Type Here to Get Search Results !

ഇടുക്കി ഡാം തുറന്നു: ചെറുതോണിയില്‍ നിന്നും ജലം ഒഴുകി വിട്ടു തുടങ്ങി, പെരിയാര്‍ തീരത്ത് ജാഗ്രത



ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്.


ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ 70 സെന്‍റീമീറ്റ‍‍ര്‍ ഉയര്‍ത്തി അന്‍പത് ഘനമീറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടുകയാണ് ഇപ്പോള്‍. 2383.53 ആണ് നിലവിലെ അപ്പര്‍ റൂള്‍ കര്‍വ്. ഡാം തുറന്നാലും പെരിയാര്‍ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. മുന്‍കരുതലായി 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്യാന്പ് തുടങ്ങാന്‍ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളില്‍ അനൗണ്‍സ്മെന്‍റും നടത്തി.


അതേസമയം ഇടുക്കി ഡാമില്‍ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 50 ക്യുമെക്സ് വെള്ളമാണ് ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുക. അഞ്ച് ഷട്ടറുകളില്‍ ഒന്ന് മാത്രമാണ് തുറന്നത്. ജലനിരപ്പ് കൂടി പരിഗണിച്ച്‌ ആവശ്യമെങ്കിള്‍ മാത്രം കൂടുതല്‍ വെള്ളം തുറന്നുവിടും.


എറണാകുളത്തെ സാഹചര്യം കൂടി കണക്കിലെടുത്താകും ഈ കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുക. ഇടമലയാര്‍ ഡാം ഉടനെ തുറക്കില്ലെന്നും ഇവിടെ നിന്നും കൂടുതല്‍ ജലം കൊണ്ടു പോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാല്‍ ഡാമിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. പെരിയാറില്‍ വാണിംഗ് ലെവലിന് താഴെയാണ് നിലവില്‍ ജലനിരപ്പ്. അതിനാല്‍ ഡാം തുറന്നാലും അപകട സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി അറിയിച്ചു.


ഇടുക്കി ഡാം തുറക്കുന്നതിന്‍റെ ഭാഗമായി എറണാകുളത്ത് മുന്‍കരുതലുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കി. ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.


ഡാം തുറക്കുമ്ബോള്‍ മുന്‍കരുതലുകള്‍ ഏര്‍പെടുത്തുന്നതിന്‍റെ ഭാഗമായി മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഡാം തുറക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണ കൂടം യോഗത്തിലറിയിച്ചു.


താലൂക്ക് തലത്തില്‍ തയ്യാറാക്കിയ ക്യാമ്ബുകളിലേക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സജ്ജമാണ്. മരുന്നുകളും സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.. ഓരോ മണ്ഡലത്തിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനായി ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കരയിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവരോട് രണ്ടുദിവസം കൂടി ക്യാംപില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad