Type Here to Get Search Results !

പേവിഷ ബാധ; മരണങ്ങള്‍ ഒഴിവാക്കാന്‍ അറിയേണ്ടതെല്ലാം.പേവിഷബാധയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ നോക്കാം.



പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ശ്രീലക്ഷ്മിയുടെ മരണം വീണ്ടും പേവിഷ ബാധയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്.

പേവിഷബാധയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ നോക്കാം.


ലോകത്തില്‍ ഏറ്റവും മാരകമായ രോഗമാണ് പേ വിഷബാധ. ഏകദേശം ഇരുപതിനായിരം റാബീസ് മരണങ്ങളാണ് ഒരു വര്‍ഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ലോകത്താകമാനമുള്ള റാബീസ് മരണങ്ങളുടെ 36% ആണ്. 100% കുത്തിവയ്പ്പിലൂടെ ഒഴിവാക്കാവുന്ന മരണങ്ങളാണിവ എന്ന് ഓര്‍ക്കണം.


പണ്ട് കാലത്ത് പൊക്കിളിന് ചുറ്റും ആയിരുന്നു കുത്തിവയ്പ്പ് എടുത്തിരുന്നത്. 14 ദിവസം തുടര്‍ച്ചയായി, കൂടുതല്‍ അളവില്‍. വേദനയും പാര്‍ശ്വഫലങ്ങളും വളരെ കൂടുതല്‍. അന്ന് പൊതുജനങ്ങള്‍ക്ക് ഈ കുത്തിവയ്പ്പിനെ പേടിയായിരുന്നു. എന്നാലിന്ന് തികച്ചും സുരക്ഷിതമായ, അപൂര്‍വമായി മാത്രം പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുന്ന, വളരെ വളരെ ചെറിയ അളവില്‍ മാത്രം കുത്തിവയ്‌ക്കേണ്ടുന്ന മരുന്നുകള്‍ സൗജന്യമായി ലഭ്യമായിരിക്കേ നമ്മുടെ നാട്ടില്‍ കുത്തിവയ്‌പ്പെടുക്കാത ആള്‍ക്കാര്‍ മരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.


എന്താണ് പേ വിഷബാധ അഥവാ റാബിസ് (rabies)

റാബിസ് വൈറസ് ആണ് പ്രശ്‌നക്കാരന്‍. മനുഷ്യനില്‍ അസുഖം വരുന്നത് രോഗാണുക്കളുള്ള മൃഗങ്ങളുടെ തുപ്പല്‍ വഴി ആണ്. കടിക്കുമ്ബോഴോ, മുറിവില്‍ നക്കുമ്ബോഴോ രോഗം പകരാം. അസുഖം തലച്ചോറിനെ ആണ് ബാധിക്കുന്നത്. മുറിവില്‍ നിന്ന് രോഗാണുക്കള്‍ നാഡികള്‍ വഴി തലച്ചോറില്‍ എത്തുമ്ബോഴാണ് രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ പിന്നെ അസുഖം ചികില്‍സിച്ചു ഭേദമാക്കുക വളരെ ബുദ്ധിമുട്ടാണ്. ലോകത്താകമാനം വളരെ കുറച്ചു ആളുകളെ അങ്ങനെ രക്ഷപെട്ടിട്ടുള്ളൂ.


ഏതൊക്കെ മൃഗങ്ങള്‍ക്ക് റാബീസ് പരത്താന്‍ പറ്റും

പട്ടിയാണ് പ്രധാന വില്ലന്‍, 90 ശതമാനം ആളുകള്‍ക്കും അസുഖം പകരുന്നത് പട്ടിയില്‍ നിന്നാണ്. പിന്നെ പൂച്ച, വളര്‍ത്തു മൃഗങ്ങള്‍, വന്യ ജീവികള്‍ ഒക്കെ അസുഖം പരത്താന്‍ കഴിവുള്ളവരാണ്. വീട്ടിലെ എലി, അണ്ണാന്‍ തുടങ്ങിയവ സാധാരണ പ്രശ്‌നക്കാരല്ല. ചിലതരം വാവലുകള്‍ അസുഖം പരത്താറുണ്ട് .


അസുഖം എങ്ങനെയൊക്കെ പകരാം

പ്രധാനമായും കടിയിലൂടെ ആണ് പകരുന്നത്. പല്ലുകൊണ്ടു തൊലിയില്‍ പോറല്‍ ഉണ്ടായാലും ശ്രദ്ധിക്കണം, മുറിവുള്ള തൊലിയില്‍ നക്കുക, ചുണ്ടിലോ നാക്കിലോ വായിലോ നക്കുക എന്നിവ വഴിയും രോഗം പകരും. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് തിയറിപരമായി അസുഖം പകരാം എങ്കിലും അങ്ങനെ സംഭവിച്ച അവസരങ്ങള്‍ വിരളം ആണ്. പൂച്ചയും പട്ടിയും ഒഴിച്ചുള്ള മറ്റേതു മൃഗത്തിന്റെ കടിയോ, നക്കലോ വളരെ പ്രാധാന്യത്തോടെ കാണണം .


കടിച്ചാല്‍ എന്തു ചെയ്യണം

വീണ്ടും കടി ഏല്‍ക്കാതെ നോക്കണം, പറ്റുമെങ്കില്‍ മൃഗത്തെ എവിടെയെങ്കിലും പൂട്ടിയിടുകയും നിരീക്ഷിക്കുകയും ചെയ്യുക. വന്യ മൃഗങ്ങളുടെ കടിയോ നഖം കൊണ്ടോ, ഉണ്ടാവുന്ന മുറിവുകളെ, പ്രതിരോധ മരുന്നും മറ്റു ചികിത്സയും നല്‍കാനായി മൂന്നായി തരം തിരിച്ചിട്ടുണ്ട്.


കാറ്റഗറി 1: No exposure - മൃഗങ്ങളെ തൊടുകയോ, ഭക്ഷണം കൊടുക്കുകയോ ചെയ്യുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക - ആ ഭാഗം നന്നായി ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ 10-15 മിനിറ്റു കഴുകുക, സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം. പ്രതിരോധ മരുന്ന് വേണ്ട.


കാറ്റഗറി 2: Minor exposure - തൊലിപ്പുറത്തു ഉള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ - ആ ഭാഗം മേല്പറഞ്ഞതുപോലെ കഴുകുക, പ്രതിരോധ കുത്തിവയ്പ്പ് വേണം


കാറ്റഗറി 3: Severe exposure - മുറിവുള്ള തൊലിപ്പുറത്തു നക്കുക, രക്തം പൊടിയുന്ന മുറിവുകള്‍, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക - മുറിവ് മുന്‍പറഞ്ഞപോലെ വൃത്തിയായി കഴുകുക, മുറിവില്‍ എടുക്കുന്ന Anti rabies immunoglobulin ഉം ഒപ്പം പ്രതിരോധ കുത്തിവയ്പ്പും ഉടന്‍ തുടങ്ങണം.


പട്ടിയോ പൂച്ചയോ അല്ലാത്ത ഏതു വന്യമൃഗങ്ങളുടെ കടിയും കാറ്റഗറി 3 ആയി കരുതി വേണം ചികില്‍സിക്കാന്‍. കരണ്ടുതിന്നുന്ന സസ്തനികള്‍ ആയ വീട്ടെലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവ പേ പരത്താറില്ല. അതുകൊണ്ടു പ്രതിരോധ മരുന്ന് ആവശ്യമില്ല . മുറിവ് വൃത്തിയായി കഴുകി മരുന്ന് ഇട്ടാല്‍ മാത്രം മതിയാകും.


മുഖത്തോ വിരലുകളിലോ ഉള്ള കടി ഗുരുതരമാകാം. നാഡികളിലൂടെ വൈറസുകള്‍ വേഗം തലച്ചോറിലേക്ക് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ആണിത്. അതുകൊണ്ടുതന്നെ കാലതാമസം ഇല്ലാതെ ചികിത്സ നല്‍കണം.


മുറിവിനു ചികിത്സ

പേ വിഷബാധ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മുറിവിനു ശരിയായ ചികിത്സ കൊടുക്കുക എന്നത്. കടിയേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ 10 -15 മിനിറ്റു കഴുകുന്നതാണ് ഇതിലെ പ്രധാന ഭാഗം. ടാപ്പ് വെള്ളം ഉപയോഗിച്ചാല്‍ മതിയാകും. സോപ്പോ മറ്റ് ഡിറ്റര്‍ജെന്റുകളോ ഉപയോഗിക്കാം .


വെറും കൈ കൊണ്ട് മുറിവില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. കൈയില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വിഷബാധ പകരാന്‍ ഇത് കാരണമാകും.


മുറിവില്‍ പിടിച്ചിരിക്കുന്ന വൈറസുകളെ നീക്കം ചെയ്യുകയാണ് കഴുകുന്നതിന്‍റെ ലക്ഷ്യം. എത്രയും നേരത്തെ കഴുകുന്നതാണ് നല്ലത്. എന്നിരുന്നാലും ആരെങ്കിലും കഴുകുന്ന കാര്യം മറക്കുകയോ, അല്ലെങ്കില്‍ ശരിയായ രീതിയില്‍ കഴുകാതെ ഇരിക്കുകയോ ചെയ്തിട്ട് ദിവസങ്ങള്‍ കഴിഞ്ഞു വന്നാലും മുറിവ് കഴുകിക്കണം.


കടിയേറ്റ മുറിവുകളില്‍ സാധാരണ തുന്നല്‍ ഇടാറില്ല, അതിപ്പോള്‍ വലിയ മുറിവാണെങ്കിലും കഴിവതും ഒഴിവാക്കും. രക്തം നില്‍ക്കാതെ വരുന്ന മുറിവുകളില്‍ മാത്രം ചിലപ്പോള്‍ മുറിവില്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ കുത്തിവയ്പ്പ് എടുത്തതിനു ശേഷം തുന്നിക്കെട്ടാറുണ്ട് .


മുറിവില്‍ മുളകുപൊടി, എണ്ണ, കാപ്പിപ്പൊടി തുടങ്ങി വീട്ടില്‍ ഉള്ള എല്ലാസാധനങ്ങളും പുരട്ടുന്ന ശീലം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്. അങ്ങനെ ചെയ്യുന്നുകൊണ്ടു പ്രത്യേകിച്ച്‌ ഗുണങ്ങള്‍ ഒന്നുമില്ല, പിന്നെ ചിലപ്പോള്‍ മുറിവ് പഴുക്കാനും സാധ്യതയുണ്ട്. ഏതെങ്കിലും മുറിവുകള്‍ അങ്ങനെ കണ്ടാല്‍ വെള്ളമൊഴിച്ചു നല്ലതുപോലെ കഴുകി അത് മുറിവില്‍ നിന്ന് കളയണം.


കാറ്റഗറി 3 മുറിവുകള്‍ക്കു ഇമ്മ്യൂണോഗ്ലോബുലിന്‍ (Immunoglobulin) എടുക്കണം .


മുറിവ് കരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല.


ടെറ്റനസ് പ്രതിരോധ മരുന്ന് എടുത്തിട്ടില്ലാത്തവര്‍ക്കു അത് നല്‍കേണ്ടതാണ്.


ഇമ്മ്യൂണോഗ്ലോബുലിന്‍

കാറ്റഗറി 3 മുറിവുകള്‍ക്കും വന്യ മൃഗങ്ങള്‍ കടിച്ചുള്ള മുറിവുകള്‍ക്കും ഈ മരുന്ന് കൊടുത്തേ തീരൂ. പറ്റുന്നത്ര മുറിവിലും ചുറ്റുമായും എടുക്കുകയാണ് ചെയ്യുന്നത്. ഭാരം അനുസരിച്ചാണ് മരുന്നിന്‍റെ അളവ് കണ്ടെത്തുന്നത്. വൈറസിനെ നേരിട്ട് പ്രതിരോധിക്കാന്‍ ഉള്ള കഴിവ് ഈ മരുന്നിനുണ്ട്. പ്രതിരോധ കുത്തിവയ്പിലൂടെ ഉള്ള സംരക്ഷണം വരുന്നതുവരെ ഈ ഇമ്മ്യൂണോഗ്ലോബുലിന്‍ വൈറസുകളെ കൊല്ലാന്‍ ശരീരത്തെ സഹായിക്കുന്നു .


ഇമ്മ്യൂണോഗ്ലോബുലിന്‍ മൂന്നു തരത്തില്‍ ഉണ്ട് .


Equine Rabies Immunoglobulin(ERIG) : കുതിരകളില്‍ വാക്സീന്‍ കുത്തിവച്ച്‌ അവയില്‍ നിന്ന് വേര്‍തിരിച്ചു എടുത്തു ശുദ്ധീകരിച്ചു സൂക്ഷിക്കുന്നവയാണ് ഇത്. താരതമ്യേന ചെലവ് കുറവാണ്. ചിലരിലെങ്കിലും ഇത് അലര്‍ജി ഉണ്ടാക്കാറുണ്ട്. ഇന്നത്തെ ഉല്പാദന ശുദ്ധീകരണ രീതി വച്ച്‌ അലര്‍ജി വളരെ വിരളമാണ്. എങ്കിലും എല്ലാവരിലും ഈ കുത്തിവയ്പ്പു കൊടുക്കുന്നതിനു മുന്നേ തൊലിപ്പുറത്ത് ടെസ്റ്റ് എടുക്കാറുണ്ട്. ഇത് നെഗറ്റീവ് ആണേല്‍ മാത്രമേ മുഴുവന്‍ ഡോസും നല്‍കുകയുള്ളൂ.


Human Rabies Immunoglobulin(HRIG) : മനുഷ്യനില്‍ നിന്ന് വേര്‍തിരിച്ചു എടുക്കുന്നതാണ് HRIG. ഉത്പാദനം വളരെ സങ്കീര്‍ണവും മരുന്ന് ചിലവേറിയതുമാണ്. അതുകൊണ്ടുതന്നെ ERIG അലര്‍ജി ഉള്ളവരില്‍ എടുക്കാനാണ് ഇത് ഉപയോഗിക്കുക. ടെസ്റ്റ് ഡോസ് മുന്‍കൂട്ടി നല്‍കേണ്ട ആവശ്യമില്ല.


Monoclonal Immunoglobulin


ആരൊക്കെ വാക്സീന്‍ എടുക്കണം

മുകളില്‍ സൂചിപ്പിച്ച 2 ഉം 3 ഉം കാറ്റഗറിയില്‍ ഉള്ളവര്‍ എല്ലാം വാക്സീന്‍ എടുത്തിരിക്കണം. കടിച്ച ദിവസം തന്നെ കുത്തിവയ്പ്പ് തുടങ്ങുന്നതാണ് അഭികാമ്യം. മുന്‍പറഞ്ഞതുപോലെ കാറ്റഗറി 3 മുറിവ് ഉള്ളവര്‍ വാക്സീനൊപ്പം ഇമ്മ്യൂണോഗ്ലോബുലിനും എടുക്കണം. ഒരിക്കല്‍ ഒരു കുപ്പി തുറന്നാല്‍ 6 - 8 മണിക്കൂറിനു ഉള്ളില്‍ അത് ഉപയോഗിച്ചിരിക്കണം.


കുത്തിവയ്പ്പ് എടുക്കുന്നത് എങ്ങനെ ? എത്ര ദിവസം കൂടുമ്ബോള്‍ എടുക്കണം ?

രണ്ടു തരത്തിലുള്ള കുത്തിവയ്പ്പുകള്‍ ഉണ്ട്. രണ്ടിനും ഒരേ ഫലം തന്നെയാണ് ഉള്ളത്. മസിലില്‍ എടുക്കുന്ന കുത്തിവയ്പ്പിന് കൂടുതല്‍ അളവ് (0.5ml) മരുന്ന് വേണം. വലിയ വിലയുള്ള ഈ മരുന്ന് കുറച്ച്‌ അളവില്‍ (0.1ml) കൂടുതല്‍ ആളുകളില്‍ എടുക്കാം എന്നതാണ് തൊലിപ്പുറത്തു എടുക്കുന്ന കുത്തിവയ്പ്പിന്റെ പ്രത്യേകത.


പേശിയില്‍ എടുക്കുന്ന കുത്തിവയ്പ്പ് (Intra muscular regimen-ARV)

പണ്ടത്തെ പോലെ പൊക്കിളിനു ചുറ്റുമല്ല കുത്തുന്നത്. 0.5 ml മരുന്ന് ഉരത്തിനു താഴെ Deltoid പേശിയില്‍ ആണ് കുത്തുന്നത്. കുട്ടികളില്‍ തുടയുടെ അകം വശത്ത്. കുത്തിവയ്പ്പ് തുടങ്ങുന്ന ദിവസത്തെ 0 ദിവസം ആയി കരുതിയാല്‍ 0, 3, 7, 14, 28 ദിവസങ്ങളില്‍ എടുക്കണം. ചില പ്രത്യേക സാഹിചര്യങ്ങളില്‍ 90-ആം ദിവസം ഒരു കുത്തിവയ്പ്പുംകൂടി എടുക്കാറുണ്ട്. സാധാരണ സ്വകാര്യ ആശുപത്രികള്‍ ഈ രീതിയാണ് തുടരുന്നത്.


തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവയ്പ്പ് (Intra dermal rabies vaccine- IDRV)

മുന്‍പ് പറഞ്ഞപോലെ തൊലിപ്പുറത്തു എടുക്കുന്ന ഇഞ്ചക്ഷനു മരുന്ന് കുറവുമതി. ഉരത്തിനു താഴെ തൊലിപ്പുറത്താണ് കുത്തിവയ്പ്പ് എടുക്കുന്നത്. 0, 3, 7, 28 ദിവസങ്ങളില്‍ ആണ് കുത്തിവയ്പ്പുകള്‍. ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ കുത്തിവയ്പ്പ് ആണള്ളത്. ഈ രീതിക്ക് വേഗത്തില്‍ പ്രതിരോധശക്തി ഉണ്ടാവും എന്നാണ് പഠനങ്ങള്‍ പറയുന്നത്.


മസിലില്‍ എടുക്കുന്ന കുത്തിവയ്പ്പ് തുടങ്ങിയവര്‍, ബാക്കി IDRV എടുക്കുന്നതോ, തിരിച്ചോ ചെയ്യുന്നത് അഭികാമ്യമല്ല .


ചില സംശയങ്ങള്‍


ഇമ്മ്യൂണോഗ്ലോബുലിന്‍ ആദ്യദിവസം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ എത്ര ദിവസം വരെ കൊടുക്കാം ?


എത്രയും നേരത്തെ കൊടുക്കുന്നതാണ് ഉത്തമം. ഇങ്ങനെ സാധിക്കാത്ത അവസരത്തില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യഡോസ് എടുത്തു 7 ദിവസത്തിനുള്ളില്‍ എടുക്കണം.


ഇമ്മ്യൂണോഗ്ലോബുലിന്‍ ലഭ്യമല്ലെങ്കില്‍ എന്ത് ചെയ്യും ?


ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ട മുറിവുണ്ടാകുകയും ലഭ്യമല്ലാതെ ഇരിക്കുകയും ചെയ്താല്‍ മുറിവ് വൃത്തിയായി കഴുകി, ആദ്യ ദിവസംതന്നെ ഇരട്ടി ഡോസ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാം. എന്നാല്‍ ഇത് ഇമ്മ്യൂണോഗ്ലോബുലിനു പകരമല്ല .


വാക്‌സീന്‍ എടുത്തവര്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതുണ്ടോ ?


ഒരിക്കല്‍ മുഴുവന്‍ ഡോസ് കുത്തിവയ്പ്പുകളും എടുത്തവര്‍ വീണ്ടും എടുക്കേണ്ടതില്ല.


കുത്തിവയ്പ്പ് എടുത്ത മൃഗങ്ങള്‍ കടിച്ചാല്‍ നമ്മള്‍ കുത്തിവയ്പ്പ് എടുക്കണോ ?


മൃഗങ്ങള്‍ക്കു നിര്‍ദ്ദേശിച്ചിട്ടുള്ള കുത്തിവയ്പ്പ് പട്ടിക പ്രകാരം മുഴുവന്‍ കുത്തിവയ്പ്പുകളും എടുത്തിട്ടുണ്ടെങ്കില്‍ അവയില്‍ നിന്ന് പേ വിഷബാധ ഉണ്ടാവാന്‍ സാധ്യത ഇല്ല. അതുകൊണ്ടു കുത്തിവയ്പ്പും ആവശ്യമില്ല. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ പലപ്പോഴും മൃഗങ്ങളിലെ കുത്തിവയ്പ്പിന് നിലവാരം കുറഞ്ഞ മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. അതുപോലെ കുത്തിവയ്പ്പ് കൃത്യമായി എടുക്കാതെ ഇരിക്കാനും എടുത്തത് ശരിയായ രീതിയില്‍ അല്ലാതിരിക്കാനും സാധ്യത ഉണ്ട്. ഒപ്പം മൃഗങ്ങളില്‍ രോഗപ്രതിരോധം ഉണ്ടായോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ (Antibody test) ഉള്ള സംവിധാനവും കുറവാണ്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ കുത്തിവപ്പ് എടുക്കുന്നതാണ് അഭികാമ്യം.


മൃഗങ്ങളിലെ കുത്തിവയ്പ്പ് എങ്ങനെയാണ് ?


മൂന്നാം മാസവും ഒന്‍പതാം മാസവും ഓരോ കുത്തിവയ്പ്പും, ശേഷം ഓരോ വര്‍ഷവും ബൂസ്റ്റര്‍ ഡോസും എടുക്കണം. കുത്തിവയ്പ്പ് എടുത്തു എന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.


കുത്തിവയ്പ്പ് എടുക്കാതെ മൃഗത്തെ 10 ദിവസം നോക്കിയാല്‍ പോരെ ?


സ്ഥിരം കേള്‍ക്കുന്ന ഒരു സംശയമാണിത്. വീട്ടിലെ പട്ടിയാണ്, പുറത്തുപോകാറില്ല, 10 ദിവസം നോക്കിയാല്‍പ്പോരേ എന്ന് ? കുത്തിവയ്പ്പ് എടുക്കുന്നതാണ് നല്ലത്. വെറുതെ ഒരു ഭാഗ്യപരീക്ഷണം നമ്മുടെ ജീവിതം വച്ച്‌ നടത്തേണ്ടല്ലോ ! കുത്തിവയ്പ്പ് തുടങ്ങിയതിനു ശേഷം, 10 ദിവസം ആയിട്ടും പട്ടിക്ക് ഒന്നും സംഭവിച്ചില്ല എങ്കില്‍ കുത്തിവയ്പ്പ് Pre exposure prophylaxis ആയി മാറ്റാവുന്നതാണ്. ഇനി ആരെങ്കിലും പട്ടിയെ കൊല്ലുകയോ, പട്ടിയുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റം തോന്നുകയോ ചെയ്താല്‍ മുഴുവന്‍ കുത്തിവയ്പ്പും എടുക്കണം. പട്ടിയുടെയും പൂച്ചയുടെയും കാര്യത്തില്‍ മാത്രമേ ഈ ഒബ്‌സര്‍വേഷന്‍ പറയാറുള്ളൂ. മറ്റേത് മൃഗത്തിനും സാധരണപോലെ കുത്തിവയ്പ്പുകള്‍ ആദ്യദിവസം തൊട്ടു എടുക്കണം.


ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്സീന്‍ കൊടുക്കാമോ ?


തീര്‍ച്ചയായും കൊടുക്കാം. ഇവര്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നവും കുത്തിവയ്പ്പ് ഉണ്ടാക്കാറില്ല. കുട്ടികളിലും പ്രായമുള്ളവര്‍ക്കും, രോഗങ്ങള്‍ ഉള്ളവരിലും കുത്തിവയ്പ്പ് എടുക്കാം.


മുന്‍പ് കുത്തിവയ്പ്പ് എടുത്തവര്‍ വീണ്ടും എടുക്കണോ ?


വേണം .മുന്‍പ് മുഴുവന്‍ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുള്ളവര്‍ രണ്ടു കുത്തിവയ്പ്പ് മാത്രം എടുത്താല്‍ മതിയാകും 0, 3 ദിവസങ്ങളില്‍. കൃത്യമായി ഓര്‍ക്കാത്തവര്‍ക്കും മുന്‍പ് മുഴുവന്‍ കുത്തിവയ്പ്പും എടുക്കാത്തവര്‍ക്കും വീണ്ടും മുഴുവന്‍ കോഴ്‌സ് എടുക്കണം. എന്നാല്‍ ഇവര്‍ ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതില്ല. മുറിവ് വൃത്തിയായി മുകളില്‍ പറഞ്ഞതുപോലെ കഴുകാന്‍ മറക്കരുത്.


പട്ടി കടിക്കുന്നതിന് മുന്നേ പ്രതിരോധത്തിനായി കുത്തിവയ്പ്പ് എടുക്കാമോ ?


എടുക്കാം. പട്ടിയേം പൂച്ചയെം ഒക്കെ സ്ഥിരം കൈകാര്യം ചെയ്യുന്നവര്‍ക്കും, വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും ഒക്കെ മുന്നേ ഈ കുത്തിവയ്പ്പ് എടുക്കുന്നത് നല്ലതാണു. 0, 7 ,28 ദിവസങ്ങളില്‍ 3 കുത്തിവയ്പ്പ് ആണ് എടുക്കേണ്ടത്. ഈ കുത്തിവയ്പ്പ് എടുത്തവരെ വീണ്ടും മൃഗങ്ങള്‍ കടിച്ചാല്‍ 0, 3 ദിവസങ്ങളില്‍ 2 കുത്തിവയ്പ്പ് എടുത്താല്‍ മതിയാകും. ഇവരും ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കേണ്ടതില്ല. ഉടനെ തന്നെ മുറിവ് 10-15 മിനിറ്റു കഴുകുകയും വേണം.


ഒരിക്കല്‍ കുത്തിവയ്പ്പ് എടുത്തിട്ട് എത്രനാള്‍ കഴിയുമ്ബോള്‍ വീണ്ടും എടുക്കണം ?


കുത്തിവയ്പ്പ് എടുത്തിട്ട് മൂന്നു മാസം വരെ വീണ്ടും കടികിട്ടിയാല്‍ കുത്തിവയ്പ്പ് ആവശ്യമില്ല.


പട്ടി കടിച്ചാല്‍ നാരങ്ങ അച്ചാര്‍ കഴിക്കാമോ ?


അച്ചാര്‍ മാത്രമല്ല ഇഷ്ടമുള്ള ഏതു ഭക്ഷണവും കഴിക്കാം. ഇത്രയധികം ശ്രദ്ധ ഈ വിഷയത്തില്‍ കൊടുക്കുന്നത് രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൊണ്ടാണ് . കൃത്യമായി കുത്തിവയ്പ്പ് എടുത്താല്‍ അസുഖം വരാനുള്ള സാധ്യത നന്നേ കുറവാണ്. അതുകൊണ്ടുതന്നെ ഈ വിഷയം എല്ലാവരിലും എത്തണം. പേ വിഷബാധ കാരണം ഇനിയാരും മരിക്കാന്‍ പാടില്ല .


ഓര്‍ത്തിരിക്കാന്‍


മുറിവ് നന്നായി 10 -15 മിനിട്ടു കഴുകുക

ആദ്യമായി കുത്തിവയ്പ്പ് എടുക്കുന്നവര്‍ 0, 3, 7, 28 ദിവസങ്ങളില്‍ 0 .1 ml മരുന്ന് രണ്ടു ഷോള്‍ഡറിലും എടുക്കണം.

ഒരിക്കല്‍ കുത്തിവയ്പ്പ് എടുത്തവര്‍ 0, 3 ദിവസങ്ങളില്‍ 0 .1 ml ഒരു വശത്തു മാത്രം എടുക്കണം.

കാറ്റഗറി 3 മുറിവുള്ളവര്‍ മുറിവില്‍ എടുക്കുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ എടുക്കണം. (കടപ്പാട്; ഡോ. ജിതിന്‍ ടി ജോസഫ്, ഇന്‍ഫോക്ലിനിക്)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad