Type Here to Get Search Results !

പ്രഭാത വാർത്തകൾ


 

◼️സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് അറിയാം. നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. എസ്. ജയശങ്കര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ 'മിഷന്‍ കേരള' തന്ത്രങ്ങളുമായി ബിജെപി നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നീ ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ തീരുമാനം.


◼️നടിയെ ആക്രമിച്ച കേസില്‍ പൊലീസ് വ്യാജത്തെളിവുകളുണ്ടാക്കിയെന്ന് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസ്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ഫോട്ടോ വ്യാജമാണ്. പള്‍സര്‍ സുനി ദിലീപിന് അയച്ചെന്നു പറയുന്ന കത്ത് എഴുതിയത് സുനി അല്ല, സഹ തടവുകാരന്‍ വിപിനാണ്. ഇയാള്‍ ജയിലില്‍നിന്നു കടത്തിയ കടലാസ് ഉപയോഗിച്ച് പോലീസുകാര്‍ പറഞ്ഞതനുസരിച്ചാണ് കത്തെഴുതിയത്. പള്‍സര്‍ സുനി മുമ്പും നടിമാരെ ആക്രമിച്ച് ബ്ലാക്ക്മെയില്‍ ചെയ്തിട്ടുണ്ട്. പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ സുനിക്ക് ഉപയോഗിക്കാന്‍ ഫോണ്‍ നല്‍കിയതും പൊലീസുകാരാണ്. ശ്രീലേഖ പറഞ്ഞു.


◼️ഇന്നും മഴ തുടരും. നാലു വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട് ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകി. ഇന്ന് കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും എല്ലാ സ്‌ക്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധിയില്ല. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.



◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 18. ഏകജാലക സംവിധാനത്തിലൂടെയാണു പ്രവേശനം.


◼️ഇടുക്കി പോതമേട്ടില്‍ നായാട്ടിനിടെ ആദിവാസി യുവാവിനെ വെടിവച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ പ്രതികളെ നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു. ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ ഭാഗ്യരാജിന്റെ മകന്‍ മഹേന്ദ്രനാണ് കൊല്ലപ്പെട്ടത്. ബൈസണ്‍വാലി ഇരുപതേക്കര്‍ സ്വദേശികളായ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിലെ ടോര്‍ച്ചുവെളിച്ചത്തില്‍ മഹേന്ദ്രന്‍ ധരിച്ചിരുന്ന മഴക്കോട്ടിന്റെ ബട്ടണ്‍സില്‍ പതിച്ചുണ്ടായ തിളക്കം കണ്ട് മൃഗത്തിന്റെ കണ്ണുകളാണെന്നു തെറ്റിദ്ധരിച്ചു വെടിവച്ചെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്.


◼️വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ച് ഇരുചക്ര വാഹനം നിര്‍ത്താതെ പോയി എന്നാരോപിച്ച് യുവാവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്നു പരാതി. ആലപ്പുഴ നോര്‍ത്ത് എസ്.ഐ മനോജ്, സി.പി.ഒ ശ്യാം എന്നിവര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് മണ്ണഞ്ചേരി 21-ാം വാര്‍ഡ് തമ്പകച്ചുവട് പടിഞ്ഞാറ് ശേഖര്‍ നിവാസില്‍ ഉണ്ണിക്കൃഷ്ണന്‍(35) ആണ് ആലപ്പുഴ എസ്പിയ്ക്ക് പരാതി നല്‍കിയത്.


◼️കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍സ് വിക്രാന്ത് അടുത്ത മാസം കമ്മീഷന്‍ ചെയ്യും. നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പലാണ് വിക്രാന്ത്.


◼️നഴ്സുമാരുടെ സമരം വീണ്ടും വരുന്നു. തുല്യ ജോലിക്ക് തുല്യ വേതനം എന്ന മുദ്രാവാക്യവുമായാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തിനിറങ്ങുന്നത്. മിനിമം വേതനം നാല്‍പതിനായിരം രൂപയാക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സിന്റെ അടിസ്ഥാന ശമ്പളം 39,938 രൂപയാണ്. ഇത്രയെങ്കിലും വേണമെന്നാണ് ആവശ്യം.


◼️തുപ്പിയതു ചോദ്യം ചെയ്തതിനു തിരുവനന്തപുരം കഴക്കൂട്ടത്ത് കരിക്കു കച്ചവടക്കാരനെ ആക്രിക്കച്ചവടക്കാരന്‍ ചവിട്ടിക്കൊന്നെന്ന് ആരോപണം. ഈയിടെ കരള്‍രോഗ ശസ്ത്രക്രിയ കഴിഞ്ഞ നെട്ടായകോണം സ്വദേശി കെ. ഭുവനചന്ദ്രനാണു മരിച്ചത്. കരിക്കുകച്ചവടക്കാരനു മുന്നില്‍ തുപ്പിയതു ചോദ്യം ചെയ്തപ്പോള്‍ ആക്രിക്കച്ചവടക്കാരന്‍ ചവിട്ടിയെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്.


◼️പാലക്കാട് ധോണിയില്‍ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ കുങ്കിയാനയെ ഉപയോഗിച്ച് തുരത്താന്‍ ശ്രമം. വയനാട്ടില്‍ നിന്നെത്തിച്ച പ്രമുഖ എന്ന കുങ്കിയാനയുമായി വനംവകുപ്പുകാര്‍ ചീനിക്കുഴി വന മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.


◼️നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സഹായം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. 2006 ല്‍ ഗോള്‍വള്‍ക്കറുടെ ജനന്മശതാബ്ദിയോടനുബന്ധിച്ച് പറവൂരില്‍ സംഘടിപ്പിച്ച ചടങ്ങ് സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും ആര്‍വി ബാബു പുറത്തുവിട്ടു.


◼️കൈത്തറി നിര്‍മിതമായ ദേശീയ പതാകയ്ക്കു പകരം ചൈനയില്‍ നിര്‍മ്മിച്ച പോളിസ്റ്റര്‍ ത്രിവര്‍ണ പതാകകള്‍ ഇറക്കുമതി ചെയ്യാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും രാഷ്ട്രപിതാവിനെയും നിന്ദിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം ആരോപിച്ചു.


◼️ശ്രീലങ്കയില്‍ രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാതെ സമരക്കാര്‍. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിരിഞ്ഞു പോകണമെന്ന് സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ സ്പീക്കര്‍ മഹിന്ദ അബേയവര്‍ധനെ താത്കാലിക പ്രസിഡന്റായി ഈ ആഴ്ച തന്നെ അധികാരമേല്‍ക്കും.


◼️ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ശ്രീലങ്കയ്ക്കു കൂടുതല്‍ സഹായം നല്‍കും. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കും. 380 കോടി ഡോളറിന്റെ സഹായം ഇതിനകം നല്‍കിക്കഴിഞ്ഞു.


◼️ശ്രീലങ്കക്ക് അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി ശ്രീലങ്ക മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.


◼️പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍നിന്ന് പുതിയ തീര്‍ത്ഥാടകരെ അമര്‍നാഥിലേക്ക് കടത്തിവിടില്ല. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്.


◼️കാളി വിവാദത്തില്‍ പ്രതികരണവുമായി പധാനമന്ത്രി നരേന്ദ്രമോദി. കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രമാണെന്നും കാളിയുടെ അനുഗ്രഹം ബംഗാളില്‍ മാത്രമല്ല രാജ്യം മുഴുവനുമുണ്ടെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്‍ കാളിയുടെ ആരാധകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


◼️ഉദയ്പൂര്‍ കൊലക്കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂര്‍ സ്വദേശി ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയില്‍ മുഖ്യപ്രതികളോടൊപ്പം പങ്കെടുത്തെന്നാണ് ആരോപണം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


◼️ജയിലില്‍കിടന്ന് ഇരുന്നൂറു കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകേഷ് ചന്ദ്രശേഖര്‍ 81 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി. പുറത്തുള്ളവരുമായി സംസാരിക്കാന്‍ സുകേഷിനു ജയില്‍ അധികൃതര്‍ ഫോണ്‍ സൗകര്യം നല്‍കി. തിഹാര്‍ ജയിലില്‍ കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് പന്ത്രണ്ടര കോടി രൂപ ജയില്‍ ഉദ്യോഗസ്ഥര്‍ കോഴയായി കൈപ്പറ്റിയെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. ഇയാളുടെ സഹായി പൂജാസിംഗിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. ഭാര്യ ലീന മരിയപോളിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.


◼️റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചു തുടങ്ങി.


◼️ഗോവയില്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഭാര്യയും എംഎല്‍യുമായ ദലൈല അടക്കമുള്ള എംഎല്‍എമാര്‍ക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മൈക്കല്‍ ലാബോയെ കോണ്‍ഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കി. ഗോവ നിയമസഭാ സമ്മേളനം ഇന്നു ചേരാനിരിക്കേയാണ് കൂറുമാറ്റ നീക്കങ്ങള്‍.


◼️യുവതിയെ ബലാല്‍സംഗം ചെയ്യുകയും പരാതിപ്പെട്ടതിനു വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ പിടികൂടി മര്‍ദിച്ച് കള്ളക്കേസില്‍ ജയിലിലടയ്ക്കുകയും ചെയ്ത പോലീസ് ഇന്‍സ്പെക്ടര്‍ നാഗേശ്വര്‍ റാവു ഒളിവില്‍. സെക്കന്തരാബാദ് മാറേഡ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സംഭവങ്ങള്‍. യുവതി നല്‍കിയ പരാതി വിവാദമായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്.


◼️ശ്രീലങ്കയില്‍ ജനം പിടിച്ചെടുത്ത പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികള്‍ വിനോദകേന്ദ്രങ്ങളായി മാറി. നീന്തല്‍ക്കുളങ്ങളില്‍ നീന്തിക്കുളിച്ചും അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്തു ഭക്ഷിച്ചും വ്യായാമ ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്തും ബെഡ് റൂമുകളിലെ കിടക്കയില്‍ കിടന്നും കസേരകളില്‍ ഇരുന്നും ജനം ആസ്വദിക്കുകയാണ്. ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പ്രസിഡന്റിന്റെ വീട്ടില്‍നിന്നു ലക്ഷങ്ങളുടെ കറന്‍സി ജനം കണ്ടെത്തിയെങ്കിലും അവയെല്ലാം പൊലീസിനെ എല്‍പ്പിച്ചു.


◼️ദക്ഷിണാഫ്രിക്കയില്‍ പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറില്‍ വെടിവയ്പ്പ്. 14 പേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.


◼️55 പന്തില്‍ 117 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനും ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയെ രക്ഷിക്കാനായില്ല. 17 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചത്. ഡേവിഡ് മലാന്റേയും ജീസ് ടോപ്ലേയുടേയും മികച്ച പ്രകടനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 216 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ നേരത്തേ രണ്ട് മത്സരങ്ങള്‍ ജയിച്ച് സ്വന്തമാക്കിയിരുന്നു.


◼️രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ സാധ്യതകളാരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി മത്സരം ഓഗസ്റ്റ് 22ന് സംഘടിപ്പിക്കാന്‍ കഴിയുമോ എന്നാണ് ബിസിസിക്ക് അയച്ച കത്തില്‍ ചോദിച്ചിരിക്കുന്നത്.


◼️വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്പ്യനായത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ വിജയം. ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ ഏഴാം കിരീടവും. ഇതോടെ കിരീടനേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനും ജോക്കോക്ക് കഴിഞ്ഞു. എട്ട് കിരീടങ്ങള്‍ നേടിയ റോജര്‍ ഫെഡററാണ് ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരം.


◼️ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം 500 കോടി ഡോളര്‍ കുറഞ്ഞ് 58,831 കോടി ഡോളറായി. ജണ്‍ 24ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 273 കോടി ഡോളര്‍ ഉയര്‍ന്ന് 59,332 കോടി ഡോളര്‍ ആയിരുന്നു. ഡോളര്‍ ഒഴികെയുള്ള വിദേശ കറന്‍സികളുമായുള്ള വിനിമയത്തില്‍ രൂപയ്ക്കുണ്ടായ മൂല്യവ്യത്യാസമാണ് ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ തിരിച്ചടിയായതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.


◼️ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ഒരു ടാറ്റ ഗ്രൂപ്പ് കമ്പനികൂടി പ്രാരംഭ ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുന്നു. ടാറ്റ മോട്ടോഴ്‌സിന് 74ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ടെക്‌നോളജീസാണ് ഐ.പി.ഒയുമായെത്തുക. 2004ല്‍ ടി.സി.എസിന്റെ ഐ.പി.ഒയ്ക്കുശേഷം ടാറ്റ ഗ്രൂപ്പ് കമ്പനികളൊന്നും വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ല. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന്‍ചുമതലയേറ്റശേഷമുള്ള ആദ്യ ഐ.പി.ഒയായിരിക്കും ഇത്. ഇലക്ട്രിക് വാഹനം, വ്യോമയാനം എന്നീ മേഖലകളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ആഗോള എന്‍ജിനിയറിങ്, ഡിജിറ്റല്‍ സേവന ദാതാക്കളായ ടാറ്റ ടെക്‌നോളജീസിന്റെ നീക്കം.


◼️ലാലു അലക്സ്, ദീപക് പറമ്പോല്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഇമ്പം ചിത്രീകണം ആരംഭിച്ചു. ശ്രീജിത്ത് ചന്ദ്രന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലാല്‍ജോസ് ആണ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്. കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന്‍ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.


◼️ചന്ദ്രമുഖി 2'ല്‍ നായിക ആകാന്‍ ലക്ഷ്മി മേനോന്‍. ലോറന്‍സ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. തൃഷയെ ആണ് ആദ്യം നായികയായി പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം.എം. കീരവാണിയാണ്. മണിച്ചിത്രത്താഴ് ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധാനം. തമിഴ്നാട്ടിലെ വന്‍ വിജയമാണ് ചിത്രം നേടിയത്.


◼️സമീപകാലത്ത്, ടാറ്റ മോട്ടോഴ്‌സിന് വാഹന ഉപഭോക്താക്കള്‍ക്കിയടില്‍ വലിയ തോതില്‍ ജനപ്രീതി ഉയരുകയാണ്. പ്രത്യേകിച്ച് നെക്‌സോണ്‍ എസ്യുവി ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. എസ്യുവി വില്‍പ്പനയിലും പിവി വില്‍പ്പനയിലും 2022 ജൂണില്‍ ജനപ്രിയ ഹ്യൂണ്ടായി ക്രെറ്റയെ മറികടക്കാന്‍ നെക്‌സോണാണ് ടാറ്റ മോട്ടോഴ്‌സിന്റെ സഹായിച്ചത്. 2021 ജൂണില്‍ വിറ്റ 8,033 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 14,295 നെക്സോണ്‍ യൂണിറ്റുകള്‍ ടാറ്റ വിറ്റഴിച്ചു. 78 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹ്യുണ്ടായി വെന്യു 2022 ജൂണില്‍ 10,321 യൂണിറ്റുകള്‍ വിറ്റു. ഇത് നെക്‌സോണേക്കാള്‍ 38.5 ശതമാനം കുറവാണ്. 2022 ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 25 വാഹനങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നതില്‍ ബ്രെസ്സ പരാജയപ്പെട്ടപ്പോള്‍, നെക്‌സോണ്‍ കിയ സോനെറ്റിനെ 91 ശതമാനവും ടൊയോട്ട അര്‍ബന്‍ ക്രൂയിസറിനെ 169 ശതമാനവും മറികടന്നു.


◼️മനുഷ്യന്‍ സമൂഹം, സംസ്‌കാരം, ചരിത്രം. പ്രകൃതി എന്നീ അനുഭവങ്ങളുടെ സൂക്ഷ്മതലങ്ങളെ സമന്വയിക്കുന്ന സാന്ദ്രവും സംക്ഷിപ്തവുമായ വാങ്മയശില്പങ്ങളാണ് മാധവന്‍ പുറച്ചേരിയുടെ കവിതകള്‍, ഉത്തരകേരള ത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും പുരാവൃത്ത ങ്ങളിലും ആഴത്തില്‍ വേരോടിയ ഈ കവിതകളില്‍ സ്ത്രീപക്ഷദര്‍ശനത്തിന്റെയും പരിസ്ഥിതി വിവേക ത്തിന്റെയും ജനകീയരാഷ്ട്രീയത്തിന്റെയും മതേതരജീവിതത്തിന്റെയും അന്തര്‍ദ്ധാരകളുണ്ട്.

'ഉച്ചിര'. ഡിസി ബുക്സ്. വില 133 രൂപ.


◼️വിയര്‍പ്പിനു ദുര്‍ഗന്ധം ഉണ്ടെങ്കില്‍ അതിനര്‍ഥം, നിങ്ങളുടെ ശരീരത്തില്‍ നിന്നും ലവണാംശം നഷ്ടപ്പെടുന്നു എന്നും വളരെ വേഗം വെള്ളം ശരീരത്തിനാവശ്യമാണ് എന്നുമാണ്. ജലാംശങ്ങളില്ലെങ്കില്‍ നാം രോഗിയാകും. ശരീരത്തിന്റെ താപനില കൂടുമ്പോള്‍ തന്നെ ധാരാളം വിയര്‍ക്കും എന്ന് ചിലര്‍ പറയാറുണ്ട്. ഇതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ബോഡി മാസ് കൂടുതലായതു കൊണ്ടു തന്നെ വലുപ്പം കൂടിയ, അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരില്‍ കൂടുതല്‍ വിയര്‍പ്പ് ഉണ്ടാകും. അലസമായ, ചടഞ്ഞു കൂടിയിരുന്നുള്ള ജീവിതശൈലി പിന്തുടരുന്നവരെ അപേക്ഷിച്ച്, പതിവായി വ്യായാമം ചെയ്യുന്ന, കളികളില്‍ ഏര്‍പ്പെടുന്ന, നടക്കുന്ന, ഫിറ്റ് ആയ ആളുകളെ കൂടുതല്‍ വിയര്‍ക്കും. പ്രായം ഏറുന്തോറും വിയര്‍പ്പുഗ്രന്ഥികള്‍ക്ക് മാറ്റം ഉണ്ടാകും. അതുകൊണ്ടു തന്നെ ഒരു കുട്ടിയെ അപേക്ഷിച്ച് മുതിര്‍ന്ന ഒരാളെ കൂടുതല്‍ വിയര്‍ക്കും. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥ അനുസരിച്ചായിരിക്കും വിയര്‍പ്പ്. ചുമയ്ക്കും ജലദോഷത്തിനും മറ്റും ആന്റിബയോട്ടിക് കഴിക്കുന്നവരില്‍ വിയര്‍പ്പ് കൂടുതലായിരിക്കും. സ്ട്രെസ്, ഉത്ണ്ഠ മുതലായവയ്ക്ക് മരുന്നു കഴിക്കുന്നവരെയും കൂടുതല്‍ വിയര്‍ക്കും. മാത്രമല്ല ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശരീരതാപനിലയില്‍ വ്യത്യാസം ഉണ്ടാക്കും. അമിതമായി വിയര്‍ക്കുന്നത് കടുത്ത നിര്‍ജലീകരണത്തിനു കാരണമാകും. അതുകൊണ്ടു തന്നെ ചൂടുള്ള കാലാവസ്ഥയിലും വ്യായാമം ചെയ്യുമ്പോഴും എല്ലാം ധാരാളം വെള്ളവും പഴച്ചാറുകളും പാനീയങ്ങളും കുടിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad