് ആന്റ് എക്സ്പോര്‍ട്ട് പ്രമോഷന്‍ ബ്യൂറോ എംഡിയും സിഇഒയുമായ പൂജാ കുല്‍ക്കര്‍ണിയും ഒപ്പുവച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, വ്യവസായ വകുപ്പുമന്ത്രി തങ്കം തേനരസ്, ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി എന്നിവരും സന്നിഹിതരായിരുന്നു.


◼️ഡല്‍ഹി വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണം പിടികൂടി. ഏഴര കോടി രൂപ വിലവരുന്ന സ്വര്‍ണം സഹിതം രണ്ടു പേരെയാണ് അറസ്റ്റു ചെയ്തത്.


◼️സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് , സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് എന്നിവയിലെ 3603 ഹവല്‍ദാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30.


◼️റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 294 ഓഫീസര്‍ ഗ്രേഡ് ബി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 18. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.


◼️ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റിന് കൊവിഡ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചു. ഏപ്രില്‍ മൂന്നു മുതല്‍ അഞ്ചു വരെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനാണു നിശ്ചയിച്ചിരുന്നത്.


◼️ഓസ്‌കാര്‍ വേദിയില്‍ ഭാര്യയെ അപഹസിച്ച അവതാരകന്റെ ചെകിട്ടത്തടിച്ച സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ഓസ്‌കര്‍ അക്കാദമി. അവതാരകന്റെ ചെകിട്ടത്ത് അടിച്ച മികച്ച നടന്‍ വില്‍ സ്മിത്ത് ഇന്‍സ്റ്റഗ്രാമിലൂടെയും മാപ്പപേക്ഷിച്ചു.


◼️ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ദിവസമാണിന്ന്. മലയാളിതാരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. മലയാളിയായ ദേവ്ദത്ത് പടിക്കലും ഇത്തവണ രാജസ്്ഥാന് ഒപ്പമാണ്.


◼️സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സ്വര്‍ണവിപണിയില്‍ വലിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. 20 ദിവസത്തിനിടെ 2400 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യത.


◼️പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നത്. ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്നത് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പുതിയ ഷോറൂമുകള്‍ തുറക്കാനുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള പണം പ്രധാനമായും വിനിയോഗിക്കുക. രാജ്യത്തെമ്പാടുമായി 85 ശാഖകളുള്ള ജോയ്ആലുക്കാസ് സെപ്തംബര്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ 268.95 കോടി രൂപ ലാഭം നേടിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.


◼️നവാഗതനായ വി അനിയന്‍ ഉണ്ണി സംവിധാനം ചെയ്യുന്ന സീതാരാമന്‍ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ ലോഞ്ചും നടന്നു. നിരവധി സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അനിയന്‍ ഉണ്ണി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട്. രജീഷ് ചന്ദ്രന്റെ കഥയ്ക്ക് എല്‍ദോസ് യോഹന്നാന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. കോണ്‍കോര്‍ഡ് മൂവീസ് ആണ് നിര്‍മ്മാണം. നാസര്‍ ഹസ്സന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെയ് അവസാനവാരം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.


◼️കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന്‍ കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ' ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടില്‍ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തില്‍ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റര്‍ടെയ്‌നറാണ് രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, വിനോദ് കോവൂര്‍, സേതുലക്ഷമി, അപര്‍ണ്ണ , ലക്ഷ്മി, ആഷിന്‍ കിരണ്‍ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവര്‍ അഭിനയിക്കുന്നു.


◼️ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ ഫോഴ്‌സ് എക്‌സ് എന്ന പേരില്‍ ഒരു പുതിയ സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഈ സ്‌കൂട്ടര്‍ പ്രാഥമികമായി ചൈന പോലുള്ള വിപണികള്‍ക്കായി വികസിപ്പിച്ചെടുത്തതാണ്.ഫാസിനോ 125 , റേ ഇസെഡ്ആര്‍ എന്നിവയില്‍ കാണുന്ന അതേ എഞ്ചിനില്‍ നിന്നാണ് ഫോഴ്‌സ് എക്‌സിന് കരുത്ത് ലഭിക്കുന്നത് . അതിനാല്‍ 125 സിസി എയര്‍ കൂള്‍ഡ് എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 8.9 ബിഎച്ച്പിയും 5000 ആര്‍പിഎമ്മില്‍ 9.7 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ഈ മോട്ടോര്‍ ഒരു സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ചൈനയില്‍ ഏകദേശം 1.07 ലക്ഷം രൂപയ്ക്കാണ് ഇതിന്റെ വില്‍പ്പന.


◼️ചരിത്രം മറവിയിലേയ്ക്ക് തള്ളുമായിരുന്ന എഴുതപ്പെടാന്‍ അധികമാരും ഇറങ്ങിപ്പുറപ്പെടാത്ത ഒരു ചരിത്രത്തിന്റെ അടരുകളാണ് ആര്‍ അജയഘോഷ് ഇവിടെ വേര്‍തിരിച്ചെടുക്കുന്നത്. 'ചെങ്കൊടിക്ക് തീ പിടിച്ച കാലം'. ലിവിംഗ് ലീഫ് പബ്ളിക്കേഷന്‍സ്. വില 456 രൂപ.


◼️വേനല്‍ക്കാലം പൊതുവെ പല തരത്തിലുളള രോഗങ്ങള്‍ വരുന്ന സമയമാണ്. സൂര്യാഘാതം മാത്രമല്ല മറ്റ് പലരോഗങ്ങള്‍ കൂടി വേനല്‍ക്കാലത്ത് ഉണ്ടാകാം. ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറല്‍ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ എന്നിവ ഉള്‍പ്പെടുത്തുക. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ അകറ്റി നിര്‍ത്തും. ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കുക. ഫാസ്റ്റ് ഫുഡുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. വേനലില്‍ ഉന്മേഷം ലഭിക്കാന്‍ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.09, പൗണ്ട് - 99.67, യൂറോ - 83.72, സ്വിസ് ഫ്രാങ്ക് - 81.34, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.07, ബഹറിന്‍ ദിനാര്‍ - 201.82, കുവൈത്ത് ദിനാര്‍ -249.89, ഒമാനി റിയാല്‍ - 197.91, സൗദി റിയാല്‍ - 20.29, യു.എ.ഇ ദിര്‍ഹം - 20.72, ഖത്തര്‍ റിയാല്‍ - 20.90, കനേഡിയന്‍ ഡോളര്‍ - 60.87.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad