Type Here to Get Search Results !

മൊസാദ്!അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ലോകത്തിലെ ഏക ചാരസംഘടന



മൊസാദ്! ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍, ഇസ്രയേലി ചാരസംഘടന.1951ലാണ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് രൂപീകരിക്കുന്നത്. 1948ല്‍ നിലവില്‍വന്ന ജൂതരാഷ്ട്രമായ ഇസ്രയേലിന് ‘ആദ്യനിര പ്രതിരോധം’ തീര്‍ക്കുക എന്നതായിരുന്നു മൊസാദിന്റെ പ്രഖ്യാപിതലക്ഷ്യം. 1960ല്‍, മൊസാദ് അതിന്റെ ‘ബാല്യ’ത്തിലൂടെ കടന്നുപോകുമ്പോള്‍ത്തന്നെ ആഗോളമാധ്യമശ്രദ്ധ നേടി. അര്‍ജന്റീനയില്‍ ഒളിവിലായിരുന്ന നാസി യുദ്ധക്കുറ്റവാളി അഡോള്‍ഫ് ഐക്മാനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയി ഇസ്രയേലില്‍ എത്തിച്ച് വിചാരണചെയ്ത് തൂക്കിക്കൊന്നതോടെയായിരുന്നു അത്.


തങ്ങളുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമായി അര്‍ജന്റൈന്‍ സര്‍ക്കാര്‍ ഈ സമാനതകളില്ലാത്ത ഓപ്പറേഷനെ കണ്ടു. (ജൂതവംശഹത്യയുടെ കാര്‍മികരിലൊരാളായ ഐക്മാന് ഉചിതമായ ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ ഫാസിസത്തെ കൈമെയ് മറന്ന് എതിര്‍ക്കുന്നവര്‍ക്ക് അന്നും ഇന്നും അഭിപ്രായവ്യത്യാസമില്ല) ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അന്ന് ഇസ്രയേലിനെതിരെ ഒരു പ്രമേയം പാസാക്കിയിരുന്നു. അന്താരാഷ്ട്രനിയമങ്ങളെ അഗണ്യകോടിയില്‍ തള്ളിയുള്ള ഇത്തരം കൃത്യങ്ങള്‍ രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നായിരുന്നു പ്രമേയത്തിന്റെ സാരാംശം.


 എന്നാല്‍, പിന്നീട് മൊസാദ് നടത്തിയ വധപരമ്പരകള്‍ സുരക്ഷാസമിതിയുടെ പ്രമേയങ്ങള്‍ക്കോ അന്താരാഷ്ട്രാ നിയമങ്ങള്‍ക്കോ ഇസ്രയേല്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നതായിരുന്നു.mossad-i

ചിറകുവിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയുംലോക ശക്തികളായിരിക്കുമ്പോഴാ ണിതെന്നോര്‍ക്കണം.


munich-001അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി.ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെടുത്ത മൊസാദ് നേടിയ വിജയങ്ങള്‍ ഏവരേയും അമ്പരപ്പിക്കുന്നതാണ്. സ്ഥാപക ഡയറക്ടറായ റൂവന്‍ ഷില്ലോവ മുതല്‍ നിലവിലെ ഡയറക്ടര്‍ യോസി കോഹന്‍വരെയുള്ളവര്‍ മൊസാദിന്റെ രഹസ്യപാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ്. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തില്‍ ഒരാള്‍ ഒറ്റിയാല്‍ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് മൊസാദിന്റെ നിയമം. ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.


അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 1976ല്‍ ഉഗാണ്ടയില്‍ നടത്തിയ ഓപ്പറേഷന്‍ എന്റബേ. ഇപ്പോഴത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ ലെഫ്. കേണല്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന ആ ഓപ്പറേഷന്‍ അവിസ്മരണീയമായിരുന്നു. 1976 ജൂണ്‍ 27നാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഫ്രാന്‍സ് വിമാനം പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സംഘടനയില്‍പ്പെട്ട ഭീകരരും ജര്‍മനിയില്‍ നിന്നുള്ള ഭീകരരും ചേര്‍ന്ന് റാഞ്ചി. വിമാനത്തില്‍ 248 യാത്രക്കാര്‍. പാരീസിലെത്തേണ്ട വിമാനം ഭീകരരുടെ സമ്മര്‍ദഫലമായി ആതന്‍സ് വഴി തിരിച്ചുവിട്ട് ലബിയയിലെ ബെംഗാസി വിമാനത്താവളത്തില്‍ ഇറക്കി. അവിടെ നിന്നും നേരെ ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തിലേക്ക് .

അന്ന് ഉഗാണ്ട ഭരിച്ചിരുന്നത് ഏകാധിപത്യത്തിനും ക്രൂരതയ്ക്കും പേരുകേട്ട ഇദി അമീനായിരുന്നു. പ്രതീക്ഷിച്ചതുപോലെ ഇദി അമീന്‍ റാഞ്ചിയവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ ലോകം ആശങ്കയിലായി.


ജൂതന്മാരും ഇസ്രായേലുകാരും 

ഒഴികെയുള്ള യാത്രക്കാരെയെല്ലാം ഭീകരര്‍ രണ്ടു ദിവസത്തിനുള്ളില്‍ മോചിപ്പിച്ചു. അവശേഷിച്ചത് 94യാത്രക്കാരും 12 വിമാനജീവനക്കാരും ഉള്‍പ്പെടെ 106 പേര്‍. റാഞ്ചികള്‍ക്കു പിന്തുണയുമായി ഇദി അമീന്റെ സൈന്യം കൂടി വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി. ഇദി അമീനുമായി ചര്‍ച്ച നടത്താന്‍ ഇസ്രായേല്‍ ശ്രമിച്ചെങ്കിലും തീവ്രവാദികള്‍ക്കു പിന്തുണ നല്‍കുന്ന നടപടികളില്‍ നിന്നും അമീന്‍ പിന്മാറിയില്ല.ഒടുവില്‍ മൊസാദ് രക്ഷയ്‌ക്കെത്തി. മൊസാദിന്റെ പദ്ധതിപ്രകാരം ഇസ്രയേലി സൈന്യം നാലു ഹെര്‍ക്കുലീസ് ഹെലിക്കോപ്റ്ററില്‍ എന്റബെ ലക്ഷ്യമാക്കി തിരിച്ചു. സിനായി മരുഭൂമിയിലെ ഷാറം എല്‍ ഷെയ്ഖില്‍ ഈ സംഘം ലാന്‍ഡ് ചെയ്തു. അവിടെനിന്നും കമാന്‍ഡര്‍ യോനാഥന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മൂന്നു വിമാനത്തില്‍ 29പേര്‍ എന്റബേ വിമാനത്താവളം ലക്ഷ്യമാക്കിപ്പറന്നു.


ജൂലൈ നാലിന് രാത്രിയില്‍ ആദ്യ വിമാനം എന്റബെ വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഉഗാണ്ടന്‍ സൈന്യത്തെ വിമാനത്തിന്റെ പരിസരത്തു നിന്നും അകറ്റാന്‍ യോനാഥനും കുറച്ചുപേരും മെഴ്‌സിഡസ്, ലാന്‍ഡ്‌റോവര്‍ കാറിലായി ഇവരുടെ ശ്രദ്ധയാര്‍ഷിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി. ഉടന്‍തന്നെ ഉഗാണ്ടന്‍ സൈന്യത്തിനു കാര്യം മനസിലായെങ്കിലും പ്രയോജനമുണ്ടായില്ല. തീവ്രവാദികളെയും ഉഗാണ്ടന്‍സേനയെയും ഇസ്രയേലി സേന ക്ഷണനേരത്തിനുള്ളില്‍ ചുട്ടെരിച്ചു. ഏറ്റുമുട്ടലില്‍ മൂന്നു യാത്രികര്‍ മരണമടഞ്ഞു. ബാക്കിയുള്ളവരെ മോചിപ്പിക്കുകയും ചെയ്തു. സൈന്യത്തെ മുമ്പില്‍ നിന്നു നയിക്കുകയും യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്‌തെങ്കിലും യോനി എന്നു സുഹൃത്തുക്കള്‍ വിളിക്കുന്ന യോനാഥന്‍ നെതന്യാഹുവിന് അവരോടൊപ്പം സന്തോഷം പങ്കുവയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല. നെഞ്ചത്ത് വെടിയേറ്റ് യുദ്ധങ്ങളില്ലാത്ത ലോകത്തേക്കു പോകുമ്പോള്‍ പ്രായം വെറും 30വയസുമാത്രം.


മൊസാദിന്റെ തൊപ്പിയിലെ പൊന്‍തൂവലായ ആ സംഭവം നടന്നിട്ട് നാലു ദശാബ്ദം പിന്നിട്ടിരിക്കുന്നു. അതുപോലെ എത്രയെത്ര സംഭവങ്ങള്‍. ഇന്ത്യയുമായി ഇസ്രയേല്‍ നല്ല ബന്ധം സൂക്ഷിക്കുന്നതുപോലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി മൊസാദിന് ദൃഡ ബന്ധമാണുള്ളത്. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനികബന്ധത്തിന്റെ വിവരങ്ങള്‍ ലഭിക്കാന്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിവരെ മൊസാദിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. മൊസാദിനെ ആസ്പദമാക്കി ധാരാളം സിനിമകളും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം മൊസാദിന്റെ ഏജന്റുമാര്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ആരാലും തിരിച്ചറിയാന്‍ കഴിയാത്തവണ്ണമുള്ള പ്രവര്‍ത്തന രീതികള്‍ ഇവരെ സുരക്ഷിതരാക്കുന്നു. മൊസാദിന്റെ ചരിത്രം തുടരുകയാണ്.mossad-israel


‘പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൌത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന’ എന്ന മൊസാദിന്റെ പ്രതിച്ഛായക്ക് 1997ല്‍ ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ കരിപുരണ്ടു. അമേരിക്കയുടെ സിഐഎയെപ്പോലും നിഷ്ഠുരതയിലും ഭീകരതയിലും കാര്യശേഷിയിലും നിഷ്പ്രഭമാക്കുന്ന ചാരസംഘടനയാണ് മൊസാദ് എന്നത് ഹോളിവുഡ് സിനിമകളുടെയും പാശ്ചാത്യമാധ്യമങ്ങളുടെയും നിര്‍മിതിമാത്രമാണെന്ന് വിളംബരം ചെയ്യുന്നതായിരുന്നു പാളിപ്പോയ ജോര്‍ദാന്‍ ഓപ്പറേഷന്‍. അമ്മാനില്‍ പ്രവാസജീവിതം നയിച്ചിരുന്ന ഹമാസ് നേതാവ് ഖാലിദ് മെഷാലിനെ വധിക്കാന്‍ വ്യാജ കനേഡിയന്‍ പാസ്പോര്‍ട്ടില്‍ രണ്ടംഗ മൊസാദ് സംഘമാണ് എത്തിയത്. ചര്‍മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന മാരകമായ ഒരു ഞരമ്പുവിഷമാണ് മൊസാദ് ഏജന്റുമാര്‍ ഖാലിദ് മെഷാലിന്റെ ചെവിയിലേക്ക് സ്പ്രേചെയ്തത്. (ഇത്തരത്തിലുള്ള വിഷപ്രയോഗങ്ങള്‍ മൊസാദിന്റെ ട്രേഡ് മാര്‍ക്കാണ്).


മൊസാദിന്റെ ഈ രണ്ടംഗസംഘത്തെ തല്‍ക്ഷണം ജോര്‍ദാന്‍ പിടികൂടി. അന്ന് ജോര്‍ദാന്‍ ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവ് ഉടനെ പ്രതിവിഷം എത്തിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നും ടെല്‍ അവീവ് മനസ്സില്‍ കാണാത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ ശക്തമായ ഭാഷയില്‍ ഹുസൈന്‍ രാജാവ് അറിയിച്ചു. ജോര്‍ദാന്‍ പിടികൂടിയ മൊസാദ് ഏജന്റുമാരെ കൈമാറാമെന്ന വ്യവസ്ഥയില്‍ നെതന്യാഹു താമസംവിനാ പ്രതിവിഷം അമ്മാനില്‍ എത്തിച്ചു. മാത്രമല്ല, ഇസ്രയേല്‍ ജയിലിലായിരുന്ന ഹമാസിന്റെ ആത്മീയനേതാവ് ശൈഖ് മുഹമ്മദ് യാസീനെ വിട്ടയക്കുകയും ചെയ്തു. ഖാലിദ് മെഷാലിനുനേരെ നടന്ന വധശ്രമത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് പരസ്യമായി നെതന്യാഹുവിന് സമ്മതിക്കേണ്ടിയും വന്നു. ‘ഉഗ്രചാരസംഘം’ എന്ന മൊസാദിന്റെ പ്രതിച്ഛായക്ക് ഈ സംഭവം വന്‍ വിള്ളല്‍വീഴ്ത്തി.ഖാലിദ് മെഷാല്‍ അതോടെ ലോകം അറിയുന്ന വ്യക്തിയായി....

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad