Type Here to Get Search Results !

ബുർജ്‌ ഖലീഫ ഇന്ന് പതിനാലാം വയസ്സിലേക്ക്‌



▪️അറബ് ഐക്യനാടുകളിലെ ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ ("ഖലീഫ ടവർ"). 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. 


ദുബായിയുടെ വികസന പദ്ധതിയായ ഡൌൺ‌ ടൌൺ ബുർജ് ഖലീഫ എന്ന 2 കി.m2 (0.8 sq mi) വിസ്താരത്തിലുള്ള വികസനപദ്ധതിയുടെ ഭാഗമാണ് ബർജ് ദുബായ്. ദുബായിയിലെ പ്രധാന ഗതാഗത പാതയായ ഷേക് സായിദ് റോഡിനടുത്തായി നിലകൊള്ളുന്ന ഈ കൂറ്റൻ എടുപ്പിന്റെ ശില്പി അഡ്രിയാൻ സ്മിത്ത് ആണ്. ബർജു ദുബായിയുടെ പ്രധാന നിർമ്മാണ കരാറുകാർ സാംസങ്ങ്, ബേസിക്സ്, അറബ്ടെക് എന്നീ കമ്പനികളാണ്. നിർമ്മാണ മേൽനോട്ടം ടർണർ എന്ന കമ്പനിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്. 


ഇതിന്റെ മൊത്തം നിർമ്മാണ ചെലവ് ഏകദേശം US$1.5 ബില്ല്യൺ ആണ്. കൂടാതെ മൊത്തം വികസനപദ്ധതിയായ ഡൌൺ‌ ടൌൺ ദുബായിയുടെ നിർമ്മാണ ചെലവ് US$20 ബില്ല്യൺ ആണ്.


നിർമ്മാണം


ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കിഡ്മോർ, ഓവിങ്സ് ആന്റ് മെറിൽ (Skidmore, Owings, and Merrill) എന്ന സ്ഥാപനമാണ് ഈ സൌധത്തിന്റെ എഞ്ചിനീയറിംഗും ആർക്കിടെക്ചറും ചെയ്തിരിക്കുന്നത്. ലോകപ്രശസ്തരായ ബിൽ ബേക്കർ എന്ന ചീഫ് സ്ട്രക്ച്വറൽ എഞ്ചിനീയറും, അഡ്രിയൻ സ്മിത്ത് എന്ന ചീഫ് ആർക്കിടെക്റ്റും ചേർന്നാണ് ഇതിന്റെ രൂപകൽ‌പ്പന നിർവ്വഹിച്ചത്. ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ്ങ് C&T ആണ് നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രധാന കോൺ‌ട്രാക്റ്റർ. ലോകത്തിലെ മറ്റു രണ്ട് സുപ്രധാന അംബരചുംബികളായ തായ്പേയ് 101, മലേഷ്യയിലെ ട്വിൻ ടവറുകൾ എന്നിവ നിർമ്മിച്ച പരിചയമാണ് സാംസങ്ങിനെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അവരോടൊപ്പം Samsung, BESIX, Arabtec തുടങ്ങിയ യൂ.എ.ഇ കമ്പനികളും നിർമ്മാണപ്രവർത്തനങ്ങളിൽ തുല്യ പങ്കു വഹിച്ചു. ഹൈദർ കൺസൾട്ടിംഗ് കമ്പനിയാണ് നിർമ്മാണത്തിലെ എഞ്ചിനീയറിംഗ് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടത്. 12000 ൽ അധികം നിർമ്മാണ തൊഴിലാളികൾ ഈ കെട്ടിടം യാഥാർത്ഥ്യമാക്കുന്നതിനു പിന്നിൽ അധ്വാ‍നിച്ചിട്ടുണ്ട് എന്നുകണക്കാക്കപ്പെടുന്നു. ഇതുകൂടാതെ അത്രതന്നെ എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങിയവർ ഇതിന്റെ വിവിധ എഞ്ചിനീയറിംഗ് ജോലികളിൽ പങ്കെടുത്തു.


2004 ജനുവരി മാസത്തിലാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷൻ ജോലികൾ ആരംഭിച്ചത്. ഫൌണ്ടേഷൻ നിർമ്മാണത്തിനായി മാത്രം എട്ടുമാസങ്ങൾ വേണ്ടിവന്നു. 2004 സെപ്റ്റംബർ മാസത്തിൽ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി. റാഫ്റ്റ് (ചങ്ങാടം) ഫൌണ്ടേഷൻ രീതിയിലാണ് ഇതിന്റെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സൈറ്റിലെ മേൽ മണ്ണ് അൻപതോ അറുപതോ മീറ്റർ ആഴത്തിൽ എടുത്തുമാറ്റി ഉറപ്പുള്ള ഒരു തലത്തിലേക്ക് എത്തുന്നു. അവിടെനിന്ന് താഴേക്ക് കോൺക്രീറ്റ് പൈലുകൾ ഇറക്കുന്നു. സിലിണ്ടർ ആകൃതിയിലുള്ള കുഴികൾ കുഴിച്ച് അതിൽ കോൺക്രീറ്റും കമ്പിയും ചേർത്ത് തൂണുകൾ വാർത്താണ് പൈലുകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള 192 പൈലുകളാണ് ബുർജ് ഖലീഫയുടെ ഫൌണ്ടേഷന്റെ അടിസ്ഥാനം. ഒന്നരമീറ്റർ വ്യാസവും 47 മീറ്റർ നീളവുമുള്ള ഈ പൈലുകൾ ഓരോന്നും വളരെ ഉറപ്പുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങിയാണ് ഉറച്ചിരിക്കുന്നത്. ഈ പൈലുകൾക്ക് മുകളിലായി മുപ്പതു മീറ്ററോളം കനമുള്ള കോൺക്രീറ്റ് റീ‍ഇൻഫോഴ്സ്ഡ് സ്ലാബ്. 45000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഫൌണ്ടേഷന്റെ ആകെ ഭാരം 1,10,000 ടൺ. ഫൌണ്ടേഷനു വേണ്ടി വളരെ കുറഞ്ഞ ജലാഗിരണശേഷിയുള്ളതും, അതേസമയം അതീവ സാന്ദ്രതയുള്ളതുമായ കോൺക്രീറ്റ് മിശ്രിതം പ്രത്യേകമായി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുമുകളിലാണ് ഈ അംബരചുംബി പടുത്തുയർത്തിയിരിക്കുന്നത്. റാഫ്റ്റ് രീതിയിലുള്ള ഫൌണ്ടേഷന്റെ പ്രത്യേകത, അത് ഒരു ചങ്ങാടം പോലെ ഒറ്റക്കെട്ടായി അതിനുമുകളിലുള്ള കെട്ടിടത്തെ താങ്ങി നിർത്തുന്നു എന്നതാണ്. കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 3,30,000 ക്യുബിക് മീറ്റർ കോൺക്രീറ്റും, 55,000 ടൺ സ്റ്റീൽ കമ്പിയും ഉപയോഗിച്ചു.


2005 മാർച്ച് ആയപ്പോഴേക്കും കെട്ടിടം അതിന്റെ ആകൃതി കൈവരിച്ച് ഉയരുവാൻ തുടങ്ങിയിരുന്നു. ഇംഗീഷ് അക്ഷരമായ Y യുടെ ആകൃതിയിൽ മൂന്ന് ഇതളുകളോടുകൂടിയ ഒരു പൂവിന്റെ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ തിരശ്ചീനഛേദതലത്തിനുള്ളത്. ഈ ആകൃതിയാണ് ഇത്രയധികം ഉയരത്തിലേക്ക് പോകുമ്പോഴും അതിന് ആവശ്യമായ സ്റ്റബിലിറ്റി നൽകുന്നത്. മരുഭൂമിയിൽ കാണപ്പെടുന്ന Hymenocallis എന്ന പൂവിന്റെ ആകൃതിയിൽനിന്നാണ് ഇതിന്റെ ആശയം ഉൾക്കൊണ്ടിട്ടുള്ളത്


രൂപകൽ‌പ്പന


കെട്ടിടത്തിന്റെ മധ്യഭാഗം (core) ഫൌണ്ടേഷൻ മുതൽ ഏറ്റവും മുകളിലെ നിലവരെ നീളുന്ന, ആറുവശങ്ങളോടുകൂടിയ ഒരു ഭീമൻ hexagonal കുഴലാണ്. ഈ കുഴലിനു ചുറ്റുമായി നന്നാല് അടുക്കുകളായി ഉയരുന്ന രീതിയിൽ ആണ് കെട്ടിടത്തിന്റെ മറ്റു നിലകൾ പടുത്തുയർത്തിയിരിക്കുന്നത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും ചില പ്രത്യേക ഉയരങ്ങളിൽ വച്ച് നന്നാല് അടുക്കുകളിൽ ഏറ്റവും പുറമേഉള്ളതിന്റെ ഉയരം വിപരീത-ഘടികാരദിശയിൽ തിരിയുന്ന ഒരു സ്പൈറൽ രീതിയിൽ കുറഞ്ഞുകുറഞ്ഞു വരുന്നു. ഉയരത്തിന്റെ പകുതിക്കു താഴെ ഭാഗങ്ങളിൽ മുന്നും നാലും ബെഡ് റൂമുകളോടുകൂടിയ റസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉൾപ്പെടുത്തുവാൻ ഈ ഡിസൈൻ മൂലമാണ് സാധിക്കുന്നത്. മുകളിലേക്ക് പോകുംതോറും ഓഫീസുകൾ, സ്വീറ്റുകൾ തുടങ്ങിയവയാണുള്ളത്. Central core നെ മൂന്നുവശങ്ങളിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന sheer wall buttresses താങ്ങി നിർത്തുന്നു. ഈ രീതിയിലുള്ള ഒരു എഞ്ചിനീയറീംഗ് രീതി തന്നെ ഇതിനായി പ്രത്യേകം വികസിപ്പിച്ചതാണ്.


കെട്ടിടം മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ഇങ്ങുതാഴെ അതിന്റെ പുറംചട്ടയുടെ പണികൾ ആരംഭിച്ചിരുന്നു. 2006 മാർച്ച് മാസം ആയപ്പോഴേക്കും 50 നിലകൾ പിന്നിട്ടു. 2007 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന ഏറ്റവും അധികം നിലകളോടുകൂടിയ സിയേഴ്സ് ടവറിന്റെ ഉയരവും കവിഞ്ഞിരുന്നു ബുർജ് ഖലീഫ. 2007 സെപ്റ്റംബർ ആയപ്പോഴേക്കും 150 നിലകളും പൂർത്തീകരിച്ചു. ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത്


156 നില വരെ കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ബാക്കി നാലു നിലകളും അതിനുശേഷം മുകളിലേക്കുള്ള ഭാഗങ്ങളും സ്ട്രക്ചറൽ സ്റ്റീലിൽ ആണു നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്പൈർ (ഏറ്റവും മുകളിലുള്ള ഭാഗം) മാത്രം 4000 ടണ്ണിലധികം ഭാരമുള്ള സ്റ്റീൽ സ്ട്രക്ചറാണ്. ഇതിൽ 46 സർവീസ് ലെവലുകൾ ഉണ്ട് - ഇവ ആൾതാമസത്തിനായി ഉദ്ദേശിച്ചുള്ളവയല്ല.


ഈ കെട്ടിടത്തിന്റെ പുറംചട്ട (Facade) 1,528,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. അലുമിനം, സ്റ്റീൽ, ഗ്ലാസ് എന്നിവയാൽ നിർമ്മിച്ചിരിക്കുന്ന ഈ പുറംചട്ടയും ഒട്ടനവധി പ്രത്യേകതകളുള്ളതുതന്നെ. ദുബായിയിലെ അത്യുഷ്ണത്തിൽ കേടുപാടുകൾ കൂടാതെ വർഷങ്ങളോളം പിടിച്ചു നിൽക്കുവാൻ ശേഷിയുള്ള പൌഡർ കോട്ടിംഗുകൾ ഈ ഫ്രെയിമുകളിൽ പതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 24,348 പാനലുകളാണ് കെട്ടിടത്തിന്റെ പ്രധാനഭാഗങ്ങളെ പൊതിഞ്ഞിരിക്കുന്നത്. ഓരോ പാനലുകളുടെയും വലിപ്പം : 6.4 മീറ്റർ ഉയരം, 1.2 മീറ്റർ വീതി, 750 കിലോ ഭാരം! ഈ ഗ്ലാസ് ഷീറ്റുകൾ എല്ലാം കൂടി നിരത്തിവച്ചാൽ 14 ഫുഡ്ബോൾ ഗ്രൌണ്ടുകൾ മറയ്ക്കാൻ മതിയാമെന്നു കണക്കാക്കപ്പെടുന്നു. ഇവകൂടാതെ രണ്ടായിരത്തോളം ചെറു ഗ്ലാസ് പാനലുകൾ കൂടി ചേരുന്നതാണ് കെട്ടിടത്തിന്റെ പുറംചട്ട. ചൈനയിൽനിന്നെത്തിയ മുന്നൂറോളം വിദഗ്ദ്ധരാണ് ഈ പാനലുകളെ യഥാസ്ഥാനങ്ങളിൽ ഉറപ്പിച്ചത്.


മുകളിലേക്ക് ഉയർന്നു പോകുന്ന ഒരു വിർച്വൽ സിറ്റി തന്നെയായാണ് ബുർജ് ഖലീഫ വിഭാവനം ചെയ്തിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, ആയിരത്തോളം ലക്ഷ്വറി റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, റിക്രിയേഷൻ സൌകര്യങ്ങൾ, തുടങ്ങി ഒരു ആധുനിക നഗരത്തിൽ വേണ്ടതെല്ലാം ഈ പടുകൂറ്റൻ സൌധത്തിനുള്ളിൽ തന്നെ സജ്ജീകരിച്ചിരിക്കുന്നു. പ്രശസ്ത ഇറ്റാലിയൻ ഹോട്ടൽ ഗ്രൂപ്പായ അർമ്മാനി ആണ് ബുർജ് ഖലീഫയിലെ 5 സ്റ്റാർ ഹോട്ടൽ നടത്തുന്നത്. സൌധത്തിന്റെ കോൺകോഴ്സ് മുതൽ ആദ്യ എട്ടുനിലകളും 38, 39 നിലകളും ഈ ഹോട്ടലിനായി മാറ്റി വേർതിരിച്ചിരിക്കുന്നു. ഇതുകൂടാതെ 9 മുതൽ 16 വരെ നിലകളിൽ അർമാനി റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉണ്ട്. ഇതും ഹോട്ടലിന്റെ തന്നെ ഫർണിഷ്ഡ് ഫ്ലാറ്റ് സേവനമാണ്.


19 മുതൽ 108 വരെ നിലകളിലായി 900 ലക്ഷ്വറി ഫ്ലാറ്റുകളാണ്. സ്റ്റുഡിയോ ഫ്ലാറ്റുകൾ മുതൽ ഒന്ന്, രണ്ട്, മൂന്ന്, നാല് ബെഡ് റൂം ഫ്ലാറ്റുകൾ വരെ ഇക്കൂട്ടത്തിൽ പെടും. 43, 76, 123 എന്നീ നിലകളിൽ ഓരോ സ്കൈ ലോബികൾ സജീകരിച്ചിരിക്കുന്നു. ഓരോ സ്കൈലോബിലും ഒരു ഇടത്താവളമാണ് എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള ജിംനേഷ്യം, ഇൻ‌ഡോർ / ഔട്ട് ഡോർ സ്വിമ്മിംഗ് പൂളുകൾ, മീറ്റിംഗ് / റിക്രിയേഷൻ ഹാളുകൾ, ലൈബ്രറി, ഒരു ചെറിയ ഷോപ്പിംഗ് സെന്റർ, മീറ്റിംഗ് പോയിന്റുകൾ എന്നിവയെല്ലാം ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.


ലിഫ്റ്റ് സംവിധാനങ്ങൾ


58 ലിഫ്റ്റുകളുള്ള ഈ ടവറിലെ ഒരു ലിഫ്റ്റ് പോലും ഗ്രൌണ്ട് ഫ്ലോർ മുതൽ 160 മത്തെ നിലവരെ സഞ്ചരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എക്പ്രസ് ലിഫ്റ്റുകൾ സ്കൈലോബി കൾക്കിടയിലാണു സഞ്ചരിക്കുക. ഇതിനിടയിലുള്ള ഫ്ലോറുകളിലേക്ക് പോകേണ്ടവർ സ്കൈലോബിയിൽ നിന്ന് മറ്റൊരു ലോക്കൽ ലിഫ്റ്റിലേക്ക് മാറിക്കയറേണ്ടതുണ്ട്. ലിഫ്റ്റുകളുടെ മറ്റൊരു പ്രത്യേകത, ഏതു ഫ്ലോറിലേക്കാണ് പോകേണ്ടതെന്ന് ലിഫ്റ്റിൽ കയറുന്നതിനു മുമ്പ് തന്നെ ഒരു ടച്ച് സ്ക്രീൻ പാഡിൽ വിവരം നൽകണം എന്നതാണ്. ഈ ടച്ച് സ്ക്രീനുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിവിധ നിലകളിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ ലക്ഷ്യസ്ഥാനങ്ങൾ അവലോകനം ചെയ്യുകയും, ഏറ്റവും കുറഞ്ഞ വെയിറ്റിംഗ് സമയം ലഭിക്കത്തക്ക വിധത്തിൽ വിവിധ ഫ്ലോറുകളിലുള്ളവരെ സ്വയമേവ വിവിധ ലിഫ്റ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നരീതിയിലാണ് ലിഫ്റ്റുകളുടെ സംവിധാനം. പ്രധാന സർവ്വീസ് ലിഫ്റ്റ് കെട്ടിടത്തിന്റെ മധ്യഭാഗത്താണുള്ളത്. ആ ലിഫ്റ്റ് ഒറ്റയടിക്ക് 504 മീറ്റർ ഉയരം വരെ പോകാൻ തക്കവിധം നിർമ്മിച്ചിട്ടുള്ളതാണ്. കൂടാതെ ലിഫ്റ്റുകളോരോന്നും ഡബിൾ ഡക്കർ കാ‍ബുകളാണ് - ഓരോന്നിലും 14 യാത്രക്കാർ വരെ ഒരുമിച്ച് യാത്രചെയ്യാം. സെക്കന്റിൽ 10മീറ്റർ വേഗത്തിലാണ് പ്രധാന ലിഫുകളുടെ സഞ്ചാരം. പ്രശസ്തമായ ഓറ്റിസ് കമ്പനിയാണ് ബുർജ് ഖലീഫയിലെ എല്ലാ ലിഫ്റ്റുകളും നിർമ്മിച്ചിരിക്കുന്നത്.


പരിപാലനം


ഈ സൌധത്തിന്റെ പുറംചട്ടയിൽ പറ്റിപ്പിടിക്കുന്ന പൊടി കഴുകിമാറ്റി, ഗ്ലാസ് പാനലുകൾ വൃത്തിയായി സൂക്ഷിക്കുവാനായി ഉള്ള സംവിധാനങ്ങളും ബുർജ് ഖലീഫയുടെ പുറംചട്ടയിൽ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 40, 73, 109 എന്നി നിലകളിൽ ഒരു തിരശ്ചീന ട്രാക്ക് ഉറപ്പിച്ചിരിക്കുന്നു. ഇവയിൽ ഒന്നരടൺ ഭാരം വരുന്ന ഓരോ ബക്ക്റ്റ് മെഷീനുകൾ ഉറപ്പിച്ചിരിക്കുന്നു. ഈ മെഷീനുകൾ ജനാ‍ലകൾക്കുമുമ്പിൽ തിരശ്ചീനമായും ലംബമായും നീങ്ങി അവ വൃത്തിയാക്കും. 109 നു മുകളിലുള്ള നിലകൾ കഴുകിവൃത്തിയാക്കുന്നത് ധൈര്യശാലികളായ ജോലിക്കാർ, കേബിളുകളിൽ തൂങ്ങിയിറങ്ങുന്നതരത്തിലുള്ള ബക്കറ്റുകളിൽ ഇരുന്നുകൊണ്ടാണ്. ഏറ്റവും മുകളിലെ സ്പൈർ കുഴൽ മനുഷ്യ സഹായമില്ലാതെ സ്വയം കഴുകി വൃത്തിയാക്കുന്ന മറ്റൊരു സംവിധാനവും പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.


വീക്ഷണതലം


“അറ്റ് ദി ടോപ്” എന്ന വിഗഹവീക്ഷണ തലം നിർമ്മിച്ചിരിക്കുന്നത് 124 മത്തെ നിലയിലാണ്. ഇവിടെ പൊതുജനങ്ങൾക്ക് ടിക്കറ്റോടുകൂടി പ്രവേശിക്കാം. പ്രസന്നമായ അന്തരീക്ഷമുള്ള ദിവസങ്ങളിൽ അവിടെനിന്നുള്ള കാഴ്ച അത്യന്തം മനോഹരമാണ്. ആധുനിക ബൈനോക്കുലർ സംവിധാനങ്ങളിലൂടെ വളരെ അകലെയുള്ള കാഴ്ചകൾ കാണാം. ബുർജ് ഖലീഫയുടെ മുകളറ്റം 95 കിലോമീറ്റർ അകലെ നിന്ന് കാണാം എന്നാണ് കണക്കാക്കിയിരിക്കുന്നത് (അന്തരീക്ഷം പ്രസന്നമാണെങ്കിൽ!).


ഇറിഗേഷൻ സിസ്റ്റം


പ്രത്യേക രീതിയിലുള്ള ഒരു ഇറിഗേഷൻ സിസ്റ്റമാണ് ബുർജ് ഖലീഫയുടെ ചുറ്റുപാടുമായി ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടിയേയും ഉദ്യാനത്തേയും പരിപാലിക്കുവാൻ ഉപയോഗിക്കുന്നത്. ഈ മരുഭൂമിയിലെ പച്ചപ്പിനെ പരിപാലിക്കുവാനായി ഉപ്പുവെള്ളം ഉപയോഗിക്കുവാൻ സാധിക്കില്ല എന്നറിയാമല്ലോ. റോഡ് സൈഡിലുള്ള പച്ചപ്പുകളെ നനയ്ക്കുന്നത് ശുദ്ധീകരിച്ച ഡ്രെയിനേജ് വെള്ളം കൊണ്ടാണ്. എന്നാൽ ഇവിടെ മറ്റൊരു സംവിധാനമാണ് ഉപയോഗിക്കുന്നത്. ഈ കെട്ടിടത്തിലെ എയർകണ്ടീഷനിംഗ് സിസ്റ്റത്തിൽ നിന്ന് ശേഖരിക്കുന്ന ഘനീഭവിച്ച (condensed) അന്തരീക്ഷ ബാഷ്പം ശേഖരിക്കുവാനായി പ്രത്യേക ടാങ്കുകൾ കെട്ടിടത്തിന്റെ അടിയിൽ നിർമ്മിച്ചിട്ടുണ്ട്. ഇത്രയും വലിയ കെട്ടിടത്തിനെ ശീതീകരിക്കുവാൻ വേണ്ട എയർ കണ്ടീഷനറിൽ നിന്ന് ലഭിക്കുന്ന വെള്ളം പ്രതിവർഷം 56 ദശലക്ഷം ലിറ്റർ ആയിരിക്കുമെന്നു കണക്കാക്കുന്നു.


എഞ്ചിനീയറിംഗ് വെല്ലുവിളികൾ


മിക്കവാറും എല്ലാ വലിയ ഡെവലപ്മെന്റ് പ്രോജക്റ്റുകളിലും കാണാവുന്ന എഞ്ചിനീയറിംഗ് വെല്ലുവിളികൾ ഈ സൌധത്തിന്റെ നിർമ്മാണത്തിലും ഉണ്ടായിരുന്നു. 606 മീറ്റർ ഉയരത്തിലേക്ക് കോൺക്രീറ്റ് പമ്പു ചെയ്യുക,സ്പൈറിന്റെ ഭാഗമായ 350 ടണ്ണോളം ഭാരമുള്ള ഇരുമ്പു പൈപ്പ് ഈ കെട്ടിടത്തിന്റെ ഉള്ളിൽ വച്ചു തന്നെ ഉണ്ടാക്കി 200 മീറ്ററോളം ജായ്ക്ക് ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുക, ഇത്രയധികം ഭാരവും അതിന്റെ സമ്മർദ്ദവും താങ്ങാനാവുന്ന ഒരു കോൺക്രീറ്റ് മിശ്രിതം ഫൌണ്ടേഷനു വേണ്ടി കണ്ടുപിടിക്കുക, അതിന്റെ താപനില ശരിയായി നിയന്ത്രിച്ചുനിർത്തിക്കൊണ്ട് നിർമ്മാണവേളയിൽ കോൺക്രീറ്റ് കട്ടിയായിപ്പോകാതെ സൂക്ഷിക്കുക, ശക്തമായ കാറ്റിനെ അതിജീവിച്ച് സ്ഥിരതയോടെ നിൽക്കാനാവുന്ന ഡിസൈൻ കണ്ടുപിടിക്കുക, കെട്ടിടത്തിന്റെ പുറംചട്ടയായ 24348 അലുമിനം ഗ്ലാസ് പാനലുകൾ ഈ കെട്ടിടത്തിനു ചുറ്റും വിജയകരമായി ഉറപ്പിക്കുക തുടങ്ങി സിവിൽ എഞ്ചീനിയറിംഗിനു മുമ്പിലുള്ള വെല്ലുവിളികൾ അസംഖ്യമായിരുന്നു. ഇവയിൽ പലതും ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ വെല്ലുവിളികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയതാണ് ഒരുപക്ഷേ ഈ സൌധത്തിന്റെ നിർമ്മാണത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. ബുർജ് ഖലീഫയുടെ നിർമ്മാണത്തെ സംബന്ധിച്ചിടത്തോളം അന്നേവരെ അസാധ്യമെന്നു തോന്നിയിരുന്ന ഓരോഎഞ്ചിനീയറിംഗ് സന്നിഗ്ദ്ധതകൾക്കും ഒരു പരിഹാരമായി പുതിയ പുതിയ ടെക്നോളജികൾ ആവിഷ്കരിക്കുകയും കണ്ടുപിടിക്കുകയും ചെയ്തിട്ടുണ്ട് .


പ്രത്യേകതകൾ


ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടം

താങ്ങുകളില്ലാത്ത ഉയരം കൂടിയ കെട്ടിടം

കൂടുതൽ നിലകളുള്ള കെട്ടിടം

കൂടുതൽ ഉയരത്തിൽ പാർപ്പിടങ്ങളുള്ള കെട്ടിടം

എറ്റവും ഉയരത്തിൽനിന്ന് പുറംകാഴ്ചകൾ ആസ്വദിക്കാവുന്ന കെട്ടിടം

കൂടുതൽ ദൂരത്തിൽ സഞ്ചരിക്കുന്ന എലിവേറ്റർ

നീളം കൂടിയ എലിവേറ്റർ

ഈ എഞ്ചിനീയറീംഗ് അത്ഭുതത്തിന്റെ പേരിൽ ഇപ്പോൾ തന്നെ ലോക റിക്കോർഡുകൾ അനവധി. മനുഷ്യ നിർമ്മിതമായ ഏറ്റവും ഉയരം കൂടിയ നിർമ്മിതി (ഇതിൽ കെട്ടിടങ്ങളും ടി.വി / റേഡിയോ ടവറുകളും പെടുന്നു), ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160) ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും ഉയരമേറിയ അംബരചുംബികളിൽ റസിഡൻഷ്യൽ ഫ്ലാറ്റുകളും ഉൾപ്പെടുന്ന ലോകത്തെ ആദ്യ കെട്ടിട സമുച്ചയം, സെക്കന്റിൽ 18 മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, 500 മീറ്ററിലധികം ഉയരുന്ന ലിഫ്റ്റ്, അലുമിനം-ഗ്ലാസ് ഫസാഡ് (പുറംചട്ട) 500 മീറ്ററിലധികം ഉയരത്തിൽ ഉറപ്പിച്ചിട്ടുള്ള ഏറ്റവും ഉയരമേറിയ കെട്ടിടം, 76 മത്തെ നിലയിൽ സ്വിമ്മിംഗ് പൂൾ ഉള്ള ഏക കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിലവിലുള്ള റിക്കോർഡുകൾ ഒട്ടനവധിയാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad