Type Here to Get Search Results !

ബഫർ സോണിലായാൽ എന്താണ് മാറ്റം..!?നിരോധനം വരിക ഈ എട്ടു കാര്യങ്ങളിൽ



കോഴിക്കോട്:കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ പ്രകാരം ബഫർ സോണിൽ നിരോധനം ഏർപ്പെടുത്തുന്നത് എട്ടു കാര്യങ്ങളിലാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. പി.വി ശ്രീനിജിന്റെ ചോദ്യത്തിനാണ് മറുപടി നൽകിയത്. 


വാണിജ്യ ഖനനം, തടിമില്ലുകൾ സ്ഥാപിക്കുക, മലിനീകരണുണ്ടാക്കുന്ന വ്യവസായങ്ങൾ ആരംഭിക്കുക, വിറകിന്റെ വാണിജ്യ ഉപയോഗം, വൻകിട ജലവൈദ്യുതപദ്ധതികൾ ആരംഭിക്കുക, അപകടകരമായ വസ്തുക്കളുടെ ഉൽപ്പാദനവും ഉപയോഗവും, ടൂറിസത്തിന്റെ ഭാഗമായി നാഷണൽ പാർക്കുകൾക്ക് മുകളിലൂടെയുള്ള ആകാശയാത്ര, ജലാശയങ്ങളിൽ മലിന വസ്തുക്കൾ നിക്ഷേപിക്കുക തുടങ്ങിയവക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇതോടൊപ്പം മഴവെള്ള സംഭരണം, ജൈവക്കൃഷി, ഹരിത സാങ്കേതിക വിദ്യ സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കാനുമാണ് നിർദേശം.


നിയന്ത്രണമേർപ്പെടുത്തുന്നത് - മരങ്ങൾ മുറിച്ചു മാറ്റുക, ഹോട്ടലുകളും റിസോർട്ടുകളും ആരംഭിക്കുക, കാർഷികമേഖലയിലെ ഗുരുതരമായ മാറ്റം, പ്രകൃതിദത്ത ജലത്തിന്റെ വ്യാവസായിക ഉപയോഗം, ഇലക്ട്രിക് കേബിളുകൾ സ്ഥാപിക്കുക, ഹോട്ടലുകൾ ലോഡ്ജുകൾ എന്നിവക്ക് ചുറ്റും വേലി സ്ഥാപിക്കുക, റോഡ് വീതികൂട്ടുക, വാണിജ്യാവശ്യത്തിനായുള്ള വാഹനങ്ങളുടെ രാത്രികാല യാത്ര, വിദേശ പക്ഷി ജന്തുജാലങ്ങളെ കൊണ്ടുവരുക, കുന്നിൻ ചരിവുകളുടെയും നദീതീരങ്ങളുടെയും സംരക്ഷണത്തിനായുള്ള പ്രവർത്തികൾ വായു-വാഹന മലിനീകരണം, പരസ്യ ബോർഡുകൾ സ്ഥാപിക്കുക എന്നിവക്കാണ്.


സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് ജൂൺ എട്ടിന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് റിവ്യൂ- മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാൻ തീരുമാനിച്ചു. പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങൾ അഡ്വക്കേറ്റ് ജനറലിന് കൈമാറി. ജനവാസ മേഖലകളെ ഒഴിവാക്കി നിലവിൽ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകൾ അംഗീകരിച്ച് ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കായി കേന്ദ്ര ഉന്നതാധികാര കമ്മിറ്റിയേയും സുപ്രീം കോടതിയെയും സമീപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad