രണ്ടും അതിൽ കൂടുതൽ തവണയും ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ട്രാഫിക് ചലാൻ തയ്യാറാക്കപ്പെട്ട വ്യക്തികളുടെ ലൈസൻസ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം സസ്‌പെൻഡ് ചെയ്യുന്നു. പുതിയ മോട്ടോർ വാഹന നിയമഭേദഗതിയിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ ലൈസൻസ് നിർബന്ധമായും മൂന്നുമാസം സസ്‌പെൻഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഒരുതവണയിൽ കൂടുതൽ ഇത്തരം നിയമലംഘനം നടത്തുന്ന വ്യക്തികൾക്കെതിരെയാണ് ഇപ്പോൾ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം നടപടി സ്വീകരിക്കുന്നത്.
മോട്ടോർ സൈക്കിളിൽ രണ്ടിൽ കൂടുതൽ ആൾക്കാർ സഞ്ചരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനം ഉപയോഗിക്കുന്നതും ആയ വ്യക്തികളുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങൾ ക്യൂ പാലിച്ചു നിൽക്കുമ്പോൾ ക്യൂ തെറ്റിച്ച് മുന്നിലേക്ക് കടന്നുവരുന്ന വാഹന ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ലൈൻ ട്രാഫിക് മര്യാദ ലംഘനം നടത്തിയ ഏഴോളം വ്യക്തികളുടെ ലൈസൻസ് ഇപ്രകാരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സസ്‌പെൻഡ് ചെയ്യുവാൻ ശുപാർശ ചെയ്യുകയും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ ബസ് ഡ്രൈവർമാരുടെ ലൈസൻസും ഉൾപ്പെടും. ഒക്ടോബറിൽ മാത്രം 21 പേരുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തിട്ടുള്ളത്.
*10,000 രൂപ പിഴ;*
സസ്‌പെൻഷൻ പിരീഡിൽ വാഹനം ഓടിച്ചാൽ 10,000 രൂപ പിഴ ഒടുക്കേണ്ടി വരും. പിഴയൊടുക്കിയിട്ടും തുടർ ട്രാഫിക് നിയമലംഘനം നടത്തുന്നവർക്ക് ഇതൊരു താക്കീത് ആണെന്നും, ഇനിയും തുടർന്നാൽ ലൈസൻസ് റിവൊക്കേഷൻ നടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.