Type Here to Get Search Results !

എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളിൽ മിന്നൽ പരിശോധന



 താനൂരിലെ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളിൽ മിന്നൽ പരിശോധന. മരട് നഗരസഭാ പരിധിയിലെ ബോട്ടുകളിലാണ് പരിശോധന നടത്തുന്നത്. നഗരസഭയിലെ സ്‌പെഷ്യൽ  സ്‌ക്വാർഡ് വിഭാഗമാണ് നാലിടങ്ങളിൽ പരിശോധന നടത്തിയത്.


പരിശോധനയിൽ ആവശ്യമായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയ ബോട്ടുടമകൾക്ക് രേഖകൾ സമർപ്പിക്കാൻ ഒരു ദിവസം സമയം അനുവദിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിലും പരിശോധനകൾ നടക്കുമെന്ന് നഗരസഭ അറിയിച്ചു. അതേസമയം താനൂർ ബോട്ടപകടത്തിൽ തെരച്ചിൽ താൽക്കാലികമായി നിർത്തി. അവലോകന യോഗത്തിന് ശേഷം തെരച്ചിലിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.


അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ സർവെ സർട്ടിഫിക്കറ്റ് മീഡിയവണിന് ലഭിച്ചു. പരമാവധി 22 പേർക്കാണ് ബോട്ടിൽ യാത്ര ചെയ്യാവുന്നതെന്ന് റിപ്പോർട്ടിൽപറയുന്നു.ബോട്ടിന്റെ മുകൾനില യാത്രക്ക് യോഗ്യമല്ല. ലൈസൻസ് അനുവദിക്കുന്നതിന് മുന്നോടിയായാണ് സർവെ സർട്ടിഫിക്കറ്റ് നൽകുന്നത്. താനൂർ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനങ്ങളാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.  അപകടമുണ്ടായ അറ്റ്‌ലാൻഡിക്ക ബോട്ടിന് രജിസ്‌ട്രേഷനില്ല. രജിസ്‌ട്രേഷൻ പൂർത്തിയാക്കും മുമ്പാണ് ബോട്ട് യാത്ര നടത്തിയത്. സൂര്യാസ്തമയത്തിന് ശേഷം സർവീസ് നടത്തരുതെന്ന ചട്ടവും ലംഘിച്ചു.


പരിധിയിലധികം ആളെക്കയറ്റിയതാണ് അപകടത്തിനു കാരണം.22 പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. തിരൂർ പരപ്പനങ്ങാടി സ്വദേശികളാണ് മരിച്ചത്. നാൽപ്പതോളം യാത്രക്കാരുമായി പോയ അറ്റ്‌ലാൻഡിക്ക ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടപകടത്തിന്റെ പശ്ചത്താലത്തിൽ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംഭവസ്ഥലം സന്ദർശിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാനും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് ബോട്ട് സർവീസ് നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad