Type Here to Get Search Results !

ബീവർ - കാട്ടിലെ എൻജിനീയർ..!!



കാട്ടിൽ അണക്കെട്ടുകൾ നിർമ്മിച്ച് അതിൽ കുടുംബവും, കുട്ടികളുമായി താമസിക്കുന്ന ഒരു ജീവിയേപ്പറ്റി കേട്ടിട്ടുണ്ടോ..?? കഠിനാധ്വാനിയും, ബഹുസമർത്ഥനുമായ "ബീവർ" എന്ന ക്യാനഡയുടെ ദേശീയ മൃഗത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്...


ഏകദേശം 30-കിലോ ഭാരമുളള "കരണ്ടുതീനി" വർഗ്ഗത്തിൽപ്പെട്ട ഒരു ജീവിയാണ് ബീവർ. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ഈ ജീവി അണക്കെട്ടു നിർമ്മാണത്തിൽ അതിവിദഗ്ദ്ധരാണ്. മൂർച്ചയേറിയതും , അതിശക്തവുമായ സ്വന്തം പല്ലുകളുപയോഗിച്ച് കാട്ടരുവികളുടെ തീരത്തുളള വലിയ മരങ്ങൾ കരണ്ട് മുറിച്ച് അരുവിയുടെ കുറുകെ വീഴ്ത്തും. ഇങ്ങനെ അണക്കെട്ട്‌ നിർമ്മാണത്തിനായി ബീവറുകൾ മിക്കവാറും , തിരഞ്ഞെടുക്കുന്ന വൃക്ഷങ്ങൾ അരുവിയിലേക്ക് ചാഞ്ഞ് നിൽക്കുന്നവയും അരുവിയുടെ മറുവശം വരെ, ഒരു പാലം പോലെ എത്താൻ നീളമുള്ളവയും ആയിരിക്കും.


വൻ വൃക്ഷങ്ങളുടെ അടിഭാഗം, കരണ്ടു മുറിക്കാൻ ബീവറിന് ചിലപ്പോൾ ദിവസങ്ങൾ വേണ്ടി വരാറുണ്ട്. ഇങ്ങനെ, അരുവിയുടെ കുറുകെ വീഴ്ത്തുന്ന വൃക്ഷത്തിന്റെ , കമ്പുകൾ ഇവ കരണ്ട് മുറിച്ച്, നെടുകെയും കുറുകെയും നാട്ടി നിർത്തി അണകെട്ടിന്റെ ചട്ടക്കൂട് ഉണ്ടാക്കി ബലപ്പെടുത്തും. അതിന് ശേഷം, ചെറുകല്ലുകളും ,ചെളിയും, പുല്ലുകളും ഉപയോഗിച്ച് അണക്കെട്ടിന്റെ നിർമ്മാണം പൂർത്തീകരിക്കും. വളരെ ബലമേറിയ ഈ അണക്കെട്ട് അരുവിയിലെ വെള്ളത്തിനെ പൂർണ്ണമായും തടഞ്ഞ് നിർത്തുന്നു..!!


അരുവിയിൽ വെള്ളം കെട്ടി നിർത്താനുണ്ടാക്കിയ അണക്കെട്ടിനു നടുവിൽതന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചെളിയും ഉപയോഗിച്ചു തന്നെയാണ് വീടുനിർമ്മാണവും; ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലത്തിന്റെ ഉപരിതലം ഉറഞ്ഞ് എെസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുമ്പോഴേ ഉണ്ടാക്കും. 


മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്ത് ചെറു വിള്ളലുണ്ടാക്കി, അണക്കെട്ടിന് ഭീഷണിയാവുന്ന അധികമുള്ള ജലം പുറത്തേക്ക് ഒഴുക്കിക്കളയാനും ബീവറിന് അറിയാം. "കാട്ടിലെ എഞ്ചിനീയർ" എന്ന വിശേഷണത്തിനു ബീവർ തികച്ചും യോഗ്യൻ തന്നെയാണ്. കഠിനാദ്ധ്വാനത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി ക്യാനഡക്കാർ ഈ കരണ്ടു തീനി ജീവിയെ കാണുന്നു.!! 


താറാവുകളുടേത് പോലുള്ള തോൽ പാദങ്ങളും പങ്കായം പോലെ പരന്ന വാലുമുള്ള ബീവറുകളുടെ പല്ലുകൾക്ക് ഓറഞ്ച് നിറമാണ്; ശുദ്ധ വെജിറ്റേറിയനും , സമർത്ഥനായ നീന്തൽക്കാരനുമായ ബീവർ കാനഡയുടെ ദേശീയ മൃഗവുമാണ്.


മരങ്ങളുടെ തൊലി, ജലസസ്യങ്ങൾ, കിഴങ്ങുകൾ, പ്രത്യേക ഇനംവേര്, ഇല, ഇളം കമ്പുകൾ എന്നിവയാണ് ഭക്ഷണം.തണ്ണീർത്തടങ്ങളിലെ ജല ലഭ്യത കൂട്ടാൻ ബീവറുകളുടെ അണക്കെട്ടുകൾക്ക് കഴിവുണ്ട്.


അമേരിക്കൻ ബീവർ, യുറേഷ്യൻ ബീവർ എന്നിങ്ങനെ രണ്ട് ഇനം ബീവറുകളാണ് പ്രധാനമായും ഉള്ളത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad